World News
ഹോര്‍മുസ് കടലിടുക്ക് പഴയ നിലയിലേക്ക് തിരിച്ചുപോകില്ലെന്ന് ഇറാന്‍; നിലപാട് വ്യക്തമാക്കി മുതിര്‍ന്ന പാര്‍ലമെന്റ് അംഗം
ഇസ്താംബുള്‍: തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് ഇനി ഒരിക്കലും യുദ്ധത്തിന് മുന്‍പുള്ള അവസ്ഥയിലേക്ക് മടങ്ങില്ലെന്ന് ഇറാന്റെ മുതിര്‍ന്ന പാര്‍ലമെന്റ് അംഗം അലി നിക്‌സാദ്. ഇസ്‌ലാമിക് റെവല്യൂഷന്‍ നേതാവിന്റെ നിര്‍ദേശ പ്രകാരമാണ് ഈ തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.
ഇറാന്‍ പാര്‍ലമെന്റിന്റെ രണ്ടാം ഡെപ്യൂട്ടി സ്പീക്കറായ അലി നിക്‌സാദ്, സെമി ഒഫീഷ്യല്‍ വാര്‍ത്താ ഏജന്‍സിയായ മെഹര്‍ ന്യൂ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹോര്‍മുസ് കടലിടിക്കിനെ കുറിച്ചും അതിന്റെ ഭാവിയെ കുറിച്ചും സംസാരിച്ചത്.
മേഖലയിലെ കപ്പല്‍ ഗതാഗതത്തിന് ഇറാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവന പുറത്തുവരുന്നത് എന്നതും ശ്രദ്ധേയമാണ്.
ഇറാനിലെ ആണവ കേന്ദ്രങ്ങളായ ഫോര്‍ഡോ, നഥാന്‍സ് എന്നിവ തകര്‍ത്തുവെന്നും ഇറാന്‍ ഇനി ആണവശേഷി കൈവരിക്കില്ലെന്നുമുള്ള ട്രംപിന്റെ പ്രസ്താവനകളെ നിക്‌സാദ് പരിഹസിച്ചു.. ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കാന്‍ ലോകത്ത് ട്രംപിന് എന്താണ് അവകാശമെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രഈലും ചേര്‍ന്ന് ഇറാന് എതിരെ ആരംഭിച്ച യുദ്ധത്തെത്തുടര്‍ന്നാണ് ഹോര്‍മുസ് കടലിടുക്കില്‍ സ്ഥിതിഗതികള്‍ വഷളായത്.
ഇതിന് മറുപടിയായി ഏപ്രില്‍ 13 മുതല്‍ അമേരിക്കന്‍ നാവികസേന ഇറാനിയന്‍ തുറമുഖങ്ങളില്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
കടലിടുക്കിലെ നിയന്ത്രണങ്ങള്‍ ആഗോള ഊര്‍ജ്ജ വിതരണത്തെ, പ്രത്യേകിച്ച് ഏഷ്യന്‍ രാജ്യങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്.
പ്രശ്‌നപരിഹാരത്തിനായി പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ രണ്ടാഴ്ച മുന്‍പ് ചര്‍ച്ചകള്‍ നടന്നെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു.
ഏപ്രില്‍ എട്ടിന് പാകിസ്ഥാന്‍ മുന്‍കൈ എടുത്ത് പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പിന്നീട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നീട്ടിയിരുന്നു.
ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണം, ഇറാനിയന്‍ തുറമുഖങ്ങള്‍ക്കെതിരെയുള്ള അമേരിക്കന്‍ ഉപരോധം, ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണം എന്നിവയില്‍ ഇരു രാജ്യങ്ങള്‍ക്കും അഭിപ്രായഭിന്നതെ ഉടലെടുത്തതോടെയാണ് ചര്‍ച്ചകള്‍ അലസിപ്പിരിഞ്ഞത്.
നിലവില്‍ അടുത്ത ഘട്ട ചര്‍ച്ചകള്‍ക്കുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഹോര്‍മുസ് കടലിടുക്കിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന ഇറാന്റെ നിലപാട് പ്രതിസന്ധി വര്‍ധിപ്പിക്കുന്നു.
Content Highlight: Iranian parliament member says Strait of Hormuz will not return to normal
ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.




