23
May, 2026

A News 365Times Venture

23
Saturday
May, 2026

A News 365Times Venture

വിചാരണ വൈകിയാല്‍ കസബിനും ജാമ്യം നല്‍കുമോ സുപ്രീം കോടതിയോട് കേന്ദ്രം; ദല്‍ഹി കലാപക്കേസ് പ്രതികള്‍ക്ക് ഇടക്കാല ജാമ്യം

Date:



national news


‘വിചാരണ വൈകിയാല്‍ കസബിനും ജാമ്യം നല്‍കുമോ’ സുപ്രീം കോടതിയോട് കേന്ദ്രം; ദല്‍ഹി കലാപക്കേസ് പ്രതികള്‍ക്ക് ഇടക്കാല ജാമ്യം

ന്യൂദല്‍ഹി: ഭീകരവിരുദ്ധ നിയമം, യു.എ.പി.എ പ്രകാരമുള്ള കേസുകളില്‍, വിചാരണ വൈകുന്നത് ജാമ്യം നല്‍കാനുള്ള കാരണമായി കണക്കാക്കാമോ എന്ന് വിഷയം വിശാല ബെഞ്ചിന് വിട്ട് സുപ്രീം കോടതി.

2020ലെ ദല്‍ഹി കലാപക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് പ്രതികള്‍ക്ക് ആറ് മാസത്തെ ഇടക്കാല ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി നടപടി. ജസ്റ്റിസ് അരവിന്ദ് കുമാര്‍, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

പ്രതികളായ അബ്ദുള്‍ ഖാലിദ് സൈഫി, തസ്ലീം അഹമ്മദ് എന്നിവര്‍ക്കാണ് ആറ് മാസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്.

എന്നാല്‍ വിചാരണ വൈകുന്നു എന്ന കാരണത്താല്‍ യു.എ.പി.എ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ ദല്‍ഹി പോലീസിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു ശക്തമായി എതിര്‍ത്തു.

വിചാരണ വൈകുന്നത് ജാമ്യം ലഭിക്കാനുള്ള സ്വയംസിദ്ധമായ അവകാശമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

അജ്മല്‍ കസബിന്റെയും ഹാഫിസ് സയീദിന്റെയും കേസ് ഉദാഹരിച്ചുകൊണ്ടായിരുന്നു അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ജാമ്യം അനുവദിച്ച വിധിയെ എതിര്‍ത്തത്.

‘അജ്മല്‍ കസബിന്റെ കേസ് പരിശോധിച്ചാല്‍, അതില്‍ ധാരാളം സാക്ഷികളുണ്ടായിരുന്നു, അതിനാല്‍ വിചാരണ ഏഴ് വര്‍ഷത്തോളം വൈകി. ഇതിനര്‍ത്ഥം കോടതി കസബിന് ജാമ്യം നല്‍കുമെന്നാണോ? യു.എ.പി.എ കേസില്‍ പ്രതിയുടെ പങ്ക് നമ്മള്‍ പരിശോധിക്കേണ്ടതുണ്ട്.

ഹാഫിസ് സയീദിനെ ഇന്ത്യയിലെത്തിച്ച് വിചാരണ ചെയ്യുകയാണെന്ന് കരുതുക. വിദേശത്ത് നിന്ന് തെളിവുകള്‍ ശേഖരിക്കേണ്ടതിനാല്‍ ധാരാളം സാക്ഷികളുണ്ടാകും, വിചാരണ നീണ്ടുപോകും. അഞ്ച് വര്‍ഷം കഴിഞ്ഞു എന്ന കാരണത്താല്‍ അദ്ദേഹത്തിന് കോടതി ജാമ്യം നല്‍കുമോ? ഇതെല്ലാം ഓരോ കേസിന്റെയും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതില്‍ പൊതുവായ ഒരു ഫോര്‍മുല ഉണ്ടാക്കാന്‍ കഴിയില്ല,’ അദ്ദേഹം വാദിച്ചു.

