അഹമ്മദാബാദ് വിമാനാപകടം; ബ്ലാക്ക് ബോക്സ് വിദേശത്തേക്കയക്കില്ലെന്ന് സിവിൽ വ്യോമയാന മന്ത്രി
ന്യൂദൽഹി: അഹമ്മദാബാദിലെ എയർ ഇന്ത്യ വിമാനാപകടത്തിൽ ബ്ലാക്ക് ബോക്‌സ് പരിശോധനക്കായി വിദേശത്തേക്ക് അയക്കില്ലെന്ന് സിവിൽ വ്യോമയാന മന്ത്രി കെ. റാംമോഹൻ നായിഡു.
നിലവിൽ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് വിമാന അപകട അന്വേഷണ ബ്യൂറോ (എ.എ.ഐ.ബി) പരിശോധിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. ബ്ലാക്ക് ബോക്സ് വിശകലനത്തിനായി വിദേശത്തേക്ക് അയച്ചിട്ടുണ്ടെന്നത് ഊഹാപോഹങ്ങൾ മാത്രമാണെന്ന് പറഞ്ഞ അദ്ദേഹം അത്തരം വാർത്തകൾ തള്ളിക്കളഞ്ഞു.
എഫ്.ഐ.സി.സി.ഐയും സിവിൽ ഏവിയേഷൻ മന്ത്രാലയവും സംയുക്തമായി സംഘടിപ്പിച്ച ഹെലികോപ്റ്റർ & സ്മാൾ എയർക്രാഫ്റ്റ് ഉച്ചകോടി 2025ൽ സംസാരിക്കുകയായിരുന്നു നായിഡു. ‘വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് വിദേശത്തേക്ക് അയച്ചിട്ടുണ്ടെന്നത് വെറും ഊഹാപോഹങ്ങൾ മാത്രമാണ്. ബ്ലാക്ക് ബോക്‌സ് ഇന്ത്യയിലുണ്ട്, നിലവിൽ അത് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) പരിശോധിച്ചുകൊണ്ടിരിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.
ബ്ലാക്ക് ബോക്‌സ് ഡാറ്റ വീണ്ടെടുക്കുന്നതിനുള്ള സമയപരിധിയെക്കുറിച്ച് ചോദിച്ചപ്പോൾ, അതൊരു സാങ്കേതിക കാര്യമാണെന്നും ബ്യൂറോ ശരിയായ നടപടിക്രമങ്ങൾ പാലിക്കുന്നുണ്ടെന്നും നായിഡു പറഞ്ഞു. സംഭവത്തെത്തുടർന്ന്, അപകടത്തിന്റെ കാരണങ്ങൾ അന്വേഷിക്കാൻ ഒരു ഉന്നതതല പാനൽ രൂപീകരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ബ്ലാക്ക് ബോക്‌സ് ഡീകോഡ് ചെയ്യുന്നത് അപകടത്തിലേക്ക് നയിച്ച നിമിഷങ്ങളെക്കുറിച്ച് നിർണായകമായ വിവരങ്ങൾ നൽകുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു.
ജൂൺ 12ന് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ, ലണ്ടനിലേക്ക് പോകാനിരുന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ അഹമ്മദാബാദിലെ ഒരു ഹോസ്റ്റൽ സമുച്ചയത്തിൽ തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്ന 241 പേർ മരിച്ചു. ഒരു യാത്രക്കാരൻ രക്ഷപ്പെട്ടിരുന്നു.
Content Highlight: Ahmedabad plane crash black box will not be sent abroad