India
ബംഗാളിൽ ജനാധിപത്യം കൊലചെയ്യപ്പെട്ടു, ബി.ജെ.പിയുടെ ജൈത്ര യാത്ര പഞ്ചാബിൽ അവസാനിക്കും; കെജ്‌രിവാൾ
ന്യൂദൽഹി: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് ബി.ജെ.പി അട്ടിമറിച്ചെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനറും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. ബി.ജെ.പിയുടെ ജൈത്ര യാത്ര പഞ്ചാബ് തടയുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചാണ് എൻ.ഡി.എ പശ്ചിമ ബംഗാളിൽ വിജയിച്ചതെന്ന് പറഞ്ഞ കെജ്‌രിവാൾ ബി.ജെ.പി ജനാധിപത്യത്തെ കൊലപ്പെടുത്തിയെന്നും പ്രസ്താവിച്ചു.
‘പശ്ചിമ ബംഗാളിൽ അവർ ചെയ്തത് തന്നെയാണ് ഡൽഹിയിൽ എന്റെ നിയമസഭാ മണ്ഡലത്തിലും ചെയ്തത്, വോട്ടുകൾ നീക്കം ചെയ്താണ് അവർ ജയിച്ചത്,’ അദ്ദേഹം പറഞ്ഞു.
‘ജനാധിപത്യം ഇന്ന് ഭീഷണിയിലാണ്. 2014 ൽ നരേന്ദ്ര മോദിക്ക് അനുകൂലമായ ഒരു തരംഗമുണ്ടായിരുന്നു, അവർ തെരഞ്ഞെടുപ്പുകൾ ജയിച്ചുകൊണ്ടേയിരുന്നു. എന്നാൽ 2015 ൽ ഡൽഹിയിൽ അവർക്ക് വെറും മൂന്ന് സീറ്റുകൾ മാത്രമാണ് ലഭിച്ചത്. അവർ പഞ്ചാബിൽ അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ തകർക്കും,’ കെജ്‌രിവാൾ പറഞ്ഞു.
വരാനിരിക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പ് മോദിയുടെ അവസാന തെരഞ്ഞെടുപ്പായിരിക്കുമെന്നും പഞ്ചാബിന് ശേഷം മോദി സർക്കാർ വീഴുമെന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.
പഞ്ചാബിൽ സർക്കാരിന് അനുകൂലമായ വികാരം നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഭരണകൂടം ചെയ്ത പ്രവർത്തനങ്ങൾ ഓരോ ഗ്രാമവും അംഗീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആം ആദ്മി പാർട്ടിവിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറിയ രാജ്യസഭാ അംഗങ്ങളെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു.
‘ബി.ജെ.പി ആ എം.പി മാരെ പഞ്ചാബിൽ നിന്ന് കൊള്ളയടിച്ചതാണ്, അവരെ തടയാൻ നാം എല്ലാവരും പരിശ്രമിക്കണം. വിദേശ ആക്രമണങ്ങളെ പഞ്ചാബ് ചരിത്രത്തിൽ തടഞ്ഞിട്ടുണ്ട്, എന്നാൽ ഇത്തവണ ശത്രു ഉള്ളിൽ തന്നെയാണ് അവരെയും നമ്മൾ തുരത്തണം,’ കെജ്‌രിവാൾ കൂട്ടിച്ചേർത്തു.
ഡൽഹിയിലെ ഭരണവും നഷ്ടപ്പെട്ടതോടെ അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞടുപ്പ് ആം ആദ്മി പാർട്ടിക്ക് ഏറെ നിർണായകമാണ്.
Content Highlight: Democracy was murdered in Bengal, BJP’s victory march will end in Punjab: Kejriwal
മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം




