India
എ.ഐ ദുരുപയോഗത്തിനെതിരെ കോടതിയെ സമീപിച്ച് അല്ലു അർജുൻ; നടന് വ്യക്തിത്വ അവകാശ സംരക്ഷണം നൽകി ദൽഹി ഹൈക്കോടതി
ന്യൂദൽഹി: തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുന്റെ വ്യക്തിത്വവും പരസ്യവകാശങ്ങളും സംരക്ഷിക്കുമെന്ന് ദൽഹി ഹൈകോടതി. നടന്റെ പേര് ചിത്രം, ശബ്ദം എന്നിവ ഡിജിറ്റൽ പ്ലാറ്റുഫോമുകളിൽ അനധികൃതമായി ഉപയുയോഗിക്കുന്നതിനെതിരെ നൽകിയ ഹര്ജിയിലായിരുന്നു കോടതി ഉത്തരവ്.
കേസ് പരിഗണിച്ച ഹൈക്കോടതി നടന്റെ വ്യക്തിത്വവും പരസ്യവകാശങ്ങളും സംരക്ഷിക്കുന്നതിനായി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്നും വ്യക്തമാക്കി.
തന്റെ വ്യക്തിത്വം അനധികൃതമായി വാണിജ്യാവശ്യങ്ങൾക്ക് ചൂഷണം ചെയ്തുവെന്നാരോപിച്ച് നടൻ സമർപ്പിച്ച ഹരജി പരിഗണിക്കവെ, ജസ്റ്റിസ് തുഷാർ റാവു ഗെഡേലയുടെ സിംഗിൾ ജഡ്ജി ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സൂചിപ്പിച്ചത്.
എ.ഐ ഉപയോഗിച്ച് നടന്റെ പേര്, ശബ്ദം, സാദൃശ്യം എന്നിവ അദ്ദേഹത്തിന്റെ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയേണ്ടതിന്റെ ആവശ്യകതയെയും കോടതി ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് എ.ഐ സാങ്കേതികവിദ്യയുടെ വളർച്ചയോടെ ഇത്തരം ദുരുപയോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് കോടതി ഇടപെടൽ.
ചില ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി നടന്റെ എ.ഐ രൂപം സൃഷ്ടിച്ച് ഉപയോക്താക്കളുമായി വീഡിയോ കോളുകൾ നടത്താൻ പോലും സാധിക്കുന്ന ആപ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് അല്ലു അർജുന്റെ അഭിഭാഷക സ്വാതി സുകുമാർ കോടതിയെ അറിയിച്ചു. ഇത് തട്ടിപ്പുകൾക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും വഴിവെക്കാൻ സാധ്യതയുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകി.
ദേശീയ തലസ്ഥാനവും നടന്റെ ജന്മനാടായ തെലങ്കാനയും തമ്മിലുള്ള ഭൂമിശാസ്ത്രപരമായ ദൂരത്തെക്കുറിച്ചും ജസ്റ്റിസ് ഗെഡേല ചോദിച്ചു. രാജ്യത്തുടനീളം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് നിയമലംഘനം നടക്കുന്നതെന്നും അതുവഴി അധികാരപരിധി ലംഘിക്കുന്നതിനെ ന്യായീകരിക്കുന്നുവെന്നും നടന്റെ അഭിഭാഷക മറുപടി നൽകി.
ഇതിനുമുമ്പ് ഗൗതം ഗംഭീർ, സുനിൽ ഗവാസ്കർ, ശ്രീ ശ്രീ രവിശങ്കർ, കജോൾ, ഐശ്വര്യ റായ് ബച്ചൻ, കരൺ ജോഹർ തുടങ്ങിയ പ്രമുഖരും തങ്ങളുടെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കാൻ കോടതിയെ സമീപിച്ചിട്ടുണ്ട്.
Content Highlight: Allu Arjun moves court against AI misuse; Delhi High Court grants protection to actor’s personality rights
നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.




