ഉക്രൈനില്‍ വീണ്ടും വ്യോമാക്രമണം; ആറ് പേര്‍ കൊല്ലപ്പെട്ടു, 80 ഓളം പേര്‍ക്ക് പരിക്ക്
കീവ്: ഉക്രൈനിലെ കീവില്‍ വീണ്ടുമുണ്ടായ റഷ്യന്‍ വ്യോമാക്രമണത്തില്‍ ആറ് പേര്‍ മരിച്ചു. ഡ്രോണ്‍ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 80 ഓളം പേര്‍ക്ക് പരിക്കേറ്റതായുമാണ് വിവരം.
മിസൈലുകളും ഡ്രോണുകളും ഉള്‍പ്പെട്ട ആക്രമണമാണ് ഉണ്ടായതെന്ന് ഉക്രൈന്‍ പ്രസിഡന്റ വ്‌ളോദിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. ചെര്‍ണിവില്‍ നടന്ന ആക്രമണത്തില്‍ രണ്ട് പേരും ലുട്‌സ്‌കില്‍ നടന്ന ആക്രമണത്തില്‍ ഒരാളും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
കീവില്‍ കൊല്ലപ്പെട്ടത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ആളുകളാണെന്നും ആക്രമണം തുടര്‍ന്നതോടെയായിരുന്നു ദാരുണാന്ത്യമെന്നും സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.
മറ്റ് നിരവധി പട്ടണങ്ങളിലും ആക്രമണമുണ്ടായെന്നും രാജ്യവ്യാപകമായി 80 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും പലരും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
407 ഡ്രോണുകളാണ് റഷ്യ ഉപയോഗിച്ചതെന്നും ഒറ്റൊരാക്രമണത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ സംഖ്യകളില്‍ ഒന്നാണിതെന്നും വ്യോമസേന അറിയിച്ചു. 45 ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകളും പ്രയോഗിച്ചതായും വ്യോമസേന അറിയിച്ചു.
അതേസമയം റഷ്യയില്‍ ഉക്രൈന്‍ നടത്തിയ ആക്രമണത്തില്‍ ബോംബര്‍ വിമാനങ്ങളുള്‍പ്പെടെ തകര്‍ന്നതിന് പിന്നാലെ തിരിച്ചടിക്കുമെന്ന് റഷ്യ അറിയിച്ചിരുന്നു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വഴി ഇക്കാര്യം വ്‌ളാദിമിര്‍ പുടിന്‍ അറിയിച്ചതിന് പിന്നാലെയാണ് കീവില്‍ ആക്രമണം നടന്നത്.
തങ്ങളുടെ വിമാനങ്ങള്‍ തകര്‍ന്നതിന് പകരമായി ഉക്രൈനിലെ സാധാരണക്കാരെയാണ് റഷ്യ ആക്രമിച്ചതെന്ന് വിദേശകാര്യ മന്ത്രി ആന്‍ഡ്രി സിബിഹ എക്‌സില്‍ കുറിച്ചു. ബഹുനില കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും നശിച്ചുവെന്നും ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ റഷ്യയില്‍ ഉക്രൈന്‍ ഭീകര പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് പറഞ്ഞതിനെതിരെയാണ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഉക്രൈന്‍ ആക്രമണം നടത്തിയതെന്ന് റഷ്യ ആരോപിച്ചു.
Content Highlight: Another airstrike in Ukraine; Six killed, over 80 injured