15
April, 2026

A News 365Times Venture

15
Wednesday
April, 2026

A News 365Times Venture

ഇത് അന്ത്യശാസനം, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ അവഗണിച്ചാല്‍ കാണുക വലിയ പ്രക്ഷോഭം; മണ്ഡലപുനര്‍നിര്‍ണയത്തില്‍ കേന്ദ്രത്തിനെതിരെ സ്റ്റാലിന്‍

Date:



national news


ഇത് അന്ത്യശാസനം, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ അവഗണിച്ചാല്‍ കാണുക വലിയ പ്രക്ഷോഭം; മണ്ഡലപുനര്‍നിര്‍ണയത്തില്‍ കേന്ദ്രത്തിനെതിരെ സ്റ്റാലിന്‍

ചെന്നൈ: മണ്ഡലപുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ താത്പര്യത്തിന് വിരുദ്ധമായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ രാജ്യം വലിയൊരു പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

എക്‌സില്‍ പങ്കുവെച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക്, ഇത് തമിഴ്‌നാടിന്റെ അന്ത്യശാസനം എന്ന് കുറിച്ചുകൊണ്ടായിരുന്നു അദ്ദേഹം വീഡിയോ പങ്കുവെച്ചത്.

‘തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ നിര്‍ബന്ധിതമായി പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ത്തിരിക്കുകയാണ്.

ആദ്യം മുതല്‍ തന്നെ ഈ വിഷയത്തില്‍ ഞങ്ങള്‍ നിരന്തരം മുന്നറിയിപ്പ് നല്‍കിയിരുന്നു. ജനങ്ങളോട് ഞങ്ങള്‍ ഈ വിഷയം വിശദമായി തന്നെ സംസാരിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ മാത്രമല്ല, മണ്ഡലപുനര്‍നിര്‍ണയം ബാധിക്കാന്‍ സാധ്യതയുള്ള ഇന്ത്യയിലുടനീളമുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ഒന്നിച്ചുചേര്‍ത്ത് ചെന്നൈയില്‍ ഒരു യോഗം വിളിച്ചുചേര്‍ത്തു.

ഈ വിഷയം ചര്‍ച്ച ചെയ്യാനും ആശങ്കകള്‍ അവതരിപ്പിക്കാനും വിവിധ പാര്‍ട്ടിയിലുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ പ്രധാമന്ത്രിയെ കാണാന്‍ അനുമതി തേടിയിരുന്നു. എന്നാല്‍ അതും നിഷേധിക്കപ്പെട്ടു.

തിടുക്കപ്പെട്ട് മണ്ഡലപുനര്‍നിര്‍ണയം നടപ്പിലാക്കാനുള്ള ഈ തീരുമാനം ജനാധിപത്യത്തിന് നേരെ ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്ന നഗ്നമായ കടന്നാക്രമണമാണ്. മാത്രമല്ല, ഇത് സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്ക് നേരെയുള്ള ആക്രമണവുമാണ്. മണ്ഡല പുനര്‍നിര്‍ണയം എങ്ങനെ നടപ്പിലാക്കുമെന്ന് പോലും ഞങ്ങള്‍ക്കറിയില്ല,’ അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ജനസംഖ്യാനിയന്ത്രണവും കുടുംബസൂത്രണവും കൃത്യമായി നടപ്പിലാക്കിയ തമിഴ്നാട് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ, അതിന്റെ പേരില്‍ രാഷ്ട്രീയമായി ശിക്ഷിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.

1950കളിലും 60കളിലും ഡി.എം.കെ പുറത്തെടുത്ത അതേ പോരാട്ടവീര്യം ഇന്ത്യ വീണ്ടും കാണേണ്ടി വരുമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഇത് വെറുമൊരു ഭീഷണിയല്ല, മറിച്ച് തമിഴ്നാടിന്റെ മുന്നറിയിപ്പാണെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്നാടിന്റെ അനുമതിയില്ലാതെ മണ്ഡല പുനര്‍നിര്‍ണയത്തില്‍ കൈക്കൊള്ളുന്ന ഒരു തീരുമാനവും അംഗീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

മുന്‍ മുഖ്യമന്ത്രി ജയലളിത ഇന്ന് ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ മണ്ഡലപുനര്‍നിര്‍ണയ നീക്കത്തെ തീര്‍ച്ചയായും എതിര്‍ക്കുമായിരുന്നുവെന്ന് സ്റ്റാലിന്‍ നേരത്തെ പറഞ്ഞിരുന്നു. തമിഴ്‌നാട്ടില്‍ ബി.ജെ.പിയുടെ പ്രധാന സഖ്യകക്ഷിയായ അണ്ണാ ഡി.എം.കെയെ ലക്ഷ്യമിട്ടായിരുന്നു സ്റ്റാലിന്റെ പരാമര്‍ശം.

‘ബി.ജെ.പി. ഭരിക്കുന്ന കേന്ദ്രത്തിന്റെ തമിഴ്നാട് വിരുദ്ധ നടപടികള്‍ക്കെതിരെ പളനിസ്വാമി ഒരിക്കലും ശബ്ദമുയര്‍ത്തിയിട്ടില്ല. മമ്മിയുടെ (ജയലളിത) മരണത്തിന് ശേഷം പളനിസ്വാമി എ.ഐ.ഡി.എം.കെയുടെ ഡമ്മിയായി മാറിയിരിക്കുകയാണ്,’സ്റ്റാലിന്‍ പറഞ്ഞു.

സി.പി.ഐ.എം എം.പി ജോണ്‍ ബ്രിട്ടാസും ഈ വിഷയത്തെ നിശിതമായി എതിര്‍ത്തിരുന്നു. ഈ നീക്കം ഫെഡറല്‍ സംവിധാനത്തെയും വൈവിധ്യത്തെയും തകര്‍ക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബ്രിട്ടാസിന്റെ വിമര്‍ശനം.

ലോക്‌സഭാ സീറ്റുകള്‍ നിലവിലുള്ള 543ല്‍ നിന്ന് 816 ആയി ഉയര്‍ത്താനാണ് പുതിയ നിര്‍ദേശം. ഇത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് അനാവശ്യമായ മുന്‍തൂക്കം നല്‍കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പുനര്‍നിര്‍ണയത്തിന് ശേഷം സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുമ്പോള്‍ വടക്കന്‍ സംസ്ഥാനങ്ങള്‍ക്ക് 200ലധികം സീറ്റുകള്‍ അധികമായി ലഭിക്കുമ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഏകദേശം 65 സീറ്റുകള്‍ മാത്രമാണ് ലഭിക്കുക.

 

Continent Highlight: M.K. Stalin has strongly criticized the Central Government regarding the delimitation




ആദര്‍ശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related