26
May, 2026

A News 365Times Venture

26
Tuesday
May, 2026

A News 365Times Venture

കൂടുതല്‍ രാജ്യങ്ങള്‍ ഇസ്രഈലുമായി അബ്രഹാം ഉടമ്പടിയിലെത്തണം; ഇറാനുമായുള്ള കരാര്‍ എല്ലാവര്‍ക്കും മികച്ചതെങ്കില്‍ മാത്രമെന്ന് ട്രംപ്

Date:



Trending


കൂടുതല്‍ രാജ്യങ്ങള്‍ ഇസ്രഈലുമായി അബ്രഹാം ഉടമ്പടിയിലെത്തണം; ഇറാനുമായുള്ള കരാര്‍ എല്ലാവര്‍ക്കും മികച്ചതെങ്കില്‍ മാത്രമെന്ന് ട്രംപ്

വാഷിങ്ടണ്‍: ഇറാനുമായുള്ള സമാധാന ചര്‍ച്ച തുടരുന്നതിനിടെ സൗദിയും ഖത്തറും അടക്കമുള്ള രാജ്യങ്ങളോട് ഇസ്രഈലുമായുള്ള അബ്രഹാം ഉടമ്പടിയില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ദേശിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ശനിയാഴ്ച വിവിധ ഭരണാധികാരികളുമായി നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യം ആവശ്യപ്പെട്ടതായി സാമൂഹ്യ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചു.

ഇറാനുമായുള്ള കരാര്‍ എല്ലാവര്‍ക്കും മികച്ചതാണെങ്കില്‍ മാത്രമേ നിലവില്‍ വരൂ എന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. എല്ലാവര്‍ക്കും മികച്ചതല്ലെങ്കില്‍ കരാറുണ്ടാവില്ലെന്നും ട്രംപ് പറയുന്നു.

‘ഇറാനുമായുള്ള ചര്‍ച്ചകള്‍ നന്നായി മുന്നോട്ട് പോകുന്നുണ്ട്. ഒന്നുകില്‍ ഇത് എല്ലാവര്‍ക്കും വളരെ നല്ലതായ ഒരു കരാറായിരിക്കണം. അല്ലെങ്കില്‍ കരാറേ ഉണ്ടാവില്ല, അപ്പോള്‍ വീണ്ടും യുദ്ധമുഖത്തേക്കായിരിക്കും പോകേണ്ടി വരിക. അത് മുമ്പത്തേക്കാള്‍ ശക്തിയോടെയായിരിക്കും. പക്ഷേ അത് ആര്‍ക്കും വേണ്ടാത്ത കാര്യമാണ്,’ ട്രംപിന്റെ പോസ്റ്റില്‍ പറയുന്നു.

സൗദി, യു.എ.ഇ, ഖത്തര്‍, പാകിസ്ഥാന്‍, തുര്‍ക്കി, ഈജിപ്ത്, ജോര്‍ദാന്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളുടെ ഭരണാധികാരികളുമായി ശനിയാഴ്ച ചര്‍ച്ച നടത്തിയതായാണ് ട്രംപ് പറയുന്നത്. ചര്‍ച്ചയില്‍ താന്‍ അവരോട് അബ്രഹാം ഉടമ്പടിയില്‍ ഒപ്പുവയ്ക്കണമെന്ന് പറഞ്ഞതായി ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

ഒരു സങ്കീര്‍ണമായ പ്രശ്‌നം പരിഹരിക്കാനാണ് യു.എസ് ശ്രമിക്കുന്നത്. അപ്പോള്‍ ഈ രാജ്യങ്ങളെല്ലാം ചുരുങ്ങിയത് അബ്രഹാം ഉടമ്പടിയിലെങ്കിലും ഒപ്പുവയ്‌ക്കേണ്ടത് നിര്‍ബന്ധമാണെന്ന് ട്രംപ് പറയുന്നു. യു.എ.ഇയും ബഹ്‌റൈനും നിലവില്‍ അബ്രഹാം ഉടമ്പടിയില്‍ ഒപ്പുവച്ചിട്ടുണ്ട്.

