19
April, 2026

A News 365Times Venture

19
Sunday
April, 2026

A News 365Times Venture

പാര്‍ട്ടിവിട്ട് ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് ജംഷീല്‍ അബൂബക്കര്‍

Date:



Kerala


പാര്‍ട്ടിവിട്ട് ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് ജംഷീല്‍ അബൂബക്കര്‍

മലപ്പുറം: വെല്‍ഫയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ സെക്രട്ടറി സ്ഥാനം രാജിവെച്ച് ജംഷീല്‍ അബൂബക്കര്‍.

പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗത്വത്തില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും ഒഴിയുന്നതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റാണ് അദ്ദേഹം.

ഏപ്രില്‍ 18ന് വെല്‍ഫയര്‍ പാര്‍ട്ടി പതിനഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലായിരുന്നു അദ്ദേഹത്തിന്റെ രാജി. സാമൂഹ്യ നീതിയുടെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് രൂപീകരിച്ച പ്രസ്ഥാനം ഒന്നര പതിറ്റാണ്ട് പിന്നിടുമ്പോള്‍ എവിടെ എത്തി നില്‍ക്കുന്നു എന്ന് തീര്‍ച്ചയായും വിലയിരുത്തപ്പെടേണ്ടതുണ്ടെന്നും കേരളത്തില്‍ പാര്‍ട്ടി രൂപീകരിച്ചതിന്റെ ഒന്നാം നാള്‍ മുതല്‍ കൂടെ സഞ്ചരിക്കുന്ന ഒരാളെന്ന നിലയില്‍ അത്ര പ്രതീക്ഷ നല്‍കുന്നതല്ല സംഘടന അനുഭവങ്ങളെന്നും അദ്ദേഹം പറഞ്ഞു.

മുന്നോട്ട് പോവാന്‍ ആവേശം നല്‍കുന്ന ഒന്നുമില്ല. മടുപ്പും നിരാശയും മാത്രമാണ് ഒന്നര പതിറ്റാണ്ടിന്റെ നീക്കിയിരിപ്പെന്നും അദ്ദേഹം പറഞ്ഞു.

‘പാര്‍ട്ടിയെ ചോദ്യം ചെയ്യാനോ വെല്ലുവിളിക്കാനോ ഇല്ല. ജഡത്വം ബാധിച്ച ഈ നിലപാടുകള്‍ക്ക് ഒപ്പം സഞ്ചരിക്കാന്‍ കഴിയുന്ന മാനസിക അവസ്ഥ ഇല്ലാത്തതിനാല്‍ പറയുന്നതാണ്.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ ഒരുപാട് നല്ല ഓര്‍മകള്‍ നല്‍കിയ അനേകമാളുകള്‍ ഉണ്ട്. അവര്‍ക്ക് നന്ദി. പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗം, മലപ്പുറം ജില്ലാ സെക്രട്ടറി, പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം എന്നീ സ്ഥാനങ്ങളും ഉത്തരവാദിത്തങ്ങളും ഒഴിയുന്നു,’ജംഷീല്‍ അബൂബക്കര്‍ വ്യക്തമാക്കി.

താന്‍ പാര്‍ട്ടി വിടാനുള്ള കാരണങ്ങള്‍ മറ്റൊരു പോസ്റ്റില്‍ അദ്ദേഹം അക്കമിട്ട് നിരത്തുകയും ചെയ്തു.
വെല്‍ഫയര്‍ പാര്‍ട്ടിയുടെ രൂപീകരണത്തില്‍ ജാമാഅത്തെ ഇസ്‌ലാമിക്ക് പങ്കുണ്ടോ എന്ന കാര്യം പാര്‍ട്ടിയും പ്രസ്ഥാനവും ഇതുവരെ പരസ്യമായി പറഞ്ഞിട്ടില്ലെന്നും എന്നാല്‍ അത് കാപട്യമാണെന്നും അദ്ദേഹം പറഞ്ഞു.

‘സംഘടനയുടെ അടിസ്ഥാനം തന്നെ നിഷേധിച്ച് മുന്നോട്ട് പോവുമ്പോള്‍ ആഭ്യന്തരമായി അതിനെ ഹിക്മത് ആയും മാനിഫെസ്റ്റേഷന്‍ ആയും ഒക്കെ ആയാണ് ഇക്കാലമത്രയും വിശദീകരിച്ച് പോന്നത്.
വേണ്ടത്ര ദഹിച്ചിരുന്നിരുന്നില്ല എങ്കിലും പല സ്ഥലത്തും ഞാനത് വിശദീകരിച്ച് പ്രതിരോധിച്ചിട്ടുണ്ട്.

