11
July, 2025

A News 365Times Venture

11
Friday
July, 2025

A News 365Times Venture

ക്ഷേമപെന്‍ഷന്‍ മാസംതോറും ലഭിക്കേണ്ടത് ജനങ്ങളുടെ അവകാശമാണെന്ന് കരുതുന്നതില്‍ ഇടതുപക്ഷത്തിന് അഭിമാനമേയുള്ളു- തോമസ് ഐസക്

Date:

ക്ഷേമപെന്‍ഷന്‍ മാസംതോറും ലഭിക്കേണ്ടത് ജനങ്ങളുടെ അവകാശമാണെന്ന് കരുതുന്നതില്‍ ഇടതുപക്ഷത്തിന് അഭിമാനമേയുള്ളു: തോമസ് ഐസക്

കോഴിക്കോട്: ക്ഷേമപെന്‍ഷന്‍ കൈക്കൂലിയെന്ന കെ.സി. വേണുഗോപാലിന്റെ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി മുന്‍ ധനമനന്ത്രിയും സി.പി.ഐ.എം നേതാവുമായ തോമസ് ഐസക്. കെ.സി. വേണുഗോപാലിന്റെ പ്രസ്താവന ക്ഷേമപെന്‍ഷന്‍ സംബന്ധിച്ച കോണ്‍ഗ്രസിന്റ ഉള്ളിലിരിപ്പാണ് സൂചിപ്പിക്കുന്നതെന്നും തുച്ഛമായ പെന്‍ഷന്‍തുക പോലും പാവങ്ങള്‍ക്ക് കൃത്യമായി വിതരണം ചെയ്യാന്‍ യു.ഡി.എഫ് ഒരുകാലത്തും ശ്രദ്ധിച്ചിരുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.

അങ്ങനെ പണം ചെലവഴിക്കുന്നത് യു.ഡി.എഫിന്റെ നയമല്ലെന്നും അതാണ് കേരളത്തില്‍ ക്ഷേമപെന്‍ഷന്‍ നടപ്പാക്കിയതിന്റെയോ പെന്‍ഷന്‍ തുക കാലോചിതമായി പരിഷ്‌കരിച്ചതിന്റെയോ ഒരു ക്രെഡിറ്റും യു.ഡി.എഫിന് ഇല്ലാത്തതിന്റെ കാരണമെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ ക്ഷേമപെന്‍ഷന്‍ നടപ്പിലാക്കിയത് മുതല്‍ ഇന്ന്‌ വരെയുള്ള വസ്തുതകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേരളത്തില്‍ ക്ഷേമപെന്‍ഷനുകള്‍ക്ക് തുടക്കം കുറിച്ചത് 1980ലെ ഇ.കെ. നായനാര്‍ സര്‍ക്കാരാണ്. 60 വയസ് കഴിഞ്ഞ കര്‍ഷകത്തൊഴിലാളികള്‍ക്ക് പ്രതിമാസം 45 രൂപ നിരക്കില്‍ പെന്‍ഷന്‍ അനുവദിച്ചു. അന്ന് ഇങ്ങനെ പെന്‍ഷന്‍ ഏര്‍പ്പെടുത്തുന്നത് പ്രായോഗികമല്ലെന്ന് വിമര്‍ശിച്ചത് അന്നത്തെ കോണ്‍ഗ്രസ് നേതാവ് കെ കരുണാകരനാണ്.

ആ കരുണാകരന്റെ അനുയായിട്ടാണ് കെ.സി. വേണുഗോപാല്‍ രാഷ്ട്രീയത്തില്‍ കരുത്തനായത്. ഉല്പാദനപരമല്ലാത്ത ഇത്തരം കാര്യങ്ങള്‍ക്ക് പണം ചെലവഴിക്കുന്നത് ധൂര്‍ത്താണെന്നാണ് പല പണ്ഡിതന്മാരും വിമര്‍ശിച്ചിരുന്നത്. യു.ഡി.എഫ് അവരോടൊപ്പമായിരുന്നു.

അതിനെയൊക്കെ മറികടന്നാണ് നിശ്ചയദാര്‍ഢ്യത്തോടെ ഇ.കെ. നായനാര്‍ സര്‍ക്കാര്‍ പെന്‍ഷന്‍ പദ്ധതിക്ക് തുടക്കംകുറിച്ചത്. 1982ല്‍ നായനാര്‍ സര്‍ക്കാര്‍ അധികാരമൊഴിഞ്ഞു. തുടര്‍ന്നു വന്ന കരുണാകരന്‍ സര്‍ക്കാര്‍ ഒറ്റപ്പൈസ പെന്‍ഷന്‍ കൂട്ടാന്‍ തയ്യാറായില്ല.

