പാകിസ്ഥാനില്‍ മത്സരിച്ചാല്‍ രാഹുല്‍ ഗാന്ധി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും; വിവാദപ്രസ്താവനയുമായി ആചാര്യ പ്രമോദ് കൃഷ്ണം
ഗാസിയാബാദ്: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ മുന്‍ കോണ്‍ഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം. പാകിസ്ഥാനില്‍ മത്സരിച്ചാല്‍ രാഹുല്‍ ഗാന്ധി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ആചാര്യ പ്രമോദ് കൃഷ്ണം പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഏതാനും വീഡിയോകള്‍ പാകിസ്ഥാനില്‍ വൈറലായതിന് പിന്നാലെയാണ് പ്രമോദ് കൃഷ്ണത്തിന്റെ പരാമര്‍ശം.
‘പാകിസ്ഥാനില്‍ രാഹുല്‍ ഗാന്ധിക്ക് വലിയ ജനപ്രീതിയുണ്ട്. അവിടെ മത്സരിച്ചാല്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും. ഇന്ത്യന്‍ നേതാക്കളുടെയും സ്ഥാപനങ്ങളുടെയും പ്രസ്താവനകളില്‍ രാഹുല്‍ ഗാന്ധി വിശ്വസിക്കുന്നില്ല,’ പ്രമോദ് കൃഷ്ണം പറഞ്ഞു. ഐ.എ.എന്‍.എസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്ഥാന് ഇന്ത്യ ഉചിതമായ മറുപടി നല്‍കിയെന്ന് പറയുമ്പോള്‍ രാഹുല്‍ ഗാന്ധി തെളിവാണ് ചോദിക്കുന്നത്. അതേസമയം പാകിസ്ഥാനില്‍ നിന്നുള്ള ഒരു നേതാവ് എന്തെങ്കിലും ചോദിച്ചാല്‍ രാഹുല്‍ ഗാന്ധി ഉടന്‍ അത് വിശ്വസിക്കും. അതുകൊണ്ടാണ് പാകിസ്ഥാനിലുള്ളവര്‍ രാഹുലിനെ ഇത്രയധികം സ്‌നേഹിക്കുന്നതെന്നും രാഹുല്‍ ഗാന്ധിക്ക് പാകിസ്ഥാനോട് ആഴമേറിയ വാത്സല്യമുണ്ടെന്നാണ് തോന്നുന്നതെന്നും പ്രമോദ് കൃഷ്ണം പറഞ്ഞു.
ഇന്ത്യന്‍ സൈന്യത്തെയും പാര്‍ലമെന്റിനെയും ഭരണഘടനയെയും ചോദ്യം ചെയ്യുന്നത് രാഹുല്‍ ഗാന്ധി ഒരു ശീലമാക്കിയിരിക്കുകയാണെന്നും കൃഷ്ണം കുറ്റപ്പെടുത്തി. ഒരു കുട്ടി വഴി തെറ്റിപ്പോയാല്‍ നമുക്ക് ശരിയാക്കാമെന്നും എന്നാല്‍ രാഹുല്‍ പൂര്‍ണമായി തകര്‍ന്നുവെന്നാണ് തോന്നുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
പ്രമുഖമായ ഒരു കുടുംബത്തില്‍ നിന്ന് വന്നതാണെങ്കിലും രാഹുല്‍ ഗാന്ധി നന്നാകുമെന്ന് തോന്നുന്നില്ലെന്നും പ്രമോദ് കൃഷ്ണം പറഞ്ഞു. നരേന്ദ്ര മോദിയെപ്പോലുള്ള ഒരു പ്രധാനമന്ത്രി ഇതുവരെ രാജ്യത്ത് ഉണ്ടായിട്ടില്ല. ആഗോളതലത്തില്‍ മോദി ബഹുമാനവും ജനപ്രീതിയും നേടുകയാണെന്നും പ്രമോദ് കൃഷ്ണം കൂട്ടിച്ചേര്‍ത്തു.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരുന്നില്ലെങ്കില്‍ രാമക്ഷേത്രം ഉയരില്ലായിരുന്നു. പാകിസ്ഥാനെതിരെ ശക്തമായ പ്രതികരണവും ഉണ്ടാകുമായിരുന്നില്ലെന്നും പ്രമോദ് കൃഷ്ണം പറഞ്ഞു.
അതേസമയം രാഹുല്‍ ഗാന്ധി ഒരു അസാധാരണ വ്യക്തിയാണെന്നും സുപ്രീം കോടതി അദ്ദേഹത്തിന് അനുകൂലമായി വിധി പുറപ്പെടുവിച്ചാല്‍ അത് നല്ലതായിരിക്കുമെന്നും പ്രമോദ് കൃഷ്ണം പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് മുന്‍നിര്‍ത്തിയായിരുന്നു ആചാര്യ പ്രമോദ് കൃഷ്ണത്തിന്റെ പ്രതികരണം.
Content Highlight: Rahul Gandhi will win with a huge majority if he contests in Pakistan; Acharya Pramod Krishnam makes controversial statement