World News
12 രാജ്യങ്ങള്‍ക്ക് പൂര്‍ണ യാത്രവിലക്കേര്‍പ്പെടുത്തി യു.എസ്; ഭൂരിഭാഗവും ആഫ്രിക്കന്‍ രാജ്യങ്ങള്‍
വാഷിങ്ടണ്‍: 12 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അഫ്ഗാനിസ്ഥാന്‍, ബര്‍മ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയല്‍ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് ട്രംപ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്.
രാജ്യത്തിന് ഉയര്‍ന്ന അപകട സാധ്യതയ്ക്ക് കാരണമാകുന്ന രാജ്യങ്ങള്‍ക്കാണ് പൂര്‍ണ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ് റിലീസില്‍ പറയുന്നത്.
പര്യാപ്തമായ സ്‌ക്രീനിങ് ഇല്ലാതിരിക്കുക, തീവ്രവാദ ബന്ധങ്ങള്‍, യു.എസ് ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സുമെന്റുമായുള്ള സഹകരണമില്ലായ്മ തുടങ്ങിയ കാരണങ്ങളാണ് വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങള്‍ക്ക് നേരെ ഉന്നയിച്ചിരിക്കുന്നത്.
കൂടാതെ ഏഴ് രാജ്യങ്ങള്‍ക്ക് ഭാഗിക നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോണ്‍, ടോഗോ, തുര്‍ക്ക്‌മെനിസ്ഥാന്‍, വെനസ്വേല എന്നിവിടങ്ങള്‍ക്ക് ഭാഗിക യാത്രാ നിയന്ത്രണവും ട്രംപ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുടിയേറ്റ-കുടിയേറ്റേതര വിസകളും പരിമിതപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.
അഫ്ഗാനിസ്ഥാന്റെ താലിബാന്‍ നിയന്ത്രണവും ഇറാന്‍, ക്യൂബ എന്നിവിടങ്ങളിലെ ഭരണകൂട ഭീകതരയും ബൈഡന്റെ ഭരണകാലത്ത് ഹെയ്തിയിലേക്കുള്ള അനധികൃത കുടിയേറ്റക്കാരുടെ കടന്നുകയറ്റം തുടങ്ങിയ വിഷയങ്ങളാണ് നിയന്ത്രണങ്ങള്‍ക്ക് കാരണമെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം.
ചാഡ്, എറിത്രിയ എന്നീ രാജ്യങ്ങള്‍ കുടിയേറ്റ നിയമങ്ങള്‍ അവഗണിച്ചുവെന്ന് ചൂണ്ടിക്കാട്ടി രാജ്യങ്ങളെ ഫ്‌ലാഗ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
Content Highlight: US imposes complete travel ban on 12 countries; most of them African countries