വിരമിച്ച ജഡ്ജിമാര്‍ സര്‍ക്കാര്‍ പദവി സ്വീകരിക്കുന്നതും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും ജനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തും: ബി.ആര്‍. ഗവായ്
ലണ്ടന്‍: വിരമിച്ച ജഡ്ജിമാര്‍ സര്‍ക്കാര്‍ പദവികള്‍ സ്വീകരിക്കുന്നതും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും ശരിയല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്. ഇത്തരം നടപടികള്‍ ധാര്‍മിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുവെന്നും ജുഡീഷ്യറിയിലുള്ള പൊതുജനത്തിന്റെ വിശ്വാസത്തിന് കോട്ടം വരുത്തുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. യു.കെ. സുപ്രീം കോടതി സംഘടിപ്പിക്കുന്ന റൗണ്ട് ഡിസ്‌കഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ ലക്ഷ്യങ്ങളും സര്‍ക്കാര്‍ അവസരങ്ങളും ലക്ഷ്യമിട്ടാണ് അഭിഭാഷകര്‍ ജുഡീഷ്യല്‍ തീരുമാനങ്ങള്‍ എടുക്കുന്നത് എന്ന ധാരണ ഇത് വഴി പൊതുജനത്തിന് ഉണ്ടായേക്കാമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.
‘ഒരു ജഡ്ജി വിരമിച്ച ഉടനെ സര്‍ക്കാരിന്റെ മറ്റ് നിയമനങ്ങള്‍ ഏറ്റെടുത്താല്‍ അല്ലെങ്കില്‍ ബെഞ്ചില്‍ നിന്ന് രാജിവെച്ച് മത്സരിക്കാന്‍ തയ്യാറായാല്‍ അത് ധാര്‍മിക ആശങ്കകള്‍ ഉയര്‍ത്തുകയും പൊതുജനങ്ങളില്‍ സംശയം ജനിപ്പിക്കുകയും ചെയ്യും. ഒരു ജഡ്ജി ഒരു രാഷ്ട്രീയ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെയും നിഷ്പക്ഷതയെയും കുറിച്ച് സംശയങ്ങള്‍ക്ക് ഇടയാക്കും,’ ബി.ആര്‍. ഗവായ് പറഞ്ഞു.
വിരമിച്ചതിന് ശേഷം സര്‍ക്കാരില്‍ നിന്നുള്ള സ്ഥാനങ്ങള്‍ സ്വീകരിക്കില്ലെന്ന് താനും തന്റെ നിരവധി സഹപ്രവര്‍ത്തകരും പരസ്യമായി പ്രതിജ്ഞയെടുത്തിരുന്നതായും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.
വിരമിച്ച ജഡ്ജിമാര്‍ സര്‍ക്കാര്‍ പദവികള്‍ ഏറ്റെടുക്കുന്നത് ശരിയാണോ എന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ സജീവമാകുമ്പോഴാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. 2020ല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി വിരമിച്ച് നാല് മാസങ്ങള്‍ക്ക് ശേഷം രഞ്ജന്‍ ഗൊഗോയ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അയോധ്യ, റാഫേല്‍ കേസുകളില്‍ വിധി പറഞ്ഞ ബെഞ്ചില്‍ അംഗമായിരുന്നു രഞ്ജന്‍ ഗൊഗോയ്.
സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച് 40 ദിവസത്തിനുള്ളില്‍ ജസ്റ്റിസ് എസ്. അബ്ദുള്‍ നസീറിനെ ആന്ധ്രാപ്രദേശ് ഗവര്‍ണറായി നിയമിച്ചിരുന്നു. അയോധ്യ വിധി പുറപ്പെടുവിച്ച, നോട്ട് നിരോധനം ശരിവെച്ച ബെഞ്ചിന്റെ ഭാഗമായിരുന്നു നസീര്‍. ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിച്ചതിന് തൊട്ടുപിന്നാലെ 2014ല്‍ ജസ്റ്റിസ് പി. സദാശിവം കേരള ഗവര്‍ണറായി നിയമിതനായിരുന്നു.
Content Highlight: Retired judges accepting government posts and contesting elections will lose people’s trust: B.R. Gavai