ബി.ജെ.പിയുടെ വോട്ട് വിഹിതം ഇടിയുന്നു, മണ്ഡല പുനര്‍ നിര്‍ണയം അധികാരത്തിലേക്കുള്ള കുറുക്കുവഴി: കേന്ദ്രത്തിനെതിരെ ഡിംപിള്‍ യാദവ്
ന്യൂദല്‍ഹി: വനിതാ സംവരണ നിയമത്തെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ നിലപാട് കേന്ദ്രസര്‍ക്കാര്‍ തെറ്റായി ചിത്രീകരിക്കുകയാണെന്ന് സമാജ്‌വാദി പാര്‍ട്ടി എം.പി ഡിംപിള്‍ യാദവ്.
2023ല്‍ തന്നെ പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ പിന്തുണച്ചിരുന്ന കാര്യം അവര്‍ ചൂണ്ടിക്കാട്ടി. ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ഡിംപിള്‍ യാദവ്.
സ്ത്രീ ശാക്തീകരണത്തില്‍ സര്‍ക്കാരിന് യഥാര്‍ത്ഥത്തില്‍ താത്പര്യമില്ലെന്നും രാഷ്ട്രീയ നേട്ടത്തിനായി ‘മണ്ഡല പുനര്‍ നിര്‍ണ്ണയത്തെ’ ഒരു ആയുധമാക്കുകയാണെന്നും ഡിംപിള്‍ യാദവ് പറഞ്ഞു.
ബി.ജെ.പിയുടെ വോട്ട് വിഹിതം കുറയുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ഭേദഗതി കൊണ്ടുവന്നതെന്നും ഡിംപിള്‍ പറഞ്ഞു.
കഴിഞ്ഞ രണ്ടര വര്‍ഷമായി സെന്‍സസ് നടത്താത്തത് എന്തുകൊണ്ടാണ്? ഇപ്പോള്‍ സെന്‍സസ് നടത്തിയിരുന്നെങ്കില്‍ സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ ഇതിനകം ലഭിക്കുമായിരുന്നു. എസ്.സി, എസ.്ടി, ഒ.ബി.സി, ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് തുല്യ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
‘ആനയുടെ കൊമ്പുകള്‍ പോലെയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം. ഒന്ന് പ്രദര്‍ശനത്തിനും മറ്റൊന്ന് കഴിക്കാനും. 20 വര്‍ഷം പഴക്കമുള്ള സെന്‍സസ് വിവരങ്ങള്‍ വെച്ച് മണ്ഡല പുനര്‍ നിര്‍ണ്ണയം നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ ഉദ്ദേശ്യങ്ങള്‍ ഒട്ടും വ്യക്തമല്ല.’ ഡിംപിള്‍ യാദവ് പറഞ്ഞു.
ഇന്നലെ സഭയില്‍ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും സര്‍ക്കാരിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ബി.ജെ.പി ‘നാരി’ (സ്ത്രീ) എന്ന വാക്കിനെ വെറും ‘നാര’ (മുദ്രാവാക്യം) മാത്രമാക്കി ചുരുക്കിയെന്ന് അദ്ദേഹം പരിഹസിച്ചു.
ബി.ജെ.പിയുടെ മാതൃസംഘടനയായ ആര്‍.എസ്.എസിന്റെ നേതൃനിരയില്‍ എത്ര സ്ത്രീകളുണ്ട്? ബി.ജെ.പിയും സഖ്യകക്ഷികളും ഭരിക്കുന്ന 21 സംസ്ഥാനങ്ങളില്‍ എത്ര വനിതാ മുഖ്യമന്ത്രിമാരുണ്ടെന്നും അദ്ദേഹം ചോദിച്ചു.
‘ബി.ജെ.പിയുടെ രീതികള്‍ പ്രവചനാതീതമാണ്. മുമ്പ് എന്‍.പി.ആര്‍ വരുമെന്ന് ജനങ്ങളോട് പറഞ്ഞിട്ട് അവര്‍ നടപ്പിലാക്കാന്‍ ശ്രമിച്ചത് എന്‍.ആര്‍.സി ആയിരുന്നു. ഇപ്പോള്‍ വനിതാ സംവരണത്തിന്റെ പേരുപറഞ്ഞ്, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ തോല്‍വി ഒഴിവാക്കാന്‍ അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ലോക്‌സഭാ മണ്ഡലങ്ങള്‍ പുനര്‍നിര്‍ണ്ണയിക്കാനാണ് ലക്ഷ്യമിടുന്നത്.
വനിതാ സംവരണത്തെ സമാജ്വാദി പാര്‍ട്ടി പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ സംവരണത്തെ എന്തിനാണ് അതിര്‍ത്തി നിര്‍ണ്ണയവുമായി ബന്ധിപ്പിക്കുന്നത്, അഖിലേഷ് യാദവ് ചോദിച്ചു.സെന്‍സസ് വൈകിപ്പിക്കാനാണ് ഈ പുതിയ നീക്കങ്ങളിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Content Highlight: Centre brought delimitation as its vote share is slipping: Dimple Yadav in LS




