World News
അമേരിക്കയെ ജീവനോടെ നിലനിർത്തുന്നത് കുടിയേറ്റ സംഘങ്ങളാണ്: ഹാർവാർഡ് ബിരുദദാന ചടങ്ങിൽ മലയാളി ഡോക്ടർ
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങൾക്കെതിരെ ഹാർവാർഡ് സർവകലാശാലയിൽ ശബ്ദമുയർത്തി മലയാളി ഡോക്ടർ. ഹാർവാർഡ് സർവകലാശാലയുടെ 374-ാമത് ഉദ്ഘാടന ചടങ്ങിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളി ഡോക്ടറും എഴുത്തുകാരനും, സ്റ്റാൻഫോർഡ് പ്രൊഫസറുമായ എബ്രഹാം വർഗീസാണ് ഹാർവാർഡ് ബിരുദദാന ചടങ്ങിൽ പ്രസംഗം നടത്തിയത്.
അന്താരാഷ്ട്ര വിദ്യാർത്ഥികളെയും സ്കോളേഴ്സിനെയും സ്വീകരിക്കാനുള്ള ഹാർവാർഡിന്റെ അവകാശം എടുത്തുകളയുന്ന ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ് തടയുന്ന താത്ക്കാലിക ഉത്തരവ് ബോസ്റ്റണിലെ ഒരു ജഡ്ജി നീട്ടിയതിന് പിന്നാലെയാണ് പരിപാടി നടന്നത്. കുടിയേറ്റക്കാർക്കെതിരെ ട്രംപ് ഭരണകൂടം എടുക്കുന്ന നടപടികൾക്കിടയിൽ ഒരു കുടിയേറ്റക്കാരനായ തന്നെ ഹാർവാർഡിലെ ബിരുദധാരികൾ കേൾക്കുന്നത് വളരെ ഉചിതമാണെന്ന് എബ്രഹാം വർഗീസ് പറഞ്ഞു.
സമീപ കാലത്ത് തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിന്നതിനാൽ ഹാർവാർഡിന് ഒരുപാട് ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ അവയെല്ലാം അവർ ശക്തമായി നേരിട്ടെന്നും അദ്ദേഹം പറഞ്ഞു. സമീപകാല സംഭവങ്ങൾക്കൊന്നും നിങ്ങൾ ഓരോരുത്തരും ഇവിടെ നേടിയ നേട്ടങ്ങളെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് പറഞ്ഞ അദ്ദേഹം ഹാർവാർഡിന് പുറമെയുള്ള നിരവധി പേരുടെ ആശംസകൾ ബിരുദധാരികൾക്കുണ്ടെന്നും പറഞ്ഞു.
‘സർക്കാരിന്റെ കഠിനമായ നടപടികളുടെ പരമ്പര അമേരിക്കയെയും ലോകമെമ്പാടുമുള്ള നിരവധിപേർക്കും ഒരുപാട് വേദനക്കും ദുരിതങ്ങൾക്കും കാരണമായിട്ടുണ്ട്. ഇനിയും കൂടുതൽ കാര്യങ്ങൾ ഉണ്ടായേക്കാം. നിങ്ങളുൾപ്പെടെ നിരവധി ആളുകൾക്ക് കോപവും നിരാശയും അനുഭവപ്പെടുന്നുണ്ടാകണം.
പക്ഷേ ഈ കോപം നമ്മെ പ്രധാനപ്പെട്ട ഒരു കാര്യം ഓർമ്മിപ്പിക്കണം, അമേരിക്കയിൽ കാര്യങ്ങൾ മികച്ച രീതിയിൽ നടക്കുന്നവെന്ന നമ്മൾ വിശ്വസിച്ചിരുന്നു. അതുകൊണ്ട് തന്നെ എല്ലാം നിസാരമായി കണ്ടിരുന്നു. സത്യത്തിനായി സമർപ്പിതരായ ആളുകളെ നമുക്ക് എത്രമാത്രം ആവശ്യമാണെന്ന് നിലവിലെ സാഹചര്യം നമ്മെ ഓർമ്മിപ്പിക്കുന്നു. പ്രത്യേകിച്ച് നുണകൾ സാധാരണമായി തുടങ്ങിയിരിക്കുന്ന ഈ സമയത്ത്,’ അദ്ദേഹം പറഞ്ഞു.
