India
പശ്ചിമേഷ്യയിൽ വേണ്ടത് നീണ്ടുനിൽക്കുന്ന സമാധാനം; സൈനിക നീക്കങ്ങളിലൂടെ പ്രശ്നപരിഹാരം സാധ്യമല്ല; ഓസ്ട്രിയൻ ചാൻസലറുമായി കൂടിക്കാഴ്ച്ച നടത്തി മോദി
ന്യൂദൽഹി: പശ്ചിമേഷ്യയിൽ നീണ്ടുനിൽക്കുന്ന സമാധാനം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനിക സംഘർഷങ്ങൾ കൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയും ഏഷ്യയും സന്ദർശനത്തിനെത്തിയ ഓസ്ട്രിയൻ ചാൻസലർ ക്രിസ്റ്റ്യൻ സ്റ്റോക്കറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മോദി ഇക്കാര്യം പറഞ്ഞത്.
‘ഇന്ന് ലോകം മുഴുവൻ അതീവ ഗുരുതരവും സംഘർഷഭരിതവുമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്, അതിന്റെ ആഘാതം നാമെല്ലാവരും അനുഭവിക്കുന്നുമുണ്ട്. ഇത്രയും സങ്കീർണ്ണമായ ഒരു ആഗോള അന്തരീക്ഷത്തിൽ സൈനിക സംഘർഷങ്ങളിലൂടെ പ്രശ്നപരിഹാരം കാണാൻ കഴിയില്ലെന്ന് ഇന്ത്യയും ഓസ്ട്രിയയും വിശ്വസിക്കുന്നു,’ മോദി പറഞ്ഞു.
ഉക്രൈനിലായാലും പശ്ചിമേഷ്യയിലായാലും സുസ്ഥിരവും ശാശ്വതവുമായ സമാധാനത്തിന് വേണ്ടിയാണ് തങ്ങൾ നിലകൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘രാഷ്ട്രീയപരമായ വലിയ മാറ്റങ്ങളുടെയും അസ്വസ്ഥതകളുടെയും കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അധികാര കേന്ദ്രങ്ങൾ മാറിക്കൊണ്ടിരിക്കുന്നു, പുതിയ സഖ്യങ്ങൾ രൂപപ്പെടുന്നു, സംഘർഷങ്ങൾ കൂടുതൽ സങ്കീർണ്ണമായിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ഇന്ത്യ ഓസ്ട്രിയക്ക് വിലമതിപ്പുള്ളതും വിശ്വസിക്കാൻ കഴിയുന്നതുമായ ഒരു പങ്കാളിയാണ്,’ ഓസ്ട്രിയൻ ചാൻസലർ ക്രിസ്ത്യൻ സ്റ്റോക്കർ പറഞ്ഞു.
കരുത്തുള്ളവന്റേതാണ് ലോകം എന്നതിലുപരി നിയമാധിഷ്ഠിതമായ ഒരു ലോകക്രമത്തിന് വേണ്ടിയാണ് തങ്ങൾ നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘2026 ലെ ചരിത്രപരമായ ഇന്ത്യ – യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിനെത്തുടർന്ന് ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധത്തിൽ ഒരു പുതിയ സുവർണ്ണ അധ്യായം ആരംഭിച്ചിരിക്കുകയാണ്. ചാൻസലർ സ്റ്റോക്കറുടെ ഈ സന്ദർശനത്തിലൂടെ ഇന്ത്യ – ഓസ്ട്രിയ ബന്ധത്തെയും ഞങ്ങൾ ഒരു പുതിയ യുഗത്തിലേക്ക് നയിക്കുകയാണ്,’ മോദി കൂട്ടിച്ചേർത്തു.
സൈനികം, ഭീകരവാദ വിരുദ്ധ പ്രവർത്തനം, നൈപുണ്യ വികസനം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും വിവിധ കരാറുകളിൽ ഒപ്പുവെച്ചു. ഇന്ത്യൻ – ഓസ്ട്രിയൻ കമ്പനികൾക്കും നിക്ഷേപകർക്കും നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനുമായി ഒരു ഫാസ്റ്റ് ട്രാക്ക് സംവിധാനം രൂപീകരിക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചു.
കൂടാതെ അടിസ്ഥാന സൗകര്യങ്ങൾ, ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റങ്ങൾ, റോഡ് സുരക്ഷ, ഇലക്ട്രോണിക് ടോൾ പിരിവ് എന്നിവയിലെ സാങ്കേതിക സഹകരണത്തിനായുള്ള കരാർ പുതുക്കുകയും ചെയ്തിട്ടുണ്ട്.
Content Highlight: What is needed in the West Asia is lasting peace; military action cannot solve the problem; Modi meets Austrian Chancellor
മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം




