Kerala News
അടുപ്പിക്കാന്‍ പറ്റാത്തവര്‍, മൗദൂദിയെ തന്നെ തള്ളിപ്പറഞ്ഞ ജമാഅത്തെയുടെ വിലാസമടക്കം ഇല്ലാതായി: ഉമര്‍ ഫൈസി മുക്കം
മലപ്പുറം: അടുപ്പിക്കാന്‍ പറ്റാത്ത സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമിയെന്ന് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം. ജമാഅത്തെ ഇസ്‌ലാമിയെ അതിന്റെ തുടക്കം മുതല്‍ക്കേ എതിര്‍ക്കുന്നുണ്ടെന്നും മതത്തില്‍ കൈകടത്തിയ സംഘടനയെന്ന നിലക്കായിരുന്നു ഈ നിലപാടെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു. ന്യൂസ് മലയാളത്തോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജമാഅത്തെ ഇസ്‌ലാമിയുടെ അടിത്തറ എന്നുപറയുന്നത് മതരാഷ്ട്രവാദമാണ്. ഇതിന്റെ സ്ഥാപകന്‍ സയ്യിദ് അബുല്‍ അലാ മൗദൂദിയാണ്. അദ്ദേഹത്തെ തന്നെ ജമാഅത്തെക്കാര്‍ തള്ളിപ്പറഞ്ഞിട്ടുണ്ട്. അങ്ങനെയുള്ളപ്പോള്‍ ആ പ്രസ്ഥാനം തന്നെ ഇപ്പോള്‍ ഇല്ലല്ലോയെന്നും സംഘടനയുടെ അഡ്രസ് തന്നെ ഇല്ലാതായെന്നും ഉമര്‍ ഫൈസി പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമിയെ കൂട്ടുപിടിച്ചാല്‍ അവര്‍ നമ്മുടെ അടുക്കളയില്‍ വരെ കയറി പിത്തനയുണ്ടാക്കും. അവരെ കൂട്ടുപിടിക്കുന്നവര്‍ ഇക്കാര്യം ശ്രദ്ധിച്ചാല്‍ കൊള്ളാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്-എല്‍.ഡി.എഫ് മുന്നണികള്‍ക്കുള്ള വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും പി.ഡി.പിയുടെയും പിന്തുണ വിവാദമായിരിക്കെയാണ് ഉമര്‍ ഫൈസി മുക്കത്തിന്റെ പ്രതികരണം.
ഇന്നലെ (ബുധന്‍) മതരാഷ്ട്രവാദം ജമാഅത്തെ ഇസ്‌ലാമി ഉപേക്ഷിച്ചെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവനക്കെതിരെ എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്‌മത്തുള്ള സഖാഫി രംഗത്തെത്തിയിരുന്നു. വി.ഡി. സതീശന്റെ പ്രസ്താവന ജമാഅത്തെ ഇസ്‌ലാമിയെ വെള്ളപൂശുന്ന തരത്തിലുള്ളതാണെന്നും ജമാഅത്തെ ഇസ്‌ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചെന്ന വാദം തെറ്റാണെന്നും റഹ്‌മത്തുള്ള സഖാഫി പ്രതികരിച്ചു.
വെല്‍ഫെയര്‍ പാര്‍ട്ടിയേയും പി.ഡി.പിയേയും ഒരുപോലെ കാണാന്‍ സാധിക്കില്ലെന്നും സതീശന്റെ പ്രസ്താവന അപകടം നിറഞ്ഞതാണെന്നും അദ്ദേഹംചൂണ്ടിക്കാട്ടിയിരുന്നു. വെല്‍ഫയര്‍ പാര്‍ട്ടി വര്‍ഷങ്ങളായി യു.ഡി.എഫിന് പിന്തുണകൊടുക്കുന്നതാണന്നും അതിനാല്‍ അത് പുതുമയുള്ള കാര്യമല്ലെന്നും റഹ്‌മത്തുള്ള സഖാഫി പ്രതികരിച്ചിരുന്നു.
നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വി.ഡി സതീശന്‍ ജമാഅത്തെ ഇസ്‌ലാമിയെ അനുകൂലിച്ച് മാധ്യമങ്ങളോട് സംസാരിച്ചത്. മുസ്‌ലിം സംഘടനകളില്‍ വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമിയെന്നും അവരുടെ പിന്തുണ സ്വാഗതം ചെയ്യുന്നുവെന്നുമാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്.
Content Highlight: Those who cannot be brought closer, even the address of Jamaat-e-Islami, which rejected Maududi himself, has disappeared: Umer Faizi Mukkam