World
ഹിമാചലില്‍ അവധിക്കാലമാഘോഷിക്കുന്ന ഇസ്രഈല്‍ യുദ്ധക്കുറ്റവാളിക്കെതിരെ നടപടി വേണമെന്ന് ഹിന്ദ് റജബ് ഫൗണ്ടേഷന്‍
ബ്രസല്‍സ്: ഹിമാചല്‍ പ്രദേശില്‍ അവധി ആഘോഷത്തിനായി എത്തിയ ഇസ്രഈല്‍ യുദ്ധക്കുറ്റവാളി എയ്റ്റാന്‍ ഗില്‍ബോവയെ അറസ്റ്റ് ചെയ്യാന്‍ ഇന്ത്യന്‍ അധികൃതരോട് ആവശ്യപ്പെട്ടതായി സന്നദ്ധ സംഘടനയായ ഹിന്ദ് റജബ് ഫൗണ്ടേഷന്‍. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്ത്യന്‍ പൊലീസിനും ആഭ്യന്തര മന്ത്രാലയത്തിനും പരാതി നല്‍കിയതായി ഹിന്ദ് റജബ് ഫൗണ്ടേഷന്‍ (എച്ച്.ആര്‍.എഫ്) പ്രസ്താവനയില്‍ അറിയിച്ചു.
ഇസ്രഈല്‍ പൗരനായ ഗില്‍ബോവ താല്‍ക്കാലിക സൈനിക സേവനം ചെയ്തിരുന്നപ്പോള്‍ ഗസയിലെ സിവിലിയന്‍ പാര്‍പ്പിട കേന്ദ്രങ്ങള്‍ നശിപ്പിക്കുന്നതില്‍ പങ്കാളിയായതായി തെളിയിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് ഇന്ത്യന്‍ അധികൃതര്‍ക്ക് അയച്ചതായി പ്രസ്താവനയില്‍ പറയുന്നു. ഭരണകൂട നടപടികളുടെ ഭാഗമായാണ് പാര്‍പ്പിട കേന്ദ്രം നശിപ്പിച്ചത്. ഈ നടപടിയെ ഗില്‍ബോവ ആഘോഷിച്ചതായും അന്വേഷണ റിപ്പോര്‍ട്ട് തെളിയിക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു.
1960ല ജനീവ കണ്‍വെന്‍ഷന്‍ പ്രകാരമുള്ള യുദ്ധക്കുറ്റങ്ങള്‍ ഗില്‍ബോവ ചെയ്തതായും ഹിന്ദ് റജബ് ഫൗണ്ടേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രഈലിന്റെ 271-ാം കോംബാറ്റ് എന്‍ജിനീയറിങ് ബറ്റാലിയനില്‍ താല്‍ക്കാലിക സൈനിക സേവനം ചെയ്തയാളാണ് ഗില്‍ബോവ. ഇയാള്‍ ഇപ്പോള്‍ ഹിമാചല്‍ പ്രദേശിലെ ഓള്‍ഡ് മണാലിയിലും ഗോണ്ട്‌ല ഗ്രാമത്തിലുമാണുള്ളതെന്നും ഹിന്ദ് റജബ് ഫൗണ്ടേഷന്‍ അറിയിച്ചു.
ഗസയില്‍ ഗില്‍ബോവ സിവിലിയല്‍ കെട്ടിടങ്ങള്‍ തകര്‍ത്തുവെന്നും ഇതിന്റെ വീഡിയോ അയാള്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി എച്ച്.ആര്‍.എഫ് വ്യക്തമാക്കി. സാധാരണക്കാര്‍ താമസിക്കുന്ന വീടുകള്‍ തകര്‍ക്കാന്‍ ഇയാള്‍ ഉത്തരവിടുന്നതിന്റെയും വീഡിയോ ചിത്രീകരിച്ചിരുന്നു.
