Kerala
രാജ്യത്തിന്റെ മതേതര മൂല്യങ്ങളും പാരമ്പര്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നത്; കര്‍ണാടകയില്‍ ഹിജാബ് വിലക്ക് പിന്‍വലിച്ച നടപടിയില്‍ എ.പി അബൂബക്കര്‍ മുസല്യാര്‍
ബെംഗളൂരു: കര്‍ണാടകയിലെ സ്‌കൂളുകളില്‍ നിലനിന്നിരുന്ന ഹിജാബ് നിരോധനം പിന്‍വലിച്ച കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്ത് കാന്തപുരം എ.പി അബൂബക്കര്‍ മുസല്യാര്‍.
കര്‍ണാടക സര്‍ക്കാരിന്റെ നടപടി രാജ്യത്തിന്റെ മതേതര മൂല്യങ്ങളും പാരമ്പര്യവും ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് അബൂബക്കര്‍ മുസല്യാര്‍ പറഞ്ഞു.
ഹിജാബ് നിരോധനം നടപ്പിലാക്കിയ സമയത്ത് തന്നെ ഉത്തരവാദിത്തപെട്ടവരെ പ്രതിഷേധം അറിയിച്ചിരുന്നുവെന്നും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മുഖ്യമന്ത്രിയുമായും ന്യൂനപക്ഷ ക്ഷേമ മന്ത്രിയുമായും സ്പീക്കറുമായും ഇക്കാര്യത്തില്‍ നേരിട്ടും അല്ലാതെയും പലതവണ ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവുമൊടുവില്‍ കഴിഞ്ഞ മാസം തന്നെ സന്ദര്‍ശിച്ച കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായും കര്‍ണാടക ന്യൂനപക്ഷക്ഷേമ മന്ത്രിയുമായും ഈ വിഷയം ഊന്നിപ്പറയുകയും അപ്പോള്‍ തന്നെ മുഖ്യമന്ത്രിയുമായി ഫോണില്‍ ബന്ധപ്പെടുകയും ചെയ്തിരുന്നുവെന്നും അബൂബക്കര്‍ മുസല്യാര്‍ പറഞ്ഞു.
‘സമത്വം, അന്തസ്, സാഹോദര്യം, വിദ്യാഭ്യാസ അവകാശം, മതേതരത്വം, യുക്തിബോധം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങളെയും നാനാത്വത്തില്‍ ഏകത്വം എന്ന നമ്മുടെ നാടിന്റെ വൈവിധ്യത്തിലധിഷ്ഠിതമായ പാരമ്പര്യത്തെയും ഉള്‍ക്കൊള്ളുന്നതുകൂടിയാണ് ഈ ഉത്തരവ്.
ഭരണഘടനാ വിരുദ്ധവും വിദ്യാഭ്യാസ അവകാശത്തെ നിഷേധിക്കുന്നതുമായ മുന്‍ സര്‍ക്കാര്‍ നിലപാട് തിരുത്താന്‍ തയ്യാറായ ഭരണകൂടത്തെ എന്റെ ആശംസകള്‍ അറിയിക്കുന്നു.
വിശ്വാസപരവും പാരമ്പരാഗതവുമായ വസ്ത്രധാരണത്തിന്റെ പേരില്‍ വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ നിന്ന് വിദ്യാര്‍ഥികളെ പുറത്താക്കാന്‍ പാടില്ലെന്ന ഈ ഉത്തരവ് വിവേചനരഹിതവും നിഷ്പക്ഷവുമായായിരിക്കണം നടപ്പിലാക്കേണ്ടത്. അക്കാര്യത്തില്‍ അധികൃതരും വിദ്യാഭ്യാസ സ്ഥാപനങ്ങളും അധ്യാപകരും ശ്രദ്ധപുലര്‍ത്തണമെന്ന് ഉണര്‍ത്തുന്നു,’ അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 2022ല്‍ ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന ഹിജാബ് നിരോധനം കഴിഞ്ഞ ദിവസമായിരുന്നു സിദ്ധരാമയ്യ സര്‍ക്കാര്‍ പിന്‍വലിച്ചത്.
നിശ്ചയിച്ചിട്ടുള്ള യൂണിഫോമിനൊപ്പം പരമ്പരാഗതവും ആചാരപരവുമായ അടയാളങ്ങള്‍ ധരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അനുവാദമുണ്ടാകുമെന്ന് പുതിയ ഉത്തരവില്‍ പറയുന്നു.
ഉഡുപ്പിയിലെ ഒരു സര്‍ക്കാര്‍ കോളജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ തടഞ്ഞതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. യൂണിഫോം നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 5ന് ബിജെപി സര്‍ക്കാര്‍ ഉത്തരവിറക്കി.
കേസ് കോടതിയിലുമെത്തി. 2022 മാര്‍ച്ചില്‍ കര്‍ണാടക ഹൈക്കോടതി ഹിജാബ് നിരോധനം ശരിവെച്ചു. ഹിജാബ് ധരിക്കുന്നത് ഇസ്‌ലാം മതത്തിലെ അവിഭാജ്യ ഘടകമല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. കേസ് സുപ്രീം കോടതിയിലെത്തിയപ്പോള്‍ രണ്ടംഗ ബെഞ്ച് ഭിന്നവിധി പുറപ്പെടുവിച്ചു. ഇതോടെ വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കായി വിട്ടിരിക്കുകയാണ്.
Content Highlight: Upholding the secular values and traditions of the country; AP Abubacker Musalyaar on the government’s move to lift the hijab ban in Karnataka
നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.




