national news
പ്രായപൂർത്തിയായ വ്യക്തികളുടെ മിശ്രവിവാഹങ്ങളിൽ സംസ്ഥാനങ്ങൾക്ക് ഇടപെടാൻ കഴിയില്ല: സുപ്രീം കോടതി
ന്യൂദൽഹി: മിശ്രവിവാഹങ്ങളിൽ സംസ്ഥാനങ്ങൾക്ക് ഇടപെടാൻ കഴിയില്ലെന്ന് സുപ്രീം കോടതി. മിശ്രവിവാഹിതരായതിന് ആറ് മാസത്തോളം ജാമ്യം നൽകാതിരുന്ന ഉത്തരാഖണ്ഡ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തായിരുന്നു സുപ്രീം കോടതിയുടെ പരാമർശം.
ഹിന്ദു സ്ത്രീയെ വിവാഹം കഴിച്ചതിന് ആറ് മാസം ജയിലിൽ കഴിഞ്ഞ മുസ് ലിം വിഭാഗത്തിൽപ്പെട്ടയാളുടെ ജാമ്യമായിരുന്നു ഉത്തരാഖണ്ഡ് ഹൈക്കോടതി റദ്ദാക്കിയത്. ഇതിനെതിരായ ഹരജി ജസ്റ്റിസുമാരായ ബി.വി നാഗരത്ന, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്.
പ്രായപൂർത്തിയായവർ പരസ്പരം സമ്മതത്തോടെ നടത്തുന്ന മിശ്രവിവാഹങ്ങളിൽ ഒരു സംസ്ഥാന സർക്കാരിനും ഇടപെടാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചില വലത് പക്ഷ സംഘടനകൾ ചേർന്ന് പുരുഷനെതിരെ നൽകിയ ഹരജിയിലാണ് കോടതി വിധി.
കുടുംബത്തോടെയാണ് വിവാഹം നടന്നതെന്നും വിവാഹത്തിന് ശേഷം ഭാര്യയെ മതം മാറ്റാൻ ആരും ശ്രമിച്ചിട്ടില്ലെന്നും സ്വന്തം വിശ്വാസം പിന്തുടരാൻ അവൾക്ക് സ്വാതന്ത്ര്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു. രണ്ട് വ്യത്യസ്ത മതങ്ങളിൽ ഉൾപ്പെട്ടവർ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചാൽ അതിനെ സർക്കാർ എതിർക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു.
ജാതിയുടെയോ മതത്തിന്റെയോ അതിരുകൾക്കപ്പുറം പ്രായപൂർത്തിയായ രണ്ട് പേർക്ക് അവരുടെ പങ്കാളിയെ തിരഞ്ഞെടുക്കാൻ പൂർണ്ണ അവകാശമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ഇതര മതസ്ഥയായ സ്ത്രീയെ വിവാഹം കഴിച്ചതിന് മതപരിവർത്തന നിരോധന നിയമപ്രകാരം ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്ത യുവാവിനാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ഈ വർഷം ഫെബ്രുവരിയിൽ അറസ്റ്റിലായ അമൻ സിദ്ദിഖി എന്ന അമൻ ചൗധരിയുടെ ജാമ്യാപേക്ഷ സമർപ്പിക്കാൻ ഉത്തരാഖണ്ഡ് ഹൈക്കോടതി വിസമ്മതിച്ചിരുന്നു.
പിന്നാലെ അയാൾ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. പൊലീസ് കുറ്റപത്രം സമർപ്പിച്ചെങ്കിലും ആറ് മാസത്തോളം അയാൾക്ക് ജാമ്യം നിഷേധിക്കപ്പെടുകയായിരുന്നു. വ്യവസ്ഥകൾ ലംഘിച്ചാൽ ഹരജിക്കാരന്റെ ജാമ്യം റദ്ദാക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.
Content Highlight: States cannot interfere in mixed marriages of adults: Supreme Court