മലപ്പുറത്ത് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: മലപ്പുറത്ത് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. വിഷയമുന്നയിച്ച് ജില്ലാ പൊലീസ് മേധാവിക്കും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്കും കമ്മീഷൻ നോട്ടീസയച്ചു. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചു.
ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കെ.എസ്.ഇ.ബി ലൈനില്‍ നിന്ന് നേരിട്ട് പന്നിക്കെണിയിലേക്ക് വൈദ്യുതിക്കായി ലൈന്‍ വലിച്ചുവെന്നും ഇതാണ് വിദ്യാർത്ഥിയുടെ മരണത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം.
അപകടത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അനന്തുവാണ് മരിച്ചത്. അനന്തുവിന്റെ ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികള്‍ക്കും പരിക്കേറ്റിരുന്നു. ഇവരുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നാണ് വിവരം.
ബന്ധുക്കളായ അഞ്ച് കുട്ടികള്‍ ഫുട്ബോള്‍ കളി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഇതിനിടെ മീന്‍പിടിക്കാന്‍ പോയപ്പോഴാണ് ഷോക്കേറ്റതെന്ന് ചികിത്സയില്‍ കഴിയുന്ന ഒരു കുട്ടി പ്രതികരിച്ചതായും വിവരം വന്നിരുന്നു. നിലവില്‍ പരിക്കേറ്റ ഒരു കുട്ടി നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും മറ്റൊരാള്‍ പാലാട് സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.
സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. മുഖ്യപ്രതിയായ വഴിക്കടവ് സ്വദേശി വിനീഷ് ഉള്‍പ്പെടെ രണ്ട് പേരെ പൊലീസ് ചോദ്യം ചെയ്യുകയാണെന്നും വഴിക്കടവ് പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. കാട്ടുപന്നിയെ പിടികൂടുന്നതിനായി കെണി വെച്ചവരാണ് കസ്റ്റഡിയിലുള്ളതെന്നായിരുന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്.
സംഭവത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യാ വകുപ്പ് പ്രകാരം വഴിക്കടവ് പൊലീസ് കേസെടുത്തിരുന്നു. ബി.എന്‍.എസ് 105 പ്രകാരമാണ് കേസെടുത്തത്. .എഫ്.ഐ.ആറില്‍ പ്രതിയായി ആരുടേയും പേര് പരാമര്‍ശിച്ചിട്ടില്ലെന്നും വിവരം ലഭിച്ചിരുന്നു.
Content Highlight: Malappuram student dies of shock; Human Rights Commission registers case