World News
അംഗീകൃത വിസയുള്ള രണ്ട് ഫലസ്തീനികളെ യു.എസ് അധികൃതര്‍ വിസ റദ്ദാക്കി നാടുകടത്തിയതായി റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: അംഗീകൃത വിസയോട് കൂടി യു.എസില്‍ പ്രവേശിച്ച രണ്ട് ഫലസ്തീനികളെ യു.എസ് അധികൃതര്‍ നാടുകടത്തിയതായി റിപ്പോര്‍ട്ട്. അധിനിവേശ വെസ്റ്റ് ബാങ്കിലെ മസാഫര്‍ യാട്ടയില്‍ നിന്നുള്ള ഈദ് ഹത്തലീന്‍, ഔദ ഹത്തലീന്‍ എന്നിവരെയാണ് അംഗീകൃതമായ വിസകള്‍ ഉണ്ടായിരുന്നിട്ടും നാടുകടത്തിയത്.
ബുധനാഴ്ച്ചയാണ് ഇവര്‍ ദോഹയില്‍ നിന്നുള്ള വിമാനത്തില്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ എത്തിയത്. എന്നാല്‍ ഇവരെ ഫ്‌ളൈറ്റ് ഇറങ്ങിയ ഉടന്‍ കസ്റ്റഡിയില്‍ എടുത്ത് വിസ റദ്ദാക്കുകയായിരുന്നു.
ഫോട്ടോഗ്രാഫറാണ് ഈദ്, ഔദയാകട്ടെ ഇംഗ്ലീഷ് അധ്യാപികയും ഇസ്രഈലി മാഗസീനായ +972വിന്റെ ഭാഗവുമാണ്. കാലിഫോര്‍ണിയയിലെ പീഡ്മോണ്ടിലുള്ള കെഹില്ല കമ്മ്യൂണിറ്റി സിനഗോഗാണ് ഇവരുടെ യാത്ര സ്‌പോണ്‍സര്‍ ചെയ്തത്.
കാലിഫോര്‍ണിയയില്‍ നിന്ന് വാഷിംഗ്ടണ്‍ ഡി.സിയിലേക്കും പിന്നീട് ബോസ്റ്റണിലേക്കും പോകേണ്ട ഒരു ഇന്റര്‍ഫെയ്ത്ത് ദൗത്യത്തിന്റെ ഭാഗമായി പള്ളികളിലും സിനഗോഗുകളിലും മറ്റ് സ്ഥാപനങ്ങളിലും സംസാരിക്കുന്നതിന്റെ ഭാഗമായാണ് യു.എസില്‍ എത്തിയത്.
ഈദ് ഇതിന് മുമ്പ് പലതവണ അമേരിക്കയില്‍ പോയിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് ഔദ യു.എസിലേക്ക് പോകുന്നത്. മെയ് മാസത്തിലാണ് ഔദയ്ക്ക് വിസ ലഭിച്ചത്. തങ്ങളുടെ സുഹൃത്തുക്കള്‍ക്ക് അവരുടെ മാനുഷിക ദൗത്യത്തിനായി പ്രവേശനം നിഷേധിച്ചതില്‍ ഹൃദയം തകര്‍ന്നുപോയെന്ന് യാത്രയുടെ സ്‌പോണ്‍സറായ ഫില്‍ വെയ്ന്‍ട്രാബ് പ്രതികരിച്ചു.
തങ്ങളോട് നന്ദി പറയാനും അവരുടെ ഗ്രാമത്തിലെ വേനല്‍ക്കാല ക്യാമ്പിനായി ഫണ്ട് സ്വരൂപിക്കാനുമാണ് ഇരുവരും യു.എസിലെത്തിയതെന്നും ട്രംപ് ഭരണകൂടം അവരുടെ വിസ റദ്ദാക്കിയത് ക്രൂരമായ പ്രവൃത്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച ഇരുവരും ഖത്തറില്‍ തിരിച്ചെത്തി. എന്നാല്‍ ഇറാന്‍-ഇസ്രഈല്‍ സംഘര്‍ഷത്തെതുടര്‍ന്ന് ജോര്‍ദാനിലേക്ക് വിമാനങ്ങളൊന്നുമില്ലാത്തതിനാല്‍ ഇവര്‍ നിലവില്‍ ദോഹയില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം.
മുതിര്‍ന്ന ഡെമോക്രാറ്റ് നാന്‍സി പെലോസി അടക്കമുള്ളവര്‍ ഇവരുടെ നാടുകടത്തലിന് വിശദീകരണം ആവശ്യപ്പെട്ട് പ്രസ്താവന ഇറക്കിയിട്ടും യു.എസ് അധികൃതര്‍ ഇതുവരെ ഒരു വിശദീകരണവും നല്‍കിയിട്ടില്ല.
ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍, യു.എസ് 157,948 പേരെ നാടുകടത്തിയിരുന്നു. എന്നാല്‍ രാജ്യത്ത് നിന്ന് പുറത്താക്കപ്പെട്ടവരില്‍ പലര്‍ക്കും അംഗീകൃത വിസകളോ സ്ഥിര താമസത്തിനുള്ള രേഖകളും ഉണ്ടായിരുന്നു.
Content Highlight: US authorities deported two Palestinians who arrived in the US with valid visas