ഈ വീഡിയോ ഇയാളുടെ മാതാവ് പിന്നീട് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഈ വീടുകള്‍ തകര്‍ത്തത് മരിച്ച ഇസ്രഈല്‍ സൈനികര്‍ക്ക് സമര്‍പ്പിച്ചുകൊണ്ടാണെന്ന് സൂചിപ്പിക്കുന്ന പോസ്റ്റുകളും ഗില്‍ബോവയുടെ മാതാവിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലുള്ളായും എച്ച്.ആര്‍.എഫിന്റെ പ്രസ്താവനയിലുണ്ട്.
ഖാന്‍ യൂനിസ്, റഫ, ഗസ സിറ്റി എന്നിവിടങ്ങളില്‍ ഗില്‍ബോവ വീടുകള്‍ നശിപ്പിച്ചതായും എച്ച്.ആര്‍.എഫ് പ്രസ്താവനയില്‍ പറയുന്നു. അന്വേഷണ റിപ്പോര്‍ട്ട്, വീഡിയോ തെളിവുകള്‍, സാമൂഹ്യ മാധ്യമ പോസ്റ്റുകളുടെ ലിങ്കുകള്‍ എന്നിവ അടക്കമാണ് ഇന്ത്യന്‍ അധികൃതര്‍ക്ക് ഈ വിഷയത്തില്‍ പരാതി നല്‍കിയതെന്നും എച്ച്.ആര്‍.എഫ് വ്യക്തമാക്കി.
ബെല്‍ജിയം ആസ്ഥാനമായി ഫലസ്തീന്‍ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഹിന്ദ് റജബ് ഫൗണ്ടേഷന്‍. 2024ല്‍ ഫലസ്തീന്‍ അനുകൂല മനുഷ്യാവകാശ പ്രവര്‍ത്തകരാണ് സംഘടന ആരംഭിച്ചത്. 2024 ജനുവരി 29ന് കൊല്ലപ്പെട്ട ആറ് വയസ്സുകാരിയായ ഫലസ്തീന്‍ ബാലിക ഹിന്ദ് റജാബിന്റെ പേരാണ് സംഘടനയ്ക്ക് നല്‍കിയത്.
വിവിധ രാജ്യങ്ങളിലെത്തിയ ഇസ്രഈലി സൈനികര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ എച്ച്.ആര്‍.എഫ് ആവശ്യപ്പെടാറുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് പരാതി സമര്‍പ്പിച്ചത്.
ഗില്‍ബോവ വിനോദ സഞ്ചാരിയല്ല ഭീകരവാദിയാണെന്ന് എച്ച്.ആര്‍.എഫ് ഡയറക്ടര്‍ ദയാബ് അബൂബ ജഹ്ജാ പ്രസ്താവനയില്‍ പറഞ്ഞു. അയാള്‍ ഒരു യുദ്ധക്കുറ്റവാളിയാണെന്നും ഇപ്പോള്‍ തന്റെ കുറ്റങ്ങളുടെ പ്രത്യാഘാതങ്ങളില്‍ നിന്ന് ഓടിയൊളിച്ച് ഇന്ത്യന്‍ ആതിഥേയത്വം ആസ്വദിക്കുകയാണെന്നും ജഹ്ജാ പറഞ്ഞു.
ഗില്‍ബോവയ്‌ക്കെതിരെ എഫ്.ഐ.ആര്‍ രേഖപ്പെടുത്താനും ജനീവ കണ്‍വെന്‍ഷന്‍ ചട്ടങ്ങള്‍ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാനും എച്ച്.ആര്‍.എഫിന്റെ പരാതിയില്‍ ഇന്ത്യന്‍ അധികൃതരോട് ആവശ്യപ്പെടുന്നുണ്ട്.
Content Highlight: Hind Rajab Foundation (HRF) Demands India Immediately Arrest Israeli Reservist Eitan Gilboa, who currently in Himachal Pradesh




