ഷിബിന്‍ വധക്കേസ്; ലീഗ് പ്രവര്‍ത്തകനായ ഒന്നാംപ്രതി ഇസ്മായിലിനായി റെഡ് കോര്‍ണര്‍ നോട്ടീസ്
തിരുവനന്തപുരം: കോഴിക്കോട് തൂണേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ സി.കെ. ഷിബിന്‍ കൊല്ലപ്പെട്ട കേസില്‍ ഒന്നാം പ്രതിക്കായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കി.
തെയ്യമ്പാടി ഇസ്മായിലിനെ കണ്ടെത്തുന്നതിനായാണ് ആഭ്യന്തര വകുപ്പ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കിയത്. ഇസ്മായില്‍ നിലവില്‍ വിദേശത്ത് ഒളിവിലാണ്.
നേരത്തെ ഇസ്മായിലിനെ നാട്ടിലെത്തിക്കാന്‍ നാദാപുരം പൊലീസ് അമാന്തം കാണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഷിബിന്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നു.
ഇതിനുപിന്നാലെയാണ് ആഭ്യന്തര വകുപ്പ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്. ഇസ്മായിലിനെതിരെ ഹൈക്കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിന് പിന്നാലെയാണ് നടപടി.
ഷിബിന്‍ വധക്കേസില്‍ 2024 ഒക്ടോബറില്‍ ഇസ്മായില്‍ ഉള്‍പ്പെടെ ഏഴ് ലീഗ് പ്രവര്‍ത്തകരെ ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
കേസിലെ രണ്ടാം പ്രതി തെയ്യമ്പാടി മുനീര്‍, നാലാം പ്രതി വാറങ്കി താഴെ കുനിയില്‍ സിദ്ദിഖ്, അഞ്ചാം പ്രതി മുഹമ്മദ് അനീസ്, ആറാം പ്രതി കുനി ശുഹൈബ്, പതിനഞ്ചാം പ്രതി കൊഞ്ചന്റവിട ജാസിം, പതിനാറാം പ്രതി കടയങ്കോട്ടുമ്മല്‍ സമദ് എന്നിവരെയാണ് ഹൈക്കോടതി ശിക്ഷിച്ചത്. ഇവര്‍ ഇപ്പോള്‍ ജയിലിലാണ്.
വിചാരണ കോടതി സംശയത്തിന്റെ ആനുകൂല്യത്തില്‍ വിട്ടയച്ച പ്രതികള്‍ കേസില്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തുകയായിരുന്നു. എന്നാല്‍ വിദേശത്തേക്ക് കടന്ന ഒന്നാം പ്രതി ഇസ്മായില്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ഇയാള്‍ക്കെതിരെ പൊലീസ് അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിരുന്നു.
2015 ജനുവരി 22നാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന ഷിബിനെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നത്. തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിചാരണ കോടതി പ്രതികളെ വെറുതെ വിട്ടത്. തുടര്‍ന്ന് 2016 മെയില്‍ പ്രതികള്‍ വിദേശത്തേക്ക് പോകുകയും ചെയ്തു.
Content Highlight: Shibin murder case; Red corner notice issued for first accused Ismail, a League activist