Kerala News
ലോകം ഉണരുമോ, അതോ നിശബ്ദത കൊണ്ട് ഈ നിരപരാധികളുടെ രക്തത്തിലെ പങ്കാളിയാവുമോ: ഇസ്രഈൽ-ഇറാൻ സംഘർഷത്തിൽ പ്രതികരിച്ച് മുനവറലി ശിഹാബ് തങ്ങൾ
കൊച്ചി: ഇസ്രഈൽ നടപടികൾക്കെതിരെ രൂക്ഷവിമർശനവുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സയിദ് മുനവ്വറലി ശിഹാബ് തങ്ങൾ. ഇസ്രഈലിന്റെ ബൂട്ടുകൾക്കടിയിൽ നീതി കാട്ടുനീതിയാവുന്നുവെന്നും ലോകം ഉണരുമോ, അതോ നിശബ്ദത കൊണ്ട് ഈ നിരപരാധികളുടെ രക്തത്തിലെ പങ്കാളിയാവുമോ എന്ന് അദ്ദേഹം വിമർശിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമർശനം അറിയിച്ചത്.
ഗസ തടങ്കൽ പാളയമായിരിക്കുന്നുവെന്നും മുനവറലി തങ്ങൾ ചൂണ്ടിക്കാണിച്ചു. ഒരു സ്വപ്ന ദൈർഘ്യം പോലുമനുവദിക്കാതെ ഫലസ്തീനിൻ്റെ കുഞ്ഞുങ്ങളെ ഫൈറ്റർ ജെറ്റുകളും ഫൈറ്റിങ് ഫാൽക്കൺസും ഹെറൺ ഡ്രോണുകളും ക്രൂരമായി വംശഹത്യ ചെയ്യുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
‘ഇസ്രഈലിന്റെ ബൂട്ടുകൾക്കടിയിൽ നീതി കാട്ടുനീതിയാവുന്നു. അധിനിവേശം ഭയത്തിന്റെ ഭാഷയിൽ പൊതിഞ്ഞിരിക്കുന്നു.
ഗസ തടങ്കൽ പാളയമായിരിക്കുന്നു. ഒരു സ്വപ്ന ദൈർഘ്യം പോലുമനുവദിക്കാതെ ഫലസ്തീനിൻ്റെ കുഞ്ഞുങ്ങളെ ഫൈറ്റർ ജെറ്റുകളും ഫൈറ്റിങ് ഫാൽക്കൺസും ഹെറൺ ഡ്രോണുകളും ക്രൂരമായി വംശഹത്യ ചെയ്യുന്നു.
മിസൈലുകൾ പറക്കുന്നത് ഒരിക്കലും സമാധാനത്തിലേക്കല്ല. കവർന്നെടുത്ത ഭൂമിക്കു മുകളിലെ മയ്യിത്തുകൾ കണ്ട് ആകാശം പോലും മിഴി വാർക്കുന്നു. വംശ/വർണവിവേചനത്തിന്റെ കാട്ടുനീതിയിൽ മനുഷ്യവകാശങ്ങൾ ചാരമാവുന്നു. സയണിസം സത്യത്തെ ആക്രമിക്കുന്നു. ഓരോ ബോംബും നിശബ്ദമാക്കിയ ഒരു പ്രാർത്ഥനയെ മറയ്ക്കുന്നു. ഇറാൻ കുറ്റപ്പെടുത്തപ്പെടുന്നു. ചെറുത്ത് നിൽക്കാൻ ധൈര്യപ്പെട്ടതിന്. ഞെക്കി ഞെരുക്കുമ്പോഴും പോർ മുഖത്ത് ഭീരുക്കളാവാത്തതിന്. ലോകം ഉണരുമോ, അതോ നിശബ്ദത കൊണ്ട് ഈ നിരപരാധികളുടെ രക്തത്തിലെ പങ്കാളിയാവുമോ,’ അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം ഇസ്രഈൽ-ഇറാൻ സംഘഷം മൂർച്ഛിക്കുകയാണ്. ആക്രമണം തുടരുമെന്ന് ഇറാനും ഇസ്രഈലും വ്യക്തമാക്കിയിട്ടുണ്ട്. ഇറാനിൽ ഇസ്രഈൽ നടത്തിയ ആക്രമണത്തിൽ റെവല്യൂഷനറി ഗാർഡ്സ് കോർപ്സിൻ്റെ ഡെപ്യൂട്ടി കമാൻഡർ ഖൊസ്രോ ഹസാനി കൊല്ലപ്പെട്ടിരുന്നു.
ഇസ്രഈൽ ഇറാനിലെ എണ്ണ ശുദ്ധീകരണ ശാലകൾ ഉൾപ്പെടെയുള്ള ഊർജ മേഖലകളെ ലക്ഷ്യം വെച്ച് ആക്രമണം നടത്തുകയാണ്. ഇറാനിലെ തെക്കന്‍ ബുഷഹേര്‍ പ്രവിശ്യയിലെ സൗത്ത് പര്‍സ്, ഫജര്‍ ജാം എണ്ണപ്പാടങ്ങള്‍ക്ക് നേരെയും ഇസ്രഈല്‍ ആക്രമണം നടത്തി. ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീല്‍ഡിലൊന്നാണ് പര്‍സിലേത്.
അതേസമയം ഇസ്രഈല്‍ നഗരങ്ങളായ ഹൈഫയിലടക്കം ഇറാന്‍ ആക്രമണം ശക്തമാക്കിയതിന്റെ വിവരങ്ങളും പുറത്ത് വരുന്നുണ്ട്. ഹൈഫയിലെ എണ്ണ സംഭരണ കേന്ദ്രത്തിന് നേരെയാണ് ഇറാന്‍ ആക്രമണം നടത്തിയത്.
Content Highlight: Will the world wake up, or will it become a partner in the blood of these innocents through silence: Munawarali Shihab Thangal