ബേപ്പൂര്‍ തീരത്തിന് സമീപം കപ്പലിന് തീപ്പിടിച്ചു; 50 ഓളം കണ്ടെയ്‌നറുകള്‍ കടലില്‍ പതിച്ചതായും റിപ്പോര്‍ട്ട്
കോഴിക്കോട്: കോഴിക്കോട് ബേപ്പൂര്‍ തീരത്തിന് സമീപം കപ്പലിന് തീപ്പിടച്ചതായി റിപ്പോര്‍ട്ട്. 22 ഓളം ജീവനക്കാരാണ് കപ്പലില്‍ ഉള്ളതെന്നാണ് സൂചന.
കപ്പലിലെ 50 ഓളം കണ്ടെയ്‌നറുകള്‍ കടലില്‍ പതിച്ചതായും വിവരമുണ്ട്. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന കപ്പലിനാണ് തീപ്പിടിച്ചത്.
ബേപ്പൂര്‍ തീരത്ത് നിന്ന് 45 നോട്ടിക്കല്‍ മൈല്‍ ദൂരത്തിലാണ് അപകടം ഉണ്ടായത്. സിങ്കപ്പൂര്‍ കപ്പലിനാണ് തീപ്പിടിച്ചത്. കൊച്ചിയില്‍ നിന്ന് നേവിയുടെയും കോസ്റ്റ്ഗാര്‍ഡിന്റേയും കപ്പലുകള്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ഡോണിയര്‍ വിമാനങ്ങള്‍ ഇതിനകം സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഒരു മാസത്തിനിടെ രണ്ടാമത്തെ ചരക്ക് കപ്പലാണ് അപകടത്തില്‍പ്പെടുന്നത്.
കപ്പലിലെ ജീവനക്കാര്‍ പ്രാണരക്ഷാര്‍ത്ഥം കടലില്‍ ചാടിയതായും റിപ്പോര്‍ട്ടുകളുണ്ട്. 650 ഓളം കണ്ടെയ്‌നറുകളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. കണ്ണൂരിനും കോഴിക്കോടിനുമിടയിലാണ് അപകടം നടന്നത്. കപ്പലില്‍ അപകടകരമായ വസ്തുക്കള്‍ ഇല്ലെന്നാണ് വിവരം.
വാന്‍ഹായ് 503 എന്ന സിങ്കപ്പൂര്‍ മദര്‍ഷിപ്പാണ് അപകടത്തില്‍പെട്ടത്. കപ്പലിന്റെ മധ്യഭാഗത്താണ് തീപ്പിടിച്ചത്. കപ്പലില്‍ മ്യാന്മാര്‍, ഇന്തോനേഷ്യന്‍, ചൈനീസ് ജീവനക്കാരാണ് ഉണ്ടായിരുന്നത്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കോഴിക്കോട്, എറണാകുളം ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2005ലാണ് അപകടത്തില്‍പ്പെട്ട കപ്പല്‍ നിര്‍മിച്ചത്. ജീവനക്കാരെ കേരള തീരത്ത് ചികിത്സയ്ക്ക് എത്തിച്ചാല്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Content Highlight: Ship catches fire near Beypore coast; reports suggest around 50 containers have fallen into the sea