പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ് ലിസ്റ്റില്‍ കേരളത്തില്‍ നിന്നും 950 പേരെന്ന് ഹൈക്കോടതിയില്‍ എന്‍.ഐ.എ
കൊച്ചി: പോപ്പുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹിറ്റ് ലിസ്റ്റില്‍ കേരളത്തില്‍ നിന്നുള്ള 950 ഓളം വ്യക്തികളുടെ പേരുകള്‍ ഉണ്ടെന്ന് എന്‍.ഐ.എ. എന്‍.ഐ.എ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇക്കാര്യം പറയുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
പോപ്പുലര്‍ ഫ്രണ്ടിന്റെ റിപ്പോര്‍ട്ടര്‍ വിങ്, അവര്‍ക്ക് ഭീഷണിയായ മറ്റ് സമുദായങ്ങളിലെ നേതാക്കളെ കണ്ടെത്തുകയും തുടര്‍ന്ന് ഹിറ്റ് വിങ് എതിരാളികളെ ഇല്ലാതാക്കാനായി പ്രവര്‍ത്തിക്കുന്നുവെന്നുമാണ് എന്‍.ഐ.എ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. മുന്‍ ജില്ലാ ജഡ്ജിയുടേതടക്കമുള്ള പേരുകള്‍ പ്രതികളില്‍ നിന്നും കണ്ടെടുത്തുവെന്നും എന്‍.ഐ.എ പറഞ്ഞു.
എതിര്‍ക്കുന്നവരെ ഇല്ലാതാക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ കേഡര്‍മാരെ പരിശീലിപ്പിക്കുന്ന ശാരീരികവും ആയുധ പരിശീലനവും നല്‍കുന്നുണ്ടെന്നും എന്‍.ഐ.എ പറയുന്നു. ആലുവയിലെ പെരിയാര്‍ വാലി ക്യാമ്പസ് പി.എഫ്.ഐയുടെ ആയുധ പരിശീലന കേന്ദ്രമായിരുന്നുവെന്നും ഇത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം തീവ്രവാദത്തിലുള്‍പ്പെടുമെന്നും എന്‍.ഐ.എ കോടതിയെ അറിയിച്ചിരുന്നു.
പാലക്കാട് സ്വദേശികളായ മുഹമ്മദ് ബിലാല്‍, റിയാസുദ്ദീന്‍, അന്‍സാര്‍ കെ.പി, സഹീര്‍ കെ.വി എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് എന്‍.ഐ.എ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇവരുടെ ജാമ്യാപേക്ഷ എതിര്‍ത്താണ് എന്‍.ഐ.എ, പ്രതികള്‍ ഹിറ്റ് ലിസ്റ്റ് വെച്ചിരുന്നുവെന്നും കേരളത്തില്‍ നിന്നുള്ള 950ലധികം ആളുകള്‍ ഇതിലുള്‍പ്പെട്ടിരുന്നുവെന്നും കോടതിയെ അറിയിച്ചത്.
പ്രതി സിറാജുദ്ദീനില്‍ നിന്ന് പിടിച്ചെടുത്ത എട്ട് രേഖകളില്‍ മറ്റ് സമുദായങ്ങളില്‍ നിന്നുള്ള 240 പേരുടെ പട്ടികയുണ്ടെന്നും ആലുവയിലെ പെരിയാര്‍ ക്യാമ്പസില്‍ നിന്നും ഒളിവില്‍ കഴിയുന്ന പ്രതി അബ്ദുള്‍ വഹാബിന്റെ കൈയില്‍ നിന്നും പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യം വെച്ച അഞ്ച് പേരുടെ വിവരങ്ങള്‍ കണ്ടെടുത്തിരുന്നു. ഇതിലായിരുന്നു മുന്‍ ജില്ലാ ജഡ്ജിയുടെ പേര് ഉള്‍പ്പെട്ടിരുന്നത്.
മറ്റൊരു പ്രതിയില്‍ നിന്നും 232 പേരുടെ പേരുകള്‍ പിടിച്ചെടുത്തിരുന്നുവെന്നും ഇയാള്‍ മാപ്പ് സാക്ഷിയായെന്നും പിന്നീട് പ്രതി അയൂബിന്റെ വീട്ടില്‍ നടന്ന പരിശോധനയില്‍ 500 പേരുടെ ലിസ്റ്റും പിടിച്ചെടുത്തിരുന്നു.
ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ച് 2020 മെയ് മാസത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് എന്‍.ഐ.ഐ കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് 2022 ഡിസംബറില്‍ പാലക്കാട് നടന്ന ആര്‍.എസ്.എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തിരുന്നു.
സമാനമായി 2022ല്‍ ബീഹാറില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ എന്‍.ഐ.എ അന്വേഷണില്‍ പ്രതിയായ മുഹമ്മദ് ജമാലുദ്ദീനില്‍ നിന്നും ഇന്ത്യ 2047 എന്ന ആറ് പേജുള്ള രേഖയും കണ്ടെടുത്തിരുന്നു. ബീഹാറിലെ ഫുല്‍വാരി ഷെരീഫ് പൊലീസ് സ്റ്റേഷനിലാണ് പി.എഫ്.ഐക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പിന്നീട് എന്‍.ഐ.എയുടെ ന്യൂദല്‍ഹി യൂണിറ്റ് ഈ കേസ് അന്വേഷിക്കുകയായിരുന്നു.
Content Highlight: NIA tells High Court that 950 people from Kerala are on Popular Front’s hit list