national news
ഗുജറാത്ത് വിമാനദുരന്തം ഞെട്ടലുണ്ടാക്കുന്നത്, രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു: സി.പി.ഐ.എം
ന്യൂദൽഹി: അഹമ്മദാബാദിൽ വിമാനത്താവളത്തിന് സമീപമുണ്ടായ ദുരന്തം ഞെട്ടലുണ്ടാക്കിയെന്ന് സി.പി.ഐ.എം പോളിറ്റ്ബ്യൂറോ. ജനസാന്ദ്രമായ പ്രദേശത്ത് 242 പേരുമായി പറന്ന വിമാനം തകർന്നു വീണ വാർത്ത വലിയ തോതിൽ ഞെട്ടലും ദുഃഖമുണ്ടാക്കുന്നതാണെന്ന് സി.പി.ഐ.എം അറിയിച്ചു.
രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നുവെന്നും സി.പി.ഐ.എം കുറിച്ചു. ദുരന്തബാധിതർക്കും കുടുംബങ്ങൾക്കുമൊപ്പം തങ്ങളുണ്ടാവുമെന്നും സി.പി.ഐ.എം അറിയിച്ചു.
ജനസാന്ദ്രതയേറിയ പ്രദേശത്താണ് അപകടമുണ്ടായതെന്നത് സംഭവത്തിന്റെ വ്യാപ്തി വർധിപ്പിക്കാൻ കാരണമാകുമെന്നും റിപ്പോർട്ടുണ്ട്. ഹോസ്റ്റലിലും ക്യാന്റീനിലുമായി ഉണ്ടായിരുന്ന അഞ്ച് പേർ മരണപ്പെട്ടിട്ടുണ്ടെന്നും വിവരമുണ്ട്.
ഉച്ചയ്ക്ക് 1.30 യോടെ ടേക്ക് ഓഫ് ചെയ്ത യു.കെയിലേക്ക് പോകുന്ന വിമാനമാണ് രണ്ട് മിനുറ്റിനുള്ളിൽ തീഗോളമായി മാറിയത്. എയർ ഇന്ത്യ ബോയിങ് ഡ്രീംലൈനർ 787 വിമാനമാണ് തകർന്ന് വീണത്
നിലവിൽ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം മരണസംഖ്യ 133 ആയി ഉയർന്നതായി വിവരമുണ്ട്. 242 ഓളം പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപമുണ്ടായ വിമാനപകടത്തിൽ മരിച്ചവരിൽ മലയാളിയും ഉൾപ്പെട്ടതായി റിപ്പോർട്ട് വന്നിരുന്നു. പത്തനംതിട്ട സ്വദേശിയായ രജ്ഞിത മരിച്ചതായാണ് വിവരം.
ഒമാനിൽ നഴ്സായി ജോലി ചെയ്തിരുന്ന ഇവർ യു.കെയിലേക്ക് പോവാനായി അവധിയിലായിരുന്നു. പിന്നാലെ യു.കെയിലേക്ക് പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. മരിച്ചതായി ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു.
അതേസമയം വിമാനം ഇടിച്ചിറങ്ങിയത് സമീപത്തുള്ള ബി.ജെ മെഡിക്കൽ കോളേജിന്റെ ഹോസ്റ്റിലിലേക്കാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹോസ്റ്റിലുണ്ടായിരുന്നവരിൽ നിരവധി പരിക്കേറ്റതായും മരണപ്പെട്ടവരിൽ ഉൾപ്പെടുന്നുണ്ടെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
Content Highlight: Gujarat plane crash shocks, urges government to speed up rescue operations: CPI(M)