ഈ പെന്‍ഷന്‍ 60 രൂപയായി വര്‍ദ്ധിപ്പിക്കാന്‍ 1987ലെ ഇ.കെ. നായനാരുടെ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറുന്നതുവരെ കാത്തിരിക്കേണ്ടിവന്നു. മറ്റുചില വിഭാഗങ്ങള്‍ക്കും ക്ഷേമനിധികള്‍ രൂപീകരിക്കപ്പെട്ടു. അടുത്ത അഞ്ച് വര്‍ഷം യു.ഡി.എഫിന്റെ ഊഴമായിരുന്നു. ഒരു പൈസപോലും പെന്‍ഷന്‍ ഉയര്‍ത്തിയില്ല. 1996ലെ ഇ.കെ. നായനാര്‍ സര്‍ക്കാര്‍ പെന്‍ഷന്‍ 120 രൂപയായി വര്‍ധിപ്പിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച 120 രൂപ വയോജന പെന്‍ഷന്റെ പ്രഖ്യാപനം വന്നത് യു.ഡി.എഫിന്റെ കാലത്താണ്. അതുപോലും പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ഇ.കെ. നായനായര്‍ മുഖ്യമന്ത്രിയായി വരേണ്ടിവന്നു. 2006ലെ ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ എന്തായിരുന്നു സ്ഥിതി? അന്ന് 120 രൂപയായിരുന്ന പെന്‍ഷന്‍ 28 മാസം കുടിശിക വരുത്തിയിട്ടാണ് എ.കെ. ആന്റണി സര്‍ക്കാര്‍ അധികാരമൊഴിഞ്ഞത്. ആ കുടിശിക കൊടുത്തു തീര്‍ത്ത ശേഷമാണ് വി.എസ് സര്‍ക്കാര്‍ ഭരണം തുടങ്ങിയത്. അന്ന് അത് 500 രൂപയാക്കി ഉയര്‍ത്തി എന്നു മാത്രമല്ല, ആ സര്‍ക്കാരിന്റെ കാലത്ത് ഒരു രൂപ പോലും കുടിശികയുമുണ്ടായിരുന്നില്ല.

പിന്നീട് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വന്നു. അവരുടെ ഭരണം അവസാനിച്ചപ്പോള്‍ 600 രൂപ പെന്‍ഷന്‍ 18 മാസം കുടിശികയുമായി. ആ കുടിശിക കൊടുത്തു തീര്‍ത്തത് ഒന്നാം പിണറായി സര്‍ക്കാരാണ്. ഇതുവരെ ഒരു രൂപയും കുടിശിക വന്നിട്ടില്ലെന്നു മാത്രമല്ല, പെന്‍ഷന്‍ 600-ല്‍ നിന്ന് 1600 രൂപയായി ഉയര്‍ത്തുകയും ചെയ്തു.

2006 മുതല്‍ ഇതുവരെയുള്ള കാലമെടുത്താല്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ 110ല്‍ നിന്ന് 1600 രൂപയായി. അതില്‍ യു.ഡി.എഫ് സര്‍ക്കാര്‍ വരുത്തിയത് വെറും 100 രൂപയുടെ വര്‍ദ്ധന. അതു തന്നെ ഒന്നര വര്‍ഷം കുടിശികയുമാക്കി. ഇതാണ് യുഡിഎഫിന്റെ സംഭാവന.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 34 ലക്ഷം പേര്‍ക്ക് ആയിരുന്നു പെന്‍ഷന്‍ എങ്കില്‍ ഇന്ന് 62 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ ഉണ്ട്.

പെന്‍ഷന്‍കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുകയല്ല, ഇരട്ടിയായി വര്‍ദ്ധിപ്പിക്കുകയാണ് എല്‍.ഡി.എഫ് ചെയ്തത്. പക്ഷേ, മരിച്ചുപോയവരുടെ പെന്‍ഷന്‍ തുടര്‍ന്നും വാങ്ങുന്നതിനെതിരായി അനര്‍ഹര്‍ വാങ്ങുന്നതിനുമെതിരായി ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്.

ഇതിന്റെ ഫലമായി അര്‍ഹരായ ആര്‍ക്കെങ്കിലും പെന്‍ഷന്‍ നിഷേധിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് പുനപരിശോധിക്കുന്നതിന് ഒരു മടിയുമില്ല.
ഈ യു.ഡി.എഫും ബിജെപിയും ചേര്‍ന്നാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് മറിയച്ചേടത്തിയെ ചട്ടിക്കലവുമായി സമരത്തിന് ഇറക്കിയതെന്നത് വലിയൊരു വിരോധാഭാസമാണെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.

ക്ഷേമപെന്‍ഷനുകള്‍ ഇടതുപക്ഷത്തിന്റെ വലിയ നേട്ടമാണ്. 2021ലെ തെരഞ്ഞെടുപ്പില്‍ ക്ഷേമപെന്‍ഷനുകള്‍ ലഭിക്കുന്നവര്‍ ഇടതുപക്ഷത്തിന് വലിയ പിന്തുണ നല്‍കി. അതുകൊണ്ട് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ക്ഷേമപെന്‍ഷനുകള്‍ സംബന്ധിച്ച് വലിയ ദുഷ്പ്രചാരണമാണ് യു.ഡി.എഫ് നടത്തിയത്.

