World
ഇന്ധനവില പിടിച്ചുനിര്‍ത്താനാവുന്നില്ല; റഷ്യന്‍ എണ്ണയ്ക്കുള്ള ഉപരോധ ഇളവ് വീണ്ടും നീട്ടി ട്രംപ്
വാഷിങ്ടണ്‍: ഇറാനെതിരായ യുദ്ധത്തെത്തുടര്‍ന്ന് ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍, റഷ്യന്‍ എണ്ണയ്ക്കുള്ള ഉപരോധ ഇളവ് വീണ്ടും നീട്ടി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
റഷ്യന്‍ എണ്ണ വില്‍പ്പനയ്ക്കുള്ള ഇളവുകള്‍ ഇനി നീട്ടില്ലെന്ന് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ട്രംപിന്റെ പ്രഖ്യാപനം.
ഫെബ്രുവരി അവസാനത്തോടെ ഇറാനെതിരെ യു.എസ്-ഇസ്രഈല്‍ സംയുക്താക്രമണം ആരംഭിച്ചതോടെ ലോക വിപണിയില്‍ എണ്ണവില കുതിച്ചുയരുകയാണ്.
പമ്പുകളില്‍ 30% മുതല്‍ 40% വരെ വില വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഗ്യാസ് വിലയും കുത്തനെ വര്‍ധിച്ചിരുന്നു. അമേരിക്കന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം, യു.എസിലെ ശരാശരി വിലയില്‍ വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്.
സാധാരണ അണ്‍ലെഡഡ് ഗ്യാസോലിന്‍ വില 30 ശതമാനത്തിലധികം വര്‍ധിച്ച് ഗാലണിന് 4 ഡോളറിന് മുകളിലും, ഡീസല്‍ വില 40 ശതമാനത്തിലധികം ഉയര്‍ന്ന് 5 ഡോളറിന് മുകളിലുമെത്തി.
ഈ പ്രതിസന്ധിക്ക് പരിഹാരമെന്നോണമാണ് റഷ്യന്‍ എണ്ണകള്‍ക്കുള്ള ഉപരോധ ഇളവ് നീട്ടാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചത്. ഇന്ധന വിപണിയിലെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഈ നീക്കം വലിയ രീതിയില്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് ഇളവില്ലെന്ന് കഴിഞ്ഞ ദിവസം യുഎസ് ട്രഷറി സെക്രട്ടറി കര്‍ശനമായി പറഞ്ഞിരുന്നു. എന്നാല്‍ ആഗോളതലത്തില്‍ ഗ്യാസ് വില നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തില്‍ ട്രംപ് തന്റെ മുന്‍ നിലപാടില്‍ നിന്ന് മാറ്റം വരുത്തിയിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍, കടലില്‍ കുടുങ്ങിക്കിടക്കുന്ന റഷ്യന്‍ എണ്ണ കയറ്റുമതിക്ക് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിലൂടെ കൂടുതല്‍ ക്രൂഡ് ഓയില്‍ വിപണിയിലെത്താന്‍ വഴിയൊരുങ്ങും. ഏപ്രില്‍ 11-ന് അവസാനിക്കേണ്ടിയിരുന്ന പ്രാരംഭ ഇളവ് ഇപ്പോള്‍ മെയ് 16 വരെ നീട്ടിയിട്ടുണ്ട്.
ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ 20% കടന്നുപോകുന്ന സുപ്രധാന ജലപാതയായ ഹോര്‍മുസ് കടലിടുക്ക് ഇസ്രഈല്‍-ലെബനന്‍ താത്ക്കാലിക വെടിനിര്‍ത്തലിന്റെ പത്തുദിവസം പൂര്‍ണ്ണമായും തുറന്നു നല്‍കുമെന്നും ഇറാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
‘ഹോര്‍മുസ് കടലിടുക്ക് പ്രതിസന്ധി അവസാനിച്ചു’ എന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ഇത്തരം അവകാശവാദങ്ങളെ ഇറാന്‍ തള്ളിയിട്ടുണ്ട്. ഹോര്‍മുസ് നിയന്ത്രണം സോഷ്യല്‍ മീഡിയയിലൂടെയല്ല, മറിച്ച് ഇറാന്‍ നിശ്ചയിക്കുന്ന നിയമങ്ങളിലൂടെയും ഇറാന്റെ അനുമതികളിലൂടെയുമാണെന്ന് പാര്‍ലമെന്ററി സ്പീക്കര്‍ മുഹമ്മദ് ഖാലിബാഫ് വ്യക്തമാക്കിയിട്ടുണ്ട്.
അടുത്ത ആഴ്ച അവസാനിക്കാനിരിക്കുന്ന വെടിനിര്‍ത്തല്‍ കാലയളവ് വരെ ജലപാത തുറന്നിരിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗ്ചിയും വ്യക്തമാക്കിയിട്ടുണ്ട്.
പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന സമാധാന ചര്‍ച്ചകളിലൂടെ ശാശ്വത പരിഹാരം ഉണ്ടാകുമെന്നാണ് ലോകം പ്രതീക്ഷിക്കുന്നത്.
അതേസമയം, റഷ്യന്‍ എണ്ണയ്ക്ക് ഇളവ് നല്‍കാനുള്ള ട്രംപിന്റെ തീരുമാനത്തിനെതിരെ യു.എസ് സെനറ്റിലെ ഡെമോക്രാറ്റിക് അംഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. പുടിനെതിരെ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പകരം ഇളവുകള്‍ നല്‍കുന്നത് തെറ്റായ സന്ദേശമാണെന്ന് ചക്ക് ഷൂമറും എലിസബത്ത് വാറനും ഉള്‍പ്പെടെയുള്ളവര്‍ ആരോപിക്കുന്നു. മാര്‍ച്ചില്‍ റഷ്യയുടെ വരുമാനം ഇരട്ടിയായതായും അവര്‍ ചൂണ്ടിക്കാട്ടി.
റഷ്യയ്ക്ക് ഉപരോധ ഇളവ് നല്‍കില്ലെന്ന് സെക്രട്ടറി ബെസെന്റ് ഉറപ്പുനല്‍കി വെറും രണ്ട് ദിവസത്തിന് ശേഷമാണ് ഈ തീരുമാനമുണ്ടായത്. ഭരണകൂടത്തിന്റെ ഈ നടപടി ലജ്ജാകരവും മുന്‍നിലപാടില്‍ നിന്നുള്ള മാറ്റവുമാണെന്ന് സെനറ്റര്‍മാര്‍ കുറ്റപ്പെടുത്തി.
ഇറാനുമായുള്ള സംഘര്‍ഷം കാരണം ഇന്ധനവില വര്‍ദ്ധിച്ചത് ഏറ്റവും കൂടുതല്‍ ഗുണം ചെയ്തത് റഷ്യയ്ക്കാണെന്നും മാര്‍ച്ചില്‍ മാത്രം റഷ്യയുടെ എണ്ണ വരുമാനം ഇരട്ടിയായി വര്‍ദ്ധിച്ചെന്നും ട്രംപിന്റെ നയങ്ങള്‍ പുടിനെ സഹായിക്കുന്നതാണെന്നും ഡെമോക്രാറ്റുകള്‍ ആരോപിച്ചു.
പുടിനെ പ്രീണിപ്പിക്കുന്നത് ട്രംപ് അവസാനിപ്പിക്കണമെന്നും അദ്ദേഹത്തിന് മേല്‍ കൂടുതല്‍ ശക്തമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തേണ്ട സമയമാണിതെന്നും സെനറ്റര്‍മാര്‍ ആവശ്യപ്പെട്ടു.
Content Highlight: Trump administration extends sanctions exemption on some Russian oil