യു.എ.പി.എ കേസുകളില്‍ ‘ജാമ്യം നിയമവും ജയില്‍ അപവാദവുമാണ്’ എന്ന തത്വം എല്ലാ സാഹചര്യങ്ങളിലും ബാധകമാകില്ലെന്നും, കടുത്ത കുറ്റവാളികള്‍ക്ക് ജാമ്യം നിഷേധിക്കുന്നതിനെ സുപ്രീം കോടതി തന്നെ മുന്‍പ് ശരിവെച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കാവുന്ന മറ്റ് കേസുകളില്‍, വിചാരണ വൈകുന്നത് പ്രതിയുടെ കുറ്റം കൊണ്ടല്ലെങ്കില്‍ കോടതി ജാമ്യം അനുവദിച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് കുമാര്‍ വിധി പ്രസ്താവനയ്ക്കിടെ നിരീക്ഷിച്ചു.

‘മിക്കവാറും ഞങ്ങള്‍ ജാമ്യം നല്‍കുന്നത് പരിഗണിക്കും. എന്നിരുന്നാലും, നിയമപരമായ ചോദ്യം വിശാലമായ ബെഞ്ചിന് വിടണമെന്ന ദല്‍ഹി പോലീസിന്റെ വാദങ്ങള്‍ ഞങ്ങള്‍ പരിശോധിക്കും,’ കോടതി പറഞ്ഞു.

യു.എ.പി.എ കേസുകളിലെ ജാമ്യം സംബന്ധിച്ച് സുപ്രീം കോടതിയുടെ വിവിധ ബെഞ്ചുകളില്‍ നിന്ന് ഭിന്നമായ ഉത്തരവുകള്‍ വന്നതോടെയാണ് വിഷയം വിശാലബെഞ്ചിന് വിട്ടത്.

ജസ്റ്റിസ് ബി.വി. നാഗരത്‌ന അധ്യക്ഷയായ ബെഞ്ച്, ‘ജാമ്യം നിയമവും ജയില്‍ അപവാദവുമാണ്’ എന്നത് വെറുമൊരു മുദ്രാവാക്യമല്ലെന്നും യു.എ.പി.എ കേസുകളിലും ഇത് ബാധകമാണെന്നും നിരീക്ഷിച്ചിരുന്നു. വിചാരണയിലെ ദീര്‍ഘമായ കാലതാമസം ജാമ്യത്തിനുള്ള കാരണമാണെന്ന് കെ.എ. നജീബ് കേസ് ഉദ്ധരിച്ച് കോടതി വ്യക്തമാക്കി.

നേരത്തെ, ജനുവരി അഞ്ചിന് ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവര്‍ക്ക് ജാമ്യം നിഷേധിച്ച ഈ ബെഞ്ച്, ഭീകരവാദ കേസുകളില്‍ തടവ് നീണ്ടുപോകുന്നത് ജാമ്യത്തിനുള്ള ‘സമ്പൂര്‍ണ അവകാശമായി’ കാണാന്‍ കഴിയില്ലെന്ന് നിരീക്ഷിച്ചിരുന്നു

ഈ വൈരുദ്ധ്യങ്ങള്‍ പരിഹരിക്കാനായി വിഷയം ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരിഗണനയ്ക്ക് വിട്ടു. കടുത്ത നിയമങ്ങള്‍ നിലനില്‍ക്കുമ്പോഴും വിചാരണ വൈകുന്നത് മൗലികാവകാശ ലംഘനമാകുമോ എന്നതില്‍ ഇനി വിശാല ബെഞ്ചാണ് തീരുമാനമെടുക്കുക.

 

Content highlight: Centre asks Supreme Court, ‘Will Ajmal Kasab also be granted bail if trial is delayed’; Delhi riots case accused granted interim bail

 




ആദര്‍ശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related