മാസംതോറും പെന്‍ഷന്‍ നല്‍കുന്നതിന് കഴിഞ്ഞില്ല. ഇത് ഇടതുപക്ഷ സര്‍ക്കാരിന്റെ അനാസ്ഥമൂലമാണെന്ന ദുഷ്പ്രചാരണമാണ് യു.ഡി.എഫ് നടത്തിയത്. ചട്ടിക്കലവുമായി ഇടങ്ങിയ മറിയച്ചേടത്തി ആയിരുന്നു യു.ഡി.എഫ് പ്രചാരണത്തിന്റെ മുഖ്യതേരാളി.

ക്ഷേമപെന്‍ഷന്‍ ജനങ്ങളുടെ അവകാശമാണ്. അത് മാസംതോറും ലഭിക്കേണ്ടത് ജനങ്ങളുടെ അവകാശമാണെന്ന് കരുതുന്നതില്‍ ഇടതുപക്ഷത്തിന് അഭിമാനമേയുള്ളൂ. കാരണം ഞങ്ങളാണ് ആ അഭിമാനം സൃഷ്ടിച്ചത്. ഇടതുപക്ഷ സര്‍ക്കാരുകളാണ് 28 മാസവും 18 മാസവും പെന്‍ഷന്‍ കുടിശികയാക്കിയ യു.ഡി.എഫിന്റെ പാരമ്പര്യം ഇല്ലാതാക്കിയത്.

കൊവിഡിനു മുന്‍പുവരെയും പെന്‍ഷന്‍ വര്‍ഷത്തില്‍ മൂന്ന്-നാല് തവണകളായിട്ടാണ് നല്‍കിവന്നത്. യു.ഡി.എഫ് ഇക്കാര്യത്തിലും കുടിശിക വരുത്തിയെന്നതാണ് അനുഭവം. 2016ലെ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ വാഗ്ദാനമായിരുന്നു പെന്‍ഷന്‍ വീട്ടില്‍ എത്തിച്ചുതരുമെന്നുള്ളത്. ആവശ്യപ്പെട്ട എല്ലാവര്‍ക്കും സഹകരണ ബാങ്കുകള്‍ വഴി പെന്‍ഷന്‍ ഇപ്പോള്‍ വീട്ടിലാണ് എത്തിക്കുന്നത്.

എന്നാല്‍ മാസംതോറും പെന്‍ഷന്‍ വീട്ടില്‍ എത്തിക്കുന്നതിന് ഒരു വലിയ വൈതരണി ഉണ്ടായിരുന്നു. പെന്‍ഷന്‍ എല്ലാ മാസവും കൃത്യദിവസം നല്‍കാന്‍ പണം ട്രഷറിയില്‍ ഉണ്ടായെന്നു വരില്ല. ഇത് മറികടക്കാന്‍ കോവിഡ് കാലത്ത് പെന്‍ഷന്‍ കമ്പനി രൂപീകരിച്ചു. തല്ക്കാലമായി കൈവായ്പയെടുത്ത് പെന്‍ഷന്‍ മുടങ്ങാതെ മാസംതോറും പെന്‍ഷന്‍ കമ്പനി നല്‍കും. സര്‍ക്കാരിന്റെ കൈയില്‍ പണം എത്തുമ്പോള്‍ കമ്പനിക്ക് തിരിച്ചുനല്‍കും.

എന്നാല്‍ യു.ഡി.എഫിന്റെ പിന്തുണയോടെ കേന്ദ്ര ബിജെപി സര്‍ക്കാര്‍ പ്രതിമാസ പെന്‍ഷന്‍ പൊളിച്ചു. അവര്‍ ഇതിനെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. പെന്‍ഷന്‍ കമ്പനി പൊളിഞ്ഞതോടെ പ്രതിമാസ പെന്‍ഷന്‍ വിതരണം താറുമാറായി. പണ്ടത്തെപ്പോലെ മൂന്ന് നാല് മാസം കുടിശികയായി.

മറ്റൊരാക്ഷേപം രണ്ടാം പിണറായി സര്‍ക്കാര്‍ ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ചിട്ടില്ലായെന്നതാണ്. ക്ഷേമ പെന്‍ഷനുകള്‍ 2500 രൂപയായി വര്‍ദ്ധിപ്പിക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതിജ്ഞാബദ്ധമാണെങ്കിലും കേന്ദ്ര സര്‍ക്കാര്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിമൂലം അതിന് സര്‍ക്കാരിന് ഇപ്പോള്‍ കഴിയുന്നില്ലെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

Content Highlight: Thomas Isaac reacts on K.C. Venugopal’s remarks on welfare pension




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related