national news
കൊല്‍ക്കത്തയില്‍ രണ്ടരവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പ്രതിയുടെ വധശിക്ഷ ഇളവ് ചെയ്ത് ഹൈക്കോടതി
ന്യൂദല്‍ഹി: കൊല്‍ക്കത്തയില്‍ രണ്ടരവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധശിക്ഷയില്‍ ഇളവ് വരുത്തി കല്‍ക്കട്ട ഹൈക്കോടതി. ഓരോ കൊലപാതകവും ഭയാനകമാണെന്നും പക്ഷെ വധശിക്ഷയെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.
വിചാരണ കോടതി പുറപ്പെടുവിച്ച വിധിയെ ചോദ്യം ചെയ്ത് പ്രതി നല്‍കിയ അപ്പീല്‍ പരിഗണിച്ചുകൊണ്ടാണ് നടപടി. ജസ്റ്റിസുമാരായ ദേബാങ്സു ബസക്, ഷബ്ബാര്‍ റാഷിദി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
വധശിക്ഷയെ ന്യായീകരിക്കാന്‍ കൊല്‍ക്കത്തയിലെ സംഭവം അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് പറയാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണോ പ്രതി കുട്ടിയെ ആക്രമിച്ചത്, പെണ്‍കുട്ടിയുടെ കുടുംബവുമായി പ്രതിക്ക് ഏതെങ്കിലും തരത്തിലുള്ള വൈരാഗ്യമുണ്ടോ എന്നീ ചോദ്യങ്ങളില്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
2013 ജൂലൈയില്‍ കൊല്‍ക്കത്തയിലെ ഖിദ്ദര്‍പോരേരിയ ഫ്‌ലൈഓവറിന് കീഴില്‍ കുടുംബത്തോടൊപ്പം ഉറങ്ങുകയായിരുന്ന രണ്ടരവയസുകാരിയെയാണ് പ്രതി സുരേഷ് പസ്വാന്‍ ബലാത്സംഗം ചെയ്തത്. കുട്ടിയെ കാണാതായതിന്റെ അടുത്ത ദിവസം സമീപത്തുള്ള ഒരു അഴുക്കുചാലില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ശ്വാസം മുട്ടിച്ചതിന്റെ അടക്കം അടയാളങ്ങള്‍ കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നു.
സംഭവദിവസം പെണ്‍കുട്ടി താമസിച്ചിരുന്ന സ്ഥലത്ത് പ്രതി ചുറ്റിപ്പറ്റി നടന്നിരുന്നതായും രാത്രിയോടെ കുട്ടിയെ ഇയാള്‍ എടുത്തുകൊണ്ടുപോയതായും ദൃക്സാക്ഷികളുടെ മൊഴിയനുസരിച്ച് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.
നിലവില്‍ പ്രതിയുടെ വധശിക്ഷ ജീവപര്യന്തമായി കോടതി കുറച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ പ്രായം കണക്കിലെടുത്ത് പ്രതിക്ക് 50 വര്‍ഷം വരെ തടവുശിക്ഷ നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 364, 376A, 302, പോക്സോ നിയമത്തിലെ സെക്ഷന്‍ ആറ് എന്നിവ പ്രകാരമാണ് പസ്വാന്‍ ശിക്ഷിക്കപ്പെട്ടത്. റോയല്‍ കല്‍ക്കട്ട ടര്‍ഫ് ക്ലബ്ബില്‍ കുതിരയെ പരിപാലിക്കലായിരുന്നു സുരേഷ് പസ്വാന്റെ ജോലി.
Content Highlight: Kolkata High Court commutes death sentence of accused in abuse and murder of two-and-a-half-year-old girl