Kerala News
അധികാരത്തോടുള്ള ദാസ്യം, നിലമ്പൂരില്‍ വോട്ടില്ലാത്തതിനാല്‍ കണ്ണീരൊഴുക്കുന്ന എഴുത്തുകാരെ ഓര്‍ത്ത് പൊട്ടിക്കരഞ്ഞു പോകുന്നു: പി.എഫ്. മാത്യൂസ്
കോഴിക്കോട്: എം. സ്വരാജിന് പിന്തുണയറിയിച്ച കെ. ആര്‍ മീരയടക്കമുള്ള എഴുത്തുകാരുടെ പരാമര്‍ശത്തില്‍ പരോക്ഷ വിമര്‍ശനവുമായി എഴുത്തുകാരന്‍ പി.എഫ് മാത്യൂസ്. നിലമ്പൂര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സ്വരാജിന് പിന്തുണയറിയിച്ച് കെ.ആര്‍ മീരയടക്കമുള്ള എഴുത്തുകാരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പശ്ചാത്തലത്തിലാണ് വിമര്‍ശനം.
നിലമ്പൂരില്‍ വോട്ടില്ലാത്തതിനാല്‍ കണ്ണീരൊഴുക്കുകയും വാവിട്ടു കരയുകയും ചെയ്യുന്ന എഴുത്തുകാരെ ഓര്‍ത്ത് പൊട്ടിക്കരഞ്ഞു പോകുന്നുവെന്നും അധികാരത്തോടുള്ള ദാസ്യം എന്നല്ലാതെ മറ്റൊന്നും പറയാനില്ലെന്നുമാണ് പി.എഫ് മാത്യൂസ് കുറിച്ചത്.
അതേസമയം അവഹേളനവും സ്വഭാവഹത്യയുമാണ് രാഷ്ട്രീയപ്രവര്‍ത്തനം എന്ന് വിശ്വസിച്ച് എഫ്.ബിയിലും ചാനലുകളിലും മംഗലശേരി നീലകണ്ഠന്‍മാരും അയ്യപ്പന്‍കോശിമാരുമായി ആറാടുന്നവരോടു ജനാധിപത്യ മര്യാദയെ കുറിച്ചു പറഞ്ഞുകൊണ്ട് പ്രചാരണം തുടങ്ങിയതിനു എം.സ്വരാജിന് നന്ദിയെന്ന് കെ.ആര്‍ മീര ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
മികച്ച എതിരാളിയെ ചോദിച്ചു വാങ്ങിയ കോണ്‍ഗ്രസിന് പ്രത്യേകം അഭിനന്ദനമെന്നും കുറിപ്പില്‍ എഴുത്തുകാരി പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം നിലമ്പൂരില്‍ നടന്ന സ്വരാജിനൊപ്പം സംഗമം ഉദ്ഘാടനം ചെയ്തതും കെ.ആര്‍ മീരയായിരുന്നു. ഇതിന് പിന്നാലെയാണ് പി.എഫ് മാത്യൂവിന്റെ വിമര്‍ശനം.
സ്വരാജിനെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു കെ.ആര്‍ മീര ഇത്തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
നിലമ്പൂരില്‍ വോട്ടവകാശം ഉണ്ടായിരുന്നുവെങ്കില്‍ ഞാന്‍ തീര്‍ച്ചയായും സഖാവ് സ്വരാജിന് വോട്ട് ചെയ്യുമായിരുന്നുവെന്ന് എഴുത്തുകാരി ഹരിത ഇവാന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. മത്സരിക്കുന്നവരില്‍ ഏറ്റവും മികച്ച സ്ഥാനാര്‍ഥി അദ്ദേഹമാണ് എന്ന ഉത്തമ വിശ്വാസം തന്നെയാണ് അതിനു കാരണമെന്നും അവര്‍ പറഞ്ഞിരുന്നു.
‘അതിപ്രശസ്തരായ ധാരാളം എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും സഖാവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതില്‍ എന്റെ മാത്രം ഫോട്ടോ തിരഞ്ഞെടുത്തു സ്ഥാനമോഹിയാണ് എന്ന അര്‍ത്ഥത്തില്‍ പോസ്റ്റുകള്‍ ഇട്ട് സൈബര്‍ ആക്രമണത്തിന് വഴിയൊരുക്കുന്നതിന്റെ പിന്നിലെ മനഃശാസ്ത്രം എന്താണ് എന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല,’ ഹരിത കുറിച്ചു. എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഈ പോസറ്റ് പങ്കുവെക്കുകയും ചെയ്തിരുന്നു.
Content Highlight: Slavery to power, I burst into tears remembering the writers who shed tears because they did not have votes in Nilambur: P.F. Mathews