14
May, 2026

A News 365Times Venture

14
Thursday
May, 2026

A News 365Times Venture

പൊതു ഇടത്തല്ലെങ്കില്‍ ജാതി അധിക്ഷേപ കുറ്റമില്ല; സുപ്രീം കോടതി വിധി ആശങ്കാ ജനകമെന്ന് സി.പി.ഐ.എം

Date:

‘പൊതു ഇടത്തല്ലെങ്കില്‍ ജാതി അധിക്ഷേപ കുറ്റമില്ല’; സുപ്രീം കോടതി വിധി ആശങ്കാ ജനകമെന്ന് സി.പി.ഐ.എം

ന്യൂദല്‍ഹി: ജാതി അധിക്ഷേപങ്ങള്‍ പൊതു ഇടങ്ങളിലോ പൊതുജനം സാക്ഷിയാകാവുന്ന തരത്തിലോ നടന്നതല്ലെങ്കില്‍ അത് എസ്.സി, എസ്.ടി നിയമത്തിന്റെ 3(1)ആര്‍, 3(1) എസ് വകുപ്പുകള്‍ പ്രകാരം കുറ്റകരമല്ലെന്ന സുപ്രീം കോടതി രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ് അങ്ങേയറ്റം ആശങ്കാ ജനകമെന്ന് സി.പി.ഐ.എം. പൊളിറ്റ് ബ്യൂറോ. ഈ വിഷയത്തില്‍ പുനപരിശോധനയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ പുനപരിശോധനാ ഹരജി നല്‍കണമെന്ന് പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

നാല് ചുവരുകള്‍ക്കുള്ളില്‍ നടക്കുന്ന ജാതി അധിക്ഷേപങ്ങള്‍ ഈ വകുപ്പുകള്‍ പ്രകാരം കുറ്റകരമല്ലെന്ന് കോടതി ഉത്തരവില്‍ പറയുന്നു. കേസെടുക്കണമെങ്കില്‍ സംഭവം നടന്നത് പൊതുജനത്തിന് ദൃശ്യമായ തരത്തിലാവണം. സ്വകാര്യ ഇടത്ത് ആണെങ്കില്‍ എന്താണ് നടന്നതെന്ന് പൊതുജനത്തിന് അറിയാന്‍ സാധിക്കുന്ന തരത്തിലാണെങ്കിലും ഈ വകുപ്പുകള്‍ പ്രകാരം കേസെടുക്കാമെന്നും ഈ ഉത്തരവില്‍ പറയുന്നു.

ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്രയുടെയും ജസ്റ്റിസ് എന്‍.വി അഞ്ജനയുടെയും ബെഞ്ചിന്റേതാണ് ഉത്തരവ്. ഗിരിജാകുമാരി ആന്‍ഡ് അതേഴ്‌സ് വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് ഡല്‍ഹി കേസില്‍ കോടതി സങ്കുചിതമായ കാഴ്ചപ്പാട് സ്വീകരിച്ച് കുറ്റപത്രം റദ്ദാക്കാന്‍ ആവശ്യപ്പെടുകയായിരുന്നെന്നും സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

വിവിധ കാരണങ്ങളാല്‍ ഈ ഉത്തരവ് ആശങ്കയുയര്‍ത്തുന്നതാണെന്ന് പൊളിറ്റ് ബ്യൂറോ അഭിപ്രായപ്പെട്ടു. രാജ്യത്ത് എസ്.സി, എസ്.ടി സമുദായങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍ വലിയ രീതിയുള്ള വര്‍ധനവുണ്ടാവുന്ന സമയത്താണ് ഈ ഉത്തരവ് വന്നിരിക്കുന്നത്. ഈ സമുദായങ്ങളിലുള്ളവരുടെ അവകാാശങ്ങളെ പ്രതികൂലമായി ബാധിക്കുന്ന സുപ്രീംകോടതി വിധികളുടെ പരമ്പരയില്‍ ഏറ്റവും ഒടുവിലത്തേതാണിതെന്നും സി.പി.ഐ.എം വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഈ വിധി കാരണം വീടുകളിലോ ഓഫീസ്, സ്‌കൂള്‍, കോളേജ് പോലുള്ള ഇടങ്ങളിലോ എസ്.സി എസ്.ടി സമുദായങ്ങളിലെ വ്യക്തികള്‍ക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങളും അതിക്രമങ്ങളും വര്‍ധിക്കാന്‍ ഈ വിധി കാരണമാവുകയാണെങ്കില്‍ അത് ദുരന്തപൂര്‍ണമായിരിക്കും. ഇത്തരത്തിലുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നവര്‍ നാല് ചുമരുകള്‍ക്കുള്ളില്‍ അങ്ങനെ ചെയ്യാന്‍ തങ്ങള്‍ക്ക് നിയമപരമായ തടസ്സമില്ലെന്ന് കരുതുമെന്നും പാര്‍ട്ടി ആശങ്ക പ്രകടിപ്പിച്ചു.

തന്റെ വീട്ടിലേക്ക് രണ്ട് പേര്‍ അതിക്രമിച്ച് കയറി തനിക്കും ഭാര്യക്കും നേര്‍ക്ക് ജാതീയ അധിക്ഷേപം നടത്തിയെന്ന ഒരാളുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതി ഉത്തരവ്. കേസില്‍ പരാതിക്കാരനും രണ്ട് പ്രതികളും സഹോദരങ്ങളും എസ്.സി വിഭാഗത്തില്‍ പെട്ടവരാണെന്നും രണ്ട് പ്രതികളുടെയും ഭാര്യമാര്‍ എസ്.സി ഇതര വിഭാഗത്തില്‍ പെട്ടവരാാണെന്നും ഇത് സംബന്ധിച്ച ലൈവ് ലോ റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ കീഴ്‌കോടതി എസ്.സി/എസ്.ടി നിയമപ്രകാരം കേസില്‍ കുറ്റം ചുമത്തിയിരുന്നു. കിഴ്‌ക്കോടതി ഉത്തരവില്‍ ഇടപെടാന്‍ ദല്‍ഹി ഹൈക്കോടതി വിസമ്മതിച്ചിരുന്നു. പിന്നീട് സുപ്രീം കോടതിയിലെത്തുകയുമായിരുന്നു.

Content Highlight: CPIM Expressed concern over Supreme Court Judgement Related to SC St Act

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related