തന്നെ ഹാർവേർഡ് പ്രസിഡന്റ് അലൻ എം. ഗാർബർ പ്രസംഗിക്കാനായി ക്ഷണിച്ചപ്പോൾ താൻ ആദ്യം ആലോചിക്കട്ടെ എന്നായിരുന്നു പറഞ്ഞതെന്നും പിന്നീട് സമ്മതിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘2025ൽ നാമെല്ലാവരും അഭിമുഖീകരിക്കുന്ന സാഹചര്യമാണ് പ്രസിഡന്റ് ഗാർബറിനോട് ഒടുവിൽ സമ്മതം എന്ന് പറയാൻ എന്നെ പ്രേരിപ്പിച്ചത്. നിയമപരമായ കുടിയേറ്റക്കാരും ഈ രാജ്യത്ത് നിയമപരമായി താമസിക്കുന്ന മറ്റുള്ളവരും നിരവധി അന്താരാഷ്ട്ര വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ അന്യായമായി അറസ്റ്റ് ചെയ്യപ്പെടുമെന്നോ നാടുകടത്തപ്പെടുമെന്നോ എന്ന ഭയപ്പെടുന്ന സാഹചര്യമാണിത്. ഈ സാഹചര്യത്തിൽ എന്നെപ്പോലുള്ള ഒരു കുടിയേറ്റക്കാരനിൽ നിന്ന് നിങ്ങൾ കേൾക്കുന്നത് ഉചിതമായിരിക്കും.
ഈ രാജ്യത്തെ ഡോക്ടർമാരിൽ നാലിലൊന്നിൽ കൂടുതൽ വിദേശ മെഡിക്കൽ ബിരുദധാരികളാണ്. ആ വിദേശ ഡോക്ടർമാരിൽ പലരും മറ്റുള്ളവർക്ക് അഭികാമ്യമല്ലാത്ത സ്ഥലങ്ങളിൽ സ്ഥിരതാമസമാക്കുന്നു, അവിടെ പ്രവർത്തിക്കുന്നു.
അമേരിക്കയെ ഏറ്റവും മനോഹരമാക്കുന്ന ഒരു ഭാഗം എന്നത്, ഈ രാജ്യം കുടിയേറ്റക്കാർക്ക് അഭിവൃദ്ധി പ്രാപിക്കാൻ അവസരം ഒരുക്കുന്നു എന്നതാണ്. അതേസമയം കുടിയേറ്റക്കാരുടെ തലമുറകളും അവരുടെ കുട്ടികളും അമേരിക്കയെ മഹത്തരമായി നിലനിർത്തുകയും ചെയ്തിട്ടുണ്ട്.
അമേരിക്ക ഈ കുടിയേറ്റക്കാരന് എഴുത്തുകാരൻ എന്ന നിലയിൽ ശബ്ദം കണ്ടെത്താൻ അവസരം നൽകി. ഞാൻ ആരാധിക്കുന്ന, ഞാൻ പരിചയപ്പെട്ട, അന്തരിച്ച നോവലിസ്റ്റ് ഇ.എൽ. ഡോക്ടറോയെ പറഞ്ഞൊരു കാര്യമുണ്ട്. ഈ അവസരത്തിൽ ഞാനത് പറയട്ടെ, ഈ രാജ്യത്തെ ജീവനോടെ നിലനിർത്തുന്നത് കുടിയേറ്റ സംഘങ്ങളാണ്,’ എബ്രഹാം വർഗീസ് പറഞ്ഞു.
1996 ന് ശേഷം ഹാർവാർഡിൽ ബിരുദദാന പ്രസംഗം നടത്തുന്ന ഡോക്ടറാണ് എബ്രഹാം വർഗീസെന്ന് ഹാർവാർഡിലെ വിദ്യാർത്ഥികൾ നടത്തുന്ന പത്രമായ ദി ഹാർവാർഡ് ക്രിംസൺ റിപ്പോർട്ട് ചെയ്തു. നോബൽ സമ്മാന ജേതാവായ ശാസ്ത്രജ്ഞനും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ മുൻ ഡയറക്ടറുമായ ഹരോൾഡ് ഇ. വാർമസായിരുന്നു ഹാർവാർഡിൽ ആദ്യമായി ബിരുദദാന പ്രസംഗം നടത്തിയ ഡോക്ടർ.
ഫിക്ഷൻ, നോൺ ഫിക്ഷൻ എന്നീ മേഖലകളിലും ക്ലിനീഷ്യൻ, അധ്യാപകൻ എന്നീ നിലകളിലും എബ്രഹാം വർഗീസ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ടെന്ന് ഹാർവാർഡ് പ്രസിഡന്റ് അലൻ എം. ഗാർബർ പറഞ്ഞു.
കേരളത്തിൽനിന്ന് എത്യോപ്യയിലെത്തിയ അധ്യാപക ദമ്പതികളുടെ മകനായി എത്യോപ്യയുടെ തലസ്ഥാന നഗരമായ അഡിസ് അബാബയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ചക്രവർത്തി ഹെയ്‌ലി സെലാസിയുടെ ഭരണകാലത്താണ് അദ്ദേഹം വളർന്നത്. എത്യോപ്യയിൽ അദ്ദേഹം മെഡിക്കൽ സ്കൂൾ ആരംഭിച്ചെങ്കിലും 1970 കളിൽ അക്രമാസക്തമായ സൈനിക സ്വേച്ഛാധിപത്യത്താൽ സെലാസിയെ അട്ടിമറിച്ചപ്പോൾ അദ്ദേഹം രാജ്യം വിട്ട് പലായനം ചെയ്തുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Content Highlight: Immigrant groups are what keep America alive: Malayali speaks at Harvard graduation ceremony