ഇത് ഇവിടെ പറയുന്നത് പ്രസ്ഥാനത്തിന് പാര്‍ട്ടിയെ വളര്‍ത്താനും വിജയിപ്പിക്കാനും ബാധ്യത ഉണ്ടായിരുന്നു എന്ന് ഓര്‍മപ്പെടുത്താന്‍ ആണ്. എന്നാല്‍ അതുണ്ടായില്ല എന്ന് മാത്രമല്ല നിരന്തരം പ്രയാസങ്ങള്‍ സൃഷ്ട്ടിച്ചിട്ടുണ്ട്,’ ജംഷീല്‍ പറയുന്നു. പാര്‍ട്ടിക്ക് ഒരു ദേശീയ നേതൃത്വം ഉണ്ടോയെന്നും ഉണ്ടെങ്കില്‍ എന്തുകൊണ്ടാണ് ശൂന്യമായിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

‘കേരളത്തിന് പുറത്ത് പ്രസ്ഥാനം മുന്‍കൈ എടുത്തിരുന്നേല്‍ എത്ര മികച്ച പാര്‍ട്ടി കമ്മിറ്റികള്‍ വരുമായിരുന്നു! പാര്‍ട്ടിക്ക് പാര്‍ലിമെന്ററി പ്രാതിനിധ്യം എന്നെ ഉണ്ടാക്കാന്‍ കഴിയുമായിരുന്നു.

കാര്യമായ ഒരു ശ്രമവും ഇക്കാര്യത്തില്‍ ഉണ്ടായില്ല എന്ന് മാത്രമല്ല പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ബോധപൂര്‍വം ശ്രമിച്ചിട്ടുമുണ്ട്. പാര്‍ട്ടി ദേശീയ സെക്രട്ടറി ആയിരുന്ന ഡോ. ലളിത ഭായ് നായിക്ക് (ഒരു മുന്‍ മന്ത്രി ആണ് അവര്‍ ) കര്‍ണാടകയില്‍ പാര്‍ട്ടിക്ക് വേണ്ടി മത്സരിച്ചപ്പോള്‍ 500 താഴെ വോട്ട് ആണ് അവര്‍ക്ക് ലഭിച്ചത്.

അവിടെ പ്രസ്ഥാനം പാര്‍ട്ടിക്കെതിരെ മറ്റൊരു സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തു. ഇങ്ങനെ എത്ര എത്ര ഉദാഹരണങ്ങള്‍ ദേശീയ തലത്തില്‍ ഉണ്ട്. കര്‍ണാടകയില്‍ ഫ്രറ്റേണിറ്റി രൂപീകരിച്ച് ശക്തമായി വന്നപ്പോള്‍ അതിനെ സൈഡ് ആക്കാന്‍ സോളിഡാരിറ്റിയെ കൊണ്ട് വന്ന് പ്രസ്ഥാനം ചെക്ക് വെച്ചു. ഇപ്പോള്‍ ഫലത്തില്‍ അവിടെ രണ്ടും ഇല്ല,’ ജംഷീല്‍ പറഞ്ഞു.

കേരളത്തില്‍ ഫ്രറ്റേണിറ്റിയെ തഴയുകയാണെന്നും പ്രസ്ഥാന നേതാക്കള്‍ തന്നെ അവഗണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ സമ്മേളനം തടയാന്‍ അമീര്‍ നടത്തിയ ഇടപെടല്‍ അങ്ങേ അറ്റം മനപ്രയാസം ഉണ്ടാക്കി. ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് നെയോ ജില്ലാ പ്രസിഡന്റ് ആയിരുന്ന എന്നെയോ വിളിക്കാതെ പ്രസ്ഥാന വിദ്യാര്‍ത്ഥി സംഘനയുടെ ശൂറ മെമ്പര്‍ ആയ ഫ്ര റ്റേണിറ്റി സംസ്ഥാന ഭാരവാഹിയെ നേരിട്ട് വിളിച്ച് പരിപാടിയില്‍ പങ്കെടുക്കരുത് എന്ന് പറഞ്ഞു. അപ്പോള്‍ ഞങ്ങളെ വിളിക്കാമായിരുന്നു.. ഞങ്ങള്‍ പ്രസ്ഥാന പ്രവര്‍ത്തകര്‍ അല്ലേ? ഫ്രറ്റേണിറ്റി ആയത് കൊണ്ട് രണ്ടാം തരം ആവുമോ? ഒന്ന് പറഞ്ഞിരുന്നേല്‍ ഞങ്ങള്‍ ആ പണിക്ക് നില്‍ക്കില്ലായിരുന്നല്ലോ,’ അദ്ദേഹം കുറിച്ചു.

Content Highlight: Fraternity Malappuram District President Jamsheel Abubacker leaves the party




നിഷാന. വി.വി



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related