19
April, 2026

A News 365Times Venture

19
Sunday
April, 2026

A News 365Times Venture

അമേരിക്ക വാഗ്ദാനം ലംഘിച്ചു; ഹോര്‍മുസ് അടച്ച് ഇറാന്‍- നാവിക ഉപരോധത്തിനെതിരെ തിരിച്ചടി

Date:



World


അമേരിക്ക വാഗ്ദാനം ലംഘിച്ചു; ഹോര്‍മുസ് അടച്ച് ഇറാന്‍: നാവിക ഉപരോധത്തിനെതിരെ തിരിച്ചടി

ടെഹ്‌റാന്‍: തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തി ഇറാന്‍. വാഷിങ്ടണുമായുള്ള ചര്‍ച്ചകളുടെ ഭാഗമായി ഹോര്‍മുസിലെ തടസ്സങ്ങള്‍ നീക്കാനുള്ള മുന്‍ തീരുമാനം റദ്ദാക്കിക്കൊണ്ടാണ് ഇറാന്റെ ഈ പുതിയ പ്രഖ്യാപനം.

ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള കപ്പല്‍ ഗതാഗതത്തിന്മേല്‍ അമേരിക്ക നാവിക ഉപരോധം തുടരുന്നത് കരാര്‍ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇറാന്റെ നടപടി.

ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ പുറത്തുവിട്ട പ്രസ്താവനയില്‍, വാഷിങ്ടണ്‍ തങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിച്ചതായി സൈനിക ആസ്ഥാനം വ്യക്തമാക്കി.

ഇറാനിയന്‍ തുറമുഖങ്ങളെ ലക്ഷ്യമാക്കി വരുന്ന കപ്പലുകള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം പുനഃസ്ഥാപിക്കാന്‍ അമേരിക്ക തയ്യാറാകുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ കര്‍ശനമായി നിയന്ത്രിക്കുമെന്ന് സൈന്യം അറിയിച്ചു.

ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ്സ് കോര്‍പ്സുമായി ബന്ധപ്പെട്ട വാര്‍ത്താ ഏജന്‍സികളായ ഫാര്‍സ്, ഐ.എസ്.എന്‍.എ, സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ ഐ.ആര്‍.ഐ.ബി എന്നിവയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

കടലിടുക്ക് മുന്‍പത്തെ അവസ്ഥയിലേക്ക് മടങ്ങുമെന്നും സായുധ സേന പ്രദേശത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കുമെന്നും ഐ.ആര്‍.ജി.സി പ്രസ്താവനയില്‍ പറയുന്നു.

ഇറാനും അമേരിക്കയും തമ്മിലുള്ള താത്കാലിക വെടിനിര്‍ത്തല്‍ കരാര്‍ ഏപ്രില്‍ 22-ന് അവസാനിക്കാനിരിക്കെയാണ് ഈ നീക്കങ്ങള്‍. സ്ഥിരമായ ഒരു വെടിനിര്‍ത്തല്‍ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കുന്നത് വരെ ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള നാവിക ഉപരോധം തുടരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.

എയര്‍ഫോഴ്‌സ് വണ്ണില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, ഏപ്രില്‍ 22-ന് ശേഷം വെടിനിര്‍ത്തല്‍ കരാര്‍ നീട്ടുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ ട്രംപ് വിസമ്മതിച്ചു.

‘ഒരുപക്ഷേ ഞാന്‍ അത് നീട്ടില്ലായിരിക്കാം, പക്ഷേ ഉപരോധം തുടരും,’ എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നിരുന്നാലും, ഭാവിയില്‍ ഒരു കരാറിനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘അത് സംഭവിക്കുമെന്ന് ഞാന്‍ കരുതുന്നു’ എന്ന പ്രതീക്ഷയായിരുന്നു ട്രംപ് പങ്കുവെച്ചത്.

എന്നാല്‍ അമേരിക്കയുടെ നിലവിലെ ഉപരോധം വെറും നിയമനടപടിയല്ലെന്നും മറിച്ച് സമുദ്ര കൊള്ളയ്ക്ക് തുല്യമാണെന്നും ഇറാന്‍ പറഞ്ഞു.

‘യു.എസ് ഉപരോധം തുടരുന്ന സാഹചര്യത്തില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ല. ജലപാതയിലൂടെ കടന്നുപോകുന്നതിന് ഇറാന്റെ അനുമതി ആവശ്യമാണ്. ഹോര്‍മുസ് തുറക്കുന്നതും അടയ്ക്കുന്നതും ഇന്റര്‍നെറ്റിലൂടെയല്ല, അത് യുദ്ധക്കളത്തിലാണ് തീരുമാനിക്കപ്പെടുന്നത്,’ ഇറാന്‍ പാര്‍ലമെന്ററി സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് പറഞ്ഞു.

സമാനമായ നിലപാടാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായില്‍ ബഖായും സ്വീകരിച്ചത്. നാവിക ഉപരോധം വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണെന്നും, ഇതിന് തക്കതായ പ്രതികരണം നല്‍കാന്‍ ഇറാന്റെ സായുധ സേനയ്ക്ക് അറിയാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇസ്രഈലും ലെബനനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിനെത്തുടര്‍ന്ന് വെള്ളിയാഴ്ച ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുത്തിരുന്നു. എന്നാല്‍, മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അമേരിക്കന്‍ നിലപാടില്‍ പ്രതിഷേധിച്ച് തീരുമാനം മാറ്റുകയായിരുന്നു.

നിലവില്‍ കടലിടുക്കിലൂടെ ചില കപ്പലുകള്‍ സഞ്ചരിക്കുന്നുണ്ടെങ്കിലും, അന്താരാഷ്ട്ര എണ്ണവ്യാപാരത്തിന്റെ ജീവനാഡിയായ ഈ പാതയിലൂടെയുള്ള ഗതാഗതം എത്രത്തോളം തടസ്സപ്പെടുമെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നുണ്ട്.

ലോകത്തെ എണ്ണ വിതരണത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിലെ ഈ തര്‍ക്കം ആഗോള സാമ്പത്തിക വിപണിയെയും എണ്ണവിലയെയും നിലവില്‍ തന്നെ ബാധിച്ചിട്ടുണ്ട്.

ഇറാന്റെ തുറമുഖങ്ങള്‍ ഉപരോധിക്കുന്നത് യു.എസ് തുടരുകയാണെങ്കില്‍ കടലിടുക്ക് പൂര്‍ണ്ണമായും അടച്ചുപൂട്ടുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇറാന്‍.

Content Highlight: Iran’s military closes Strait of Hormuz again – state media

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related