national news
ദല്‍ഹിയില്‍ ബക്രീദ് ബലി നല്‍കല്‍ നിരോധിച്ച് ബി.ജെ.പി സര്‍ക്കാര്‍
ന്യൂദല്‍ഹി: പൊതുസ്ഥലങ്ങളില്‍ ബക്രീദ് ബലി നല്‍കല്‍ നിരോധിച്ച് ദല്‍ഹിയിലെ ബി.ജെ.പി സര്‍ക്കാര്‍. പൊതുയിടങ്ങളില്‍ മൃഗങ്ങളെ ബലി നല്‍കുന്നതും അവയുടെ ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിക്കുന്നതും ദല്‍ഹി സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്.
പൊതു ശുചിത്വം പാലിക്കുന്നതിനും ബക്രീദ് ദിനത്തില്‍ സാമുദായിക സംഘര്‍ഷങ്ങള്‍ തടയുന്നതിനുമായാണ് നിരോധനമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
കേന്ദ്രഭരണ പ്രദേശത്ത് ‘സീറോ ടോളറന്‍സ്’ നയം നടപ്പിലാക്കുമെന്ന് വികസന മന്ത്രി കപില്‍ മിശ്രയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ അതിവേഗത്തില്‍ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായി മന്ത്രി കപില്‍ മിശ്ര അറിയിച്ചു.
ഉത്തരവിന്റെ പകര്‍പ്പ് ദല്‍ഹിയിലെ എല്ലാ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കും പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കും ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഡെവലപ്‌മെന്റ് കമ്മീഷണര്‍ക്കും അയച്ചതായി അധികൃതര്‍ പറഞ്ഞു.
മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം (1960), മൃഗങ്ങളുടെ കൈമാറ്റം (1978), കശാപ്പ് ഹൗസ് നിയമങ്ങള്‍ (2001), പശുക്കളെ കൊല്ലുന്നത് നിരോധിക്കുന്ന ദല്‍ഹി കാര്‍ഷിക കന്നുകാലി സംരക്ഷണ നിയമം (1994) എന്നിവയുടെ ഭാഗമായാണ് ഉത്തരവ്.
കൂടാതെ നിയമപ്രകാരം സംരക്ഷിക്കപ്പെട്ടതോ ബലിയര്‍പ്പിക്കാന്‍ അനുവാദമില്ലാത്തതോ ആയ പശുക്കള്‍, കന്നുകുട്ടികള്‍, ഒട്ടകങ്ങള്‍, മറ്റ് മൃഗങ്ങള്‍ എന്നിവയെ നിയമവിരുദ്ധമായി കശാപ്പ് ചെയ്യുന്നതും ദല്‍ഹി സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.
നേരത്തെ ബക്രീദ് ദിനത്തില്‍ സംഭലിലെ പൊതുസ്ഥലങ്ങളില്‍ ബലി നടത്തുന്നത് നിരോധിച്ചിരുന്നു. പൊതുസമാധാനം തകര്‍ക്കപ്പെടുമെന്ന് കാണിച്ചാണ് ജില്ല മജിസ്ട്രേറ്റ് രാജേന്ദര്‍ പെന്‍സിയ കശാപ് നിരോധിച്ചത്.
ജൂണ്‍ ഏഴിനും ഒമ്പതിനും ഇടയില്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ബലി ചടങ്ങുകള്‍ പൂര്‍ത്തിയാക്കാനും മതനേതാക്കളോട് നിര്‍ദേശിച്ചിട്ടുണ്ട്. മൃഗങ്ങളെ ബലി നടത്തുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുന്നതിനും വിലക്കുണ്ട്.
ബക്രീദ് ദിനത്തിലെ ക്രമീകരണങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഈദ് പ്രാര്‍ത്ഥനകള്‍ നടക്കുന്ന പ്രദേശങ്ങളിലെ പ്രതിനിധികള്‍ സമാധാന സമിതി യോഗം നടത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കശാപ്പ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് വരുന്നത്.
എല്ലാ പ്രതിനിധികളുമായും കൂടിയാലോചന നടത്തിയതായും മുന്‍കൂട്ടി നിശ്ചയിച്ച 19 സ്ഥലങ്ങളില്‍ മാത്രമേ ബലിയര്‍പ്പിക്കാന്‍ അനുവദിക്കൂവെന്നും നിര്‍ദേശത്തില്‍ പറഞ്ഞിരുന്നു.
മൃഗബലിക്കായി പൊതുസ്ഥലങ്ങളോ തുറസായ സ്ഥലങ്ങളോ ഉപയോഗിക്കില്ലെന്നും നിരോധിത മൃഗങ്ങളെ കൊല്ലുന്നത് വര്‍ഷങ്ങളായി നിരോധിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ജില്ല മജിസ്ട്രേറ്റ് പ്രതികരിച്ചിരുന്നു.
Content Highlight: BJP government bans Bakrid sacrifice in Delhi