യുദ്ധങ്ങള്‍ തിരിച്ചടിയായി; കഴിഞ്ഞ 20 മാസത്തിനുള്ളില്‍ ഇസ്രഈല്‍ യു.എസില്‍ വിറ്റഴിച്ച ബോണ്ടുകളില്‍ റെക്കോഡ് വര്‍ധനവ്
വാഷിങ്ടണ്‍: ഇസ്രഈല്‍ യു.എസില്‍ വന്‍തോതില്‍ ബോണ്ടുകള്‍ വിറ്റഴിക്കുന്നതായി റിപ്പോര്‍ട്ട്. ഗസയിലെ യുദ്ധം ആരംഭിച്ചതിന് ശേഷം കഴിഞ്ഞ 20 മാസത്തിനുള്ളില്‍ സര്‍വകാല റെക്കോര്‍ഡിലാണ് ഈ വിറ്റഴിക്കലെന്ന് ബ്ലുംബര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇസ്രഈല്‍ സര്‍ക്കാരിന്റെ യു.എസ് അധിഷ്ടിത ബോണ്ട് ബ്രോക്കറായ ഇസ്രഈല്‍ ബോണ്ടിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 20 മാസത്തിനുള്ളില്‍ അഞ്ച് ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ബോണ്ടുകള്‍ അവര്‍ വിറ്റഴിച്ചെന്നാണ് പറയുന്നത്. ഇത് ഇക്കാലയളവില്‍ സാധാരണ വിറ്റഴിക്കുന്നതിന്റെ ഇരട്ടിയാണ്.
ഇസ്രഈല്‍ ബോണ്ട്‌സ് ഇസ്രഈല്‍ ധനകാര്യ മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്താണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ യു.എസിലെ ബോണ്ടുകള്‍ റീട്ടെയില്‍, സ്ഥാപന നിക്ഷേപകര്‍ എന്നിവര്‍ക്കാണ് ഇസ്രഈല്‍ വില്‍ക്കുന്നത്. ബ്ലുംബര്‍ഗിന്റെ റിപ്പോര്‍ട്ടുകള്‍ പ്രാകാരം അഞ്ച് വര്‍ഷം കാലാവധിയുള്ള ഇസ്രഈലി ബോണ്ടിന് 4.86% മുതല്‍ 5.44% പലിശയുണ്ട്.
ഗസയിലെ യുദ്ധം ഇസ്രഈല്‍ ഭരണകൂടത്തെ സാമ്പത്തികമായി തളര്‍ത്തിയെന്ന് വ്യക്തമാക്കുന്നതാണ് ബ്ലുംബര്‍ഗിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ കേവലം ഗസയില്‍ മാത്രമല്ല പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളില്‍ ഇസ്രഈല്‍ നടത്തുന്ന ഓപ്പറേഷനുകള്‍ അവര്‍ക്ക് തന്നെ തിരിച്ചടിയായി എന്നതാണ് ഈ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഗസയിലെ യുദ്ധത്തോടൊപ്പം, ഇസ്രഈല്‍ ലെബനനില്‍ ഹിസ്ബുല്ലയുമായും യുദ്ധം നടത്തുന്നുണ്ട്. സിറിയയിലും ഇക്കാലയളവില്‍ ഇസ്രഈല്‍ ആക്രമണം നടത്തിയിട്ടുണ്ട്. 2024 ല്‍ ഇറാനുമായി നേരിട്ട് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളും നടത്തിയിരുന്നു.
അതേസമയം ഇസ്രഈല്‍ യുദ്ധാവശ്യങ്ങള്‍ക്കായി കോടികള്‍ ചെലവഴിക്കുമ്പോള്‍ ഗസ കടുത്ത ഭക്ഷ്യക്ഷാമമാണ് നേരിടുന്നത്. ഗസയിലെ ഭക്ഷ്യക്ഷാമം തുറന്നുപറഞ്ഞ ഫലസ്തീന്‍ യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
ഏറെ നാളുകള്‍ക്ക് ശേഷം തന്റെ മകള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള പാര്‍ലെജി ബിസ്‌ക്കറ്റ് വാങ്ങി നല്‍കിയതിന്റെ സന്തോഷമാണ് മുഹമ്മദ് ജവാദ് എന്ന യുവാവ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഗസയില്‍ ഒരു പാര്‍ലെജിയുടെ പാക്കറ്റിന് 2342 രൂപയാണെന്നാണ് ജവാദ് പറഞ്ഞത്.
Content Highlight: Israel has sold record amount of debt in US since war started in Gaza