Trending
പൊതുസ്ഥലങ്ങളില്‍ നായയെ നടത്തുന്നതിനുള്ള വിലക്ക് 18 നഗരങ്ങളിലേക്ക് വ്യാപിപ്പിച്ച് ഇറാന്‍; വാഹനങ്ങളില്‍ കൊണ്ടുപോകുന്നതിനും നിരോധനം
ടെഹ്‌റാന്‍: പൊതുസ്ഥലങ്ങളില്‍ നായയെ നടത്തുന്നതിനുള്ള വിലക്ക് തലസ്ഥാന നഗരമായ ടെഹ്‌റാന് പുറമെ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിച്ച് ഇറാന്‍. പൊതുജനാരോഗ്യം, സാമൂഹിക ക്രമം, സുരക്ഷാ ആശങ്കകള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് ഇറാനിയന്‍ അധികൃതര്‍ പല നഗരങ്ങളിലും നായ്ക്കളെ പൊതുസ്ഥലത്ത് നടത്തുന്നതിനുള്ള നിരോധനം ഏര്‍പ്പെടുത്തിയതെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ പറയുന്നു.
ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ നായ്ക്കളെ നടത്താന്‍ കൊണ്ടുപോകുന്നത് 2019ലെ പോലീസ് നിര്‍ദേശത്തെ തുടര്‍ന്നാണ് വിലക്കിയത്. ഇത് ഇസ്ഫഹാന്‍, കെര്‍മാന്‍ തുടങ്ങിയ 18 നഗരങ്ങളിലേക്കും വ്യാപിപ്പിക്കുകയാണുണ്ടായത്. പൊതുസ്ഥലങ്ങളിലെ നടത്തം നിരോധിച്ചതിന് പുറമെ നായ്ക്കളെ വാഹനങ്ങളില്‍ കൊണ്ട് പോകുന്നതിനും വിലക്കുണ്ട്.
1979ലെ ഇറാനിലെ ഇസ്‌ലാമിക വിപ്ലവം മുതല്‍ നായ്ക്കളെ സ്വന്തമാക്കുന്നതും നടത്തുന്നതും ഇറാനില്‍ തര്‍ക്കവിഷയമാണ്. എന്നാല്‍ നായ്ക്കളുടെ ഉടമസ്ഥാവകാശം പൂര്‍ണമായും നിരോധിക്കുന്ന ഒരു നിയമവും രാജ്യത്തില്ല. പക്ഷെ അധികാരികള്‍ നായ്ക്കളെ അശുദ്ധമായി കണക്കാക്കുകയും പാശ്ചാത്യ സാംസ്‌കാരത്തിന്റെ സ്വാധീനമായും വിലയിരുത്തുന്നു.
നായയെ വളര്‍ത്തുന്നതിനെ നിരുത്സാഹപ്പെടുത്തുന്നതിനുള്ള പ്രചാരണത്തിന്റെ ഭാഗമാണ് ഈ നിയന്ത്രണമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ വിലക്കുകള്‍ക്കിടയിലും നായയെ സ്വന്തമാക്കുന്നവരുടെ എണ്ണം യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരികയാണ്. ഭരണകൂടത്തിനെതിരായ ഒരു തരത്തിലുള്ള കലാപമായാണ് ഇതിനെ കാണുന്നത്.
പുതിയ നിയമങ്ങള്‍ ലംഘിക്കുന്ന ആളുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.
2021ല്‍ 75 നിയമനിര്‍മാതാക്കള്‍ വളര്‍ത്തുമൃഗങ്ങളുടെ ഉടമസ്ഥതയെ വിനാശകരമായ സാമൂഹിക പ്രശ്‌നമായി അപലപിച്ചിരുന്നു. ഇത് ഇറാനിലെ ഇസ്‌ലാമിക ജീവിതരീതിയെ മാറ്റുമെന്നായിരുന്നു അവരുടെ വിലയിരുത്തല്‍.
Content Highlight: Iran extends ban on dog-walking for another cities