24
June, 2026

A News 365Times Venture

24
Wednesday
June, 2026

A News 365Times Venture

ട്രംപ് നെതന്യാഹുവിനെ ഭീഷണിപ്പെടുത്തിയത് ഭാര്യ സാറ വഴി; മകനെ ജയിലിലടക്കുമെന്നും ഭീഷണി; വെളിപ്പെടുത്തലുമായി ഇസ്രഈലി വ്യവസായി

Date:



World News


ട്രംപ് നെതന്യാഹുവിനെ ഭീഷണിപ്പെടുത്തിയത് ഭാര്യ സാറ വഴി; മകനെ ജയിലിലടക്കുമെന്നും ഭീഷണി; വെളിപ്പെടുത്തലുമായി ഇസ്രഈലി വ്യവസായി

 

ടെൽ അവീവ്: ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ വൻതോതിൽ ബോംബാക്രമണം നടത്താനുള്ള ഇസ്രഈലിന്റെ സൈനിക നീക്കങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തടഞ്ഞതിന് പിന്നിൽ കടുത്ത കുടുംബ ഭീഷണികളെന്ന് റിപ്പോർട്ട്.

വെറുമൊരു ഔദ്യോഗിക ഫോൺ കോളിലൂടെയുള്ള മുന്നറിയിപ്പല്ല ട്രംപ് നൽകിയതെന്നും, ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭാര്യയെയും മകനെയും വരെ വലിച്ചിഴച്ചുള്ള കടുത്ത ഭീഷണികളാണ് ട്രംപ് പ്രയോഗിച്ചതെന്നും പുതിയ വെളിപ്പെടുത്തലുകൾ വ്യക്തമാക്കുന്നു.

ഇസ്രഈലി വ്യവസായിയായ റോണി മണി നടത്തിയ വെളിപ്പെടുത്തലുകളെ ഉദ്ധരിച്ച് ഹീബ്രു വാർത്താ വെബ്സൈറ്റായ വാലാ, അന്താരാഷ്ട്ര മാധ്യമമായ മിഡിൽ ഈസ്റ്റ് മോണിറ്റര്ർ എന്നിവരാണ് വാ‍ർത്ത റിപ്പോർട്ട് ചെയ്യുന്നത്.

അമേരിക്കയും ഇറാനും തമ്മിൽ നടത്തിവന്ന അതീവ രഹസ്യമായ സമാധാന ചർച്ചകൾക്ക് ഇസ്രഈലിന്റെ ലെബനൻ ആക്രമണം തടസമാകുമെന്ന് കണ്ടതോടെയാണ് ട്രംപിന്റെ നിലതെറ്റിയത്. തുടർന്ന് ഇസ്രഈൽ രാഷ്ട്രീയത്തിലും നെതന്യാഹുവിന്റെ തീരുമാനങ്ങളിലും കടുത്ത സ്വാധീനമുള്ള അദ്ദേഹത്തിന്റെ ഭാര്യ സാറ നെതന്യാഹുവിനെ ട്രംപ് നേരിട്ട് ബന്ധപ്പെടുകയായിരുന്നു എന്ന് റോണി മണി പറഞ്ഞു.

ഭർത്താവിനെ ഈ സൈനിക നീക്കത്തിൽ നിന്ന് പിന്തിരിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. നെതന്യാഹുവിനെ നിയന്ത്രിച്ചില്ലെങ്കിൽ അദ്ദേഹത്തെ ജയിലിലടക്കുമെന്നും, നിലവിൽ അമേരിക്കയിലുള്ള അവരുടെ മകൻ യായറിനെ (Yair Netanyahu) അവിടെനിന്ന് നാടുകടത്തുമെന്നും, അമേരിക്കയിലുള്ള നെതന്യാഹു കുടുംബത്തിന്റെ ആസ്തികൾ മരവിപ്പിക്കുമെന്നും ട്രംപ് സാറയെ ഭീഷണിപ്പെടുത്തിയെന്നും ഇസ്രഈലി വ്യവസായി അവകാശപ്പെട്ടു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഇസ്രഈലിൽ പരാജയപ്പെടുകയാണെങ്കിൽ നെതന്യാഹുവിനും കുടുംബത്തിനും അമേരിക്കയിൽ രാഷ്ട്രീയ അഭയം നൽകാമെന്ന് ട്രംപ് വാഗ്ദാനം ചെയ്തതായും റോണി മണി പറഞ്ഞു.

ട്രംപിന്റെ ഈ കടുത്ത ഭീഷണിക്ക് പിന്നാലെ സാറ നെതന്യാഹു ഭർത്താവുമായി അടിയന്തിരമായി സംസാരിച്ചു. കുടുംബത്തെയും മകനെയും ബാധിക്കുന്ന കടുത്ത നടപടികളിലേക്ക് ട്രംപ് നീങ്ങുമെന്ന് ഉറപ്പായതോടെ നെതന്യാഹു നേരിട്ട് ട്രംപുമായി ബന്ധപ്പെടുകയും ബെയ്റൂട്ടിൽ ആസൂത്രണം ചെയ്തിരുന്ന വലിയ സൈനിക നീക്കങ്ങളിൽ നിന്ന് തൽക്കാലം പിന്മാറാൻ ഇസ്രഈൽ സൈന്യത്തിന് ഉത്തരവ് നൽകുകയുമായിരുന്നു.

ബെയ്റൂട്ടിൽ ഇസ്രഈൽ നടത്തുന്ന ആക്രമണങ്ങളിൽ സിവിലിയന്മാർ കൊല്ലപ്പെടുന്നതിൽ ട്രംപ് അതീവ അസ്വസ്ഥനായിരുന്നു എന്ന് നേരത്തെ പ്രമുഖ അമേരിക്കൻ മാധ്യമമായ ‘ആക്സിയോസ്’ റിപ്പോർട്ട് ചെയ്തിരുന്നു.

“നിങ്ങൾക്ക് പൂർണമായും ഭ്രാന്താണ്. ഞാനില്ലായിരുന്നെങ്കിൽ നിങ്ങൾ ഇപ്പോൾ ജയിലിലായേനെ. നിങ്ങളുടെ പ്രവർത്തികൾ കാരണം ഇപ്പോൾ ലോകത്ത് എല്ലാവരും നിങ്ങളെയും ഇസ്രഈലിനെയും വെറുക്കുകയാണ്!” എന്ന് ട്രംപ് കോളിലൂടെ നെതന്യാഹുവിനോട് പറഞ്ഞിരുന്നു.

ഈ വെളിപ്പെടുത്തലുകൾ മിഡിൽ ഈസ്റ്റിൽ വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്തിയിട്ടുണ്ടെങ്കിലും വൈറ്റ് ഹൗസോ, നെതന്യാഹുവിന്റെ ഓഫീസോ, ഇസ്രഈൽ സർക്കാറോ ഔദ്യോഗികമായി ഇതിനോട് പ്രതികരിച്ചിട്ടില്ല.

എന്നിരുന്നാലും, അമേരിക്കയുടെ കടുത്ത സമ്മർദ്ദത്തിന് വഴങ്ങി ലെബനനുമായി ഒരു താത്കാലിക വെടിനിർത്തലിന് ഇസ്രഈൽ ധാരണയായ പശ്ചാത്തലത്തിൽ, പുറത്തുവന്ന ഈ ഇൻസൈഡ് റിപ്പോർട്ടുകൾക്ക് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്.

 

Content Highlight: Israeli businessman reveals Trump threatened Netanyahu through his wife Sara

 




ആദര്‍ശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related