national news
അഹമ്മദാബാദ് വിമാനദുരന്തം; കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 1.5 കോടി രൂപ ഇന്‍ഷുറന്‍സ് തുക പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ
ഗാന്ധിനഗര്‍: അഹമ്മദാബാദ് വിമാനപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് എയര്‍ ഇന്ത്യ ഇന്‍ഷുറന്‍സ് തുക പ്രഖ്യാപിച്ചു. ഒരു കുടുംബത്തിന് 1.5 കോടി രൂപയാണ് എയര്‍ ഇന്ത്യ നല്‍കുക. 360 കോടിയാണ് ഇന്‍ഷുറന്‍സ് തുക. എയര്‍ ഇന്ത്യയ്ക്ക് പുറമെ ടാറ്റ ഗ്രൂപ്പും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു കോടി രൂപയാണ് ടാറ്റ ഗ്രൂപ്പ് നല്‍കുക.
പരിക്കേറ്റവരുടെ ചികിത്സാ ചെലവുകളും തങ്ങള്‍ വഹിക്കുമെന്ന് ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് ആവശ്യമായ എല്ലാ പരിചരണവും പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ബി.ജെ മെഡിക്കല്‍സ് ഹോസ്റ്റലിന്റെ നിര്‍മാണത്തിന് സഹായിക്കുകയും ചെയ്യുമെന്നും ടാറ്റ ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.
2009ലാണ് ഇന്ത്യ 199ലെ മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്‍ ഉടമ്പടി പ്രകാരം അന്താരാഷ്ട്ര വിമാനത്തില് അപകടമുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള വ്യവസ്ഥയില്‍ ഒപ്പുവെച്ചത്. വിമാനപകടത്തില്‍ മരണമോ പരിക്കുകളോ പറ്റിയാല്‍ ഈ വ്യവസ്ഥ പ്രകാരം നഷ്ടപരിഹാരം നല്‍കും.
ഇന്നലെ ഉച്ചയ്ക്ക് 1.30 യോടെ ടേക്ക് ഓഫ് ചെയ്ത് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ ബോയിങ് ഡ്രീംലൈനര്‍ 787 വിമാനമാണ് തകര്‍ന്ന് വീണത്. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും എയര്‍ ഇന്ത്യ ഇതുവരെ ഈ വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
നിലവില്‍ വിമാനാപകടത്തിലെ മരണസംഖ്യ 290 കടന്നതായാണ് വിവരം. 265 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. വിമാനയാത്രക്കാരായ 241 പേരും പ്രദേശവാസികളായ 24 പേരുമാണ് മരിച്ചത്. മരിച്ചവരില്‍ വിമാനം ഇടിച്ചിറങ്ങിയ ബി.ജെ കോളേജ് ഹോസ്റ്റലിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഉണ്ട്.
അപകടത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനം തകര്‍ന്നുവീണ സ്ഥലം സന്ദര്‍ശിച്ചിരുന്നു. പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന സിവില്‍ ആശുപത്രിയിലും പ്രധാനമന്ത്രി എത്തിയിരുന്നു. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഏക യാത്രികനായ വിശ്വാസ് കുമാര്‍ രമേശനെയും പ്രധാനമന്ത്രി കണ്ടു.
Content Highlight: Ahmedabad plane crash: Air India announces Rs 1.5 crore insurance compensation for families of those killed