Kerala News
പഴയ രസാനുഭൂതിയില്‍ നോവലെഴുതിയാലെ നോവലെന്ന് അംഗീകരിക്കൂ എന്ന യുക്തിയെ വായനക്കാര്‍ മറികടന്നു കഴിഞ്ഞു: ടി.എസ്. ശ്യാം കുമാര്‍
കോഴിക്കോട്: അഖില്‍ പി. ധര്‍മജന്റെ റാം C/o ആനന്ദി എന്ന പുസ്തകത്തെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത് സംബന്ധിച്ച് ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി ടി.എസ്. ശ്യാംകുമാറും.
അഖില്‍. പി. ധര്‍മജനെതിരായ സാഹിത്യ യുദ്ധം കണ്ടാല്‍, ഇതുവരെ അവാര്‍ഡ് കിട്ടിയ കൃതികളെല്ലാം ഏറ്റവും മഹത്തായ സാഹിത്യകൃതികളാണെന്ന് തോന്നുമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
മുമ്പ് പോത്തേരി കുഞ്ഞമ്പുവിന്റെ സരസ്വതി വിജയവും പണ്ഡിറ്റ് കറുപ്പന്റെ ബാലാകലേശവും മോശം സാഹിത്യ കൃതിയാണെന്ന് ഡോ. പി. കെ.രാജശേഖരനെ പോലുള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു. തങ്ങള്‍ പറയുന്ന മാനദണ്ഡമനുസരിച്ചായിരിക്കണം സാഹിത്യം രചിക്കപ്പെടേണ്ടതെന്ന സാഹിത്യ തറവാട്ട് കാരണവന്മാരുടെ തീട്ടൂരം ആര് കേള്‍ക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഴയ രസാനുഭൂതിയുടെ യുക്തിയില്‍ നോവലെഴുതിയാലെ നോവലെന്ന് തങ്ങള്‍ അംഗീകരിക്കു എന്ന യുക്തിയെ ചിന്തിക്കുന്ന വായനക്കാര്‍ മറികടന്നു കഴിഞ്ഞെന്നും സാഹിത്യത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെ ഇക്കാരണവന്മാര്‍ കാണുന്നില്ലെന്നും അദ്ദേഹം പരിഹസിക്കുന്നണ്ട്.
പുതിയ കാലത്ത് ചെറുപ്പക്കാര്‍ അഖിലിന്റെ നോവലിനെ എന്തുകൊണ്ട് ഇഷ്ടപ്പെടുന്നുവെന്ന് സാംസ്‌കാരികമായി പഠിക്കേണ്ട വിഷയമാണെന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.
കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അഖില്‍ പി.ധര്‍മജന്റെ നോവലിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. അദ്ദേഹത്തെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. കല്‍പ്പറ്റ നാരായണനടക്കമുള്ള എഴുത്തുകാര്‍ നോവലിനെയും അഖില്‍ പി.ധര്‍മജന്റെ പ്രതികരണത്തെയും എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.
എന്നാല്‍ അശോകന്‍ ചരുവിനെപ്പോലുള്ളവര്‍ അഖിലിന് പിന്തുണയുമായി രംഗത്ത് എത്തി. പുസതകത്തിന് എതിരേയുള്ള വിമര്‍ശനങ്ങളില്‍ സാഹിത്യത്തിലെ വരേണ്യത നിഴലിക്കുന്നതായി തോന്നുന്നുണ്ടെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
നോവല്‍ നേരത്തെ വായിച്ചിട്ടുള്ളതാണെന്നും ആധുനികഘട്ടത്തിനപ്പുറത്തും ഇപ്പുറത്തുമുള്ള മലയാളനോവലുകളുടെ രൂപവും ഭാവവും ഉള്‍ക്കൊണ്ടെഴുതിയ ഒരു സാധാരണ നോവലായിട്ടാണ് തോന്നിയതെന്നും അദ്ദേഹം പറഞ്ഞു.
ലളിതമായ ആഖ്യാനമാണെന്നും പൊതുവെ സാഹിത്യത്തിലേക്ക് പരോക്ഷരൂപത്തില്‍ കടന്നുകൊണ്ടിരിക്കുന്ന അരാഷ്ട്രീയ, മധ്യവര്‍ഗ ഫ്യൂഡല്‍ ഗൃഹാതുരതകളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Readers have overcome the logic that a novel must be written in the old style to be accepted as a novel; T.S. Shyam Kumar in support with Ram C/o Anandhi