‘ഒന്നോ രണ്ടോ രാജ്യങ്ങള്‍ക്ക് കരാറില്‍ ഒപ്പുവയ്ക്കാതിരിക്കാനുള്ള കാരണമുണ്ടായിരിക്കാം. അത് സ്വീകാര്യമാണ്. എന്നാല്‍ ഭൂരിഭാഗം രാജ്യങ്ങളും അതിനായി തയ്യാറായിരിക്കണം, സന്നദ്ധരായിരിക്കണം. ഇത് ഇറാനുമായുള്ള ഒത്തുതീര്‍പ്പിനെ കൂടുതല്‍ ചരിത്രപ്രാധാന്യമുള്ള സംഭവമാക്കി മാറ്റും,’ ട്രംപ് അഭിപ്രായപ്പെട്ടു.

ഇസ്രഈലും വിവിധ അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ചതാണ് അബ്രഹാം ഉടമ്പടി. 2020ല്‍ യു.എസ് മധ്യസ്ഥതയില്‍ ഈ കരാറില്‍ ആദ്യമായി ഒപ്പുവച്ചത് യു.എ.ഇയും ബഹ്‌റൈനും ആയിരുന്നു. പിന്നീട് അറബ് രാജ്യങ്ങള്‍ക്ക് പുറത്തുള്ള മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളെയും ഉടമ്പടിക്കായി പരിഗണിക്കാന്‍ തുടങ്ങി.

അബ്രഹാം ഉടമ്പടിയില്‍ പങ്കുള്ള രാജ്യങ്ങള്‍ സാമ്പത്തികവും സാമൂഹികവുമായ മുന്നേറ്റം കാഴ്ചവയ്ക്കുന്നതായി ട്രംപ് ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ യുദ്ധ സമയത്ത് പോലും യു.എ.ഇ, ബഹ്‌റൈന്‍, മൊറോക്കോ, സുഡാന്‍, കസാഖിസ്ഥാന്‍ അടക്കമുള്ള ഈ രാജ്യങ്ങള്‍ മുന്നേറ്റം കാണിക്കുന്നു. നിലവില്‍ കരാറിന്റെ ഭാഗമായ രാജ്യങ്ങള്‍ അതില്‍ നിന്ന് പുറത്ത് പോകുമെന്ന സൂചന നല്‍കുന്നില്ലെന്നും അതിന് കാരണം കരാര്‍ അവര്‍ക്ക് മികച്ചതാണെന്നതാണെന്നും ട്രംപ് അവകാശപ്പെടുന്നു.

അബ്രഹാം കരാറില്‍ ഒപ്പുവയ്ക്കുന്നതിന് സൗദിയും ഖത്തറും തുടക്കം കുറിക്കണമനെന്നും സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ട്രംപ് നിര്‍ദേശിക്കുന്നു. ‘ഖത്തറും സൗദിയും ഉടന്‍ തുടങ്ങട്ടെ. മറ്റുള്ളവര്‍ അവരെ പിന്തുടരും.’ ട്രംപ് പറഞ്ഞു.

ഈ രാജ്യങ്ങള്‍ കരാറില്‍ ഒപ്പുവയ്ക്കുന്നില്ലെങ്കില്‍ അത് അവരുടെ മോശം ഉദ്ദേശമാണ് കാണിക്കുക എന്നും ട്രംപ് പറയുന്നു. അബ്രഹാം ഉടമ്പടിയിലെത്തിയാല്‍ മിഡില്‍ ഈസ്റ്റ് ഐക്യപ്പെടുമെന്നും അവര്‍ക്ക് കൂടതല്‍ അധികാരവും സാമ്പത്തിക ശക്തിയുമുണ്ടാവുമെന്നും ട്രംപ് അവകാശപ്പെടുന്നു.

സൗദി പ്രസിഡന്റ് മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദ്, യു.എ.ഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ താനി, പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം ബിന്‍ ജാബര്‍ അല്‍ താനി, ഖത്തര്‍ മന്ത്രി അലി അല്‍ തവാദി, പാകിസ്ഥാന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ സയ്യിദ് അസിം മുനീര്‍ അഹമ്മദ് ഷാ, തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്‍, ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസി, ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്‍, ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ എന്നിവരോട് ശനിയാഴ്ച ചര്‍ച്ച നടത്തിയതായാണ് ട്രംപ് പറയുന്നത്.

Content Highlight: Trump Asks More Countries to Sign Abraham Accord to Normalize Relations With Israel as Part of Iran Deal




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related