കനത്ത മഴ: എട്ട് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തില്‍ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. കോഴിക്കോട്, മലപ്പുറം, വയനാട്, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ്, കണ്ണൂര്‍, ഇടുക്കി ജില്ലകളിലാണ് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
സ്‌കൂളുകള്‍, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്കാണ് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയില്‍ മൂന്ന് ദിവസം റെഡ് അലേര്‍ട്ടായിരിക്കുമെന്ന് നേരത്തെ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.
പ്രൊഫഷണല്‍ കോളെജുകള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് മലപ്പുറം, വയനാട്, എറണാകുളം, ഇടുക്കി, കാസര്‍കോഡ്, ജില്ലകളില്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
അടുത്ത മൂന്ന് മണിക്കൂറില്‍ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിരുന്നു.
കൂടാതെ ഇന്നും (15/06/2025) നാളെയും (16/06/2025) മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 ല്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥാ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
Content Highlight: Heavy rain: Educational institutions to remain closed tomorrow in eight districts