World News
ഞങ്ങള്‍ ആക്രമിച്ചില്ലെങ്കില്‍ അവര്‍ പ്രോക്‌സി ഗ്രൂപ്പുകള്‍ക്ക് ആണവായുധം കൈമാറിയേനെ; ഇറാനെതിരായ ആക്രമണത്തില്‍ ന്യായീകരണവുമായി നെതന്യാഹു
ടെല്‍ അവീവ്: ഇറാനെതിരായ ആക്രമണം തുടരുമെന്നറിയിച്ച് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാനിലെ എല്ലാ സ്ഥലങ്ങളും ആക്രമിക്കുമെന്നാണ് എക്‌സ് വഴി പുറത്ത് വിട്ട വീഡിയോ വഴി നെതന്യാഹു വ്യക്തമാക്കിയത്. ഇറാന്റ ബാലിസ്റ്റിക് മിസൈല്‍ ഉത്പാദന കേന്ദ്രങ്ങളടക്കം ആക്രമിക്കുമെന്നാണ് നെതന്യാഹു അവകാശപ്പെട്ടിരിക്കുന്നത്.
‘സമീപ ഭാവിയില്‍, ടെഹ്റാനിലെ ആകാശത്തിന് മുകളിലൂടെ ഇസ്രഈല്‍ വ്യോമസേന വിമാനങ്ങള്‍ നിങ്ങള്‍ കാണും. അയത്തുള്ള ഭരണകൂടത്തിന്റെ എല്ലാ സ്ഥലങ്ങളിലും ഞങ്ങള്‍ ആക്രമണം നടത്തും,’ നെതന്യാഹു പറഞ്ഞു.
ഇറാന്‍ അവരുടെ ആണവായുധങ്ങള്‍ അവരുടെ പ്രോക്‌സി ഗ്രൂപ്പുകള്‍ക്ക് കൊടുക്കാന്‍ തയ്യാറെടുക്കുകയാണെന്ന് തങ്ങള്‍ക്ക് വിവരം ലഭിച്ചെന്നും അതിനാലാണ് അവരെ ആക്രമിച്ചതെന്നുമാണ് 78 ഓളം ഇറാനികളെ കൊലപ്പെടുത്തിയതിനുള്ള ന്യായീകരണമായി നെതന്യാഹു പറഞ്ഞത്.
ഇസ്രഈല്‍ ഇന്ന് മിഡില്‍ ഈസ്റ്റിലും അതിനപ്പുറത്തുമുള്ള രാജ്യങ്ങളിലും സ്വാതന്ത്ര്യം സംരക്ഷിക്കുകയാണ്. നമ്മളെ നശിപ്പിക്കാന്‍ അണുബോംബുകള്‍ നിര്‍മിക്കുകയും ലോകത്തെവിടെയും ആരെയും ഭീഷണിപ്പെടുത്താന്‍ കഴിയുന്ന ഇന്റര്‍കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലുകള്‍ നിര്‍മിക്കുന്ന ഒരു സ്വേച്ഛാധിപത്യപതികളായ ഇറാനിയന്‍ ഭരണകൂടത്തിനെതിരെയാണ് തങ്ങള്‍ അങ്ങനെ ചെയ്യുന്നതെന്നും നെതന്യാഹു അവകാശപ്പെട്ടു.
ഇസ്രഈലിനെപ്രതിരോധിക്കുന്നതിലൂടെ, നമ്മള്‍ മറ്റുള്ളവരെയും പ്രതിരോധിക്കുകയാണെന്നും തങ്ങളുടെ അറബ് അയല്‍ക്കാരെയും, സംരക്ഷിക്കുകയാണെന്നും നെതന്യാഹു അവകാശപ്പെട്ടു. യൂറോപ്പിനെയും അമേരിക്കയെയുമെല്ലാം പ്രതിരോധിക്കാന്‍ ഇസ്രഈല്‍ സഹായിക്കുകയാണെന്നും നെതന്യാഹു പറഞ്ഞു.
‘ഇത് പുതിയ കാര്യമല്ല. അവര്‍ പ്രസിഡന്റ് ട്രംപിനെ രണ്ടുതവണ വധിക്കാന്‍ ശ്രമിച്ചു. അവര്‍ അമേരിക്കന്‍ എംബസികളില്‍ ബോംബാക്രമണം നടത്തി. ബെയ്‌റൂട്ടില്‍ 241 മറൈന്‍ സൈനികരെ അവര്‍ കൊന്നു. ഇറാഖിലും അഫ്ഗാനിസ്ഥാനിലും ആയിരക്കണക്കിന് അമേരിക്കക്കാരെ അവരുടെ ഐ.ഇ.ഡികള്‍ ഉപയോഗിച്ച് അവര്‍ കൊല്ലുകയും പരിക്കേല്‍പ്പിക്കുകയും ചെയ്യുന്നു. അവര്‍ അമേരിക്കന്‍ പതാക കത്തിക്കുന്നു. അവര്‍ എപ്പോഴും ‘അമേരിക്കയ്ക്ക് മരണം’ എന്ന് മന്ത്രിക്കുന്നു,’ നെതന്യാഹു പറഞ്ഞു.
രണ്ട് ദിവസമായി പശ്ചിമേഷ്യ യുദ്ധസമാനമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സംഘര്‍ഷത്തില്‍ ഇസ്രഈലില്‍ നാല് മരണവും ഇറാനില്‍ 78 മരണവുമുണ്ടായിട്ടുണ്ട്.
ഏകദേശം 300ലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഐ.ആര്‍.ജി.സി മേധാവി ഹുസൈന്‍ സലാമി ഉള്‍പ്പെടെയാണ് ഇറാനില്‍ കൊല്ലപ്പെട്ടത്.
ഏഴോളം സൈനികര്‍ക്ക് പരിക്ക് പറ്റിയെന്നും ഐ.ഡി.എഫ് അറിയിച്ചിട്ടുണ്ട്.
Content Highlight: Netanyahu says Israel will continue attacks on Iran