Trending
യു.എസ്-ഇറാന് ധാരണാപത്രം 24 മണിക്കൂറിനുള്ളിലെന്ന് പാകിസ്ഥാന്; ഞായറാഴ്ച പറ്റില്ലെന്ന് ഇറാന്
ഇസ്ലാമാബാദ്: ഇറാന്-യു.എസ് സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ഇസ്ലാമാബാദ് ധാരണാപത്രത്തില്‍ ഇരു കക്ഷികളും 24 മണിക്കൂറിനകം ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പാകിസ്ഥാന് പ്രധാനമന്ത്രി ഷഹ്ബാസ് ഷെറീഫ്. കരാര്‍ അന്തിമ ഘട്ടത്തോട് അടുക്കുകയാണെന്നും 24 മണിക്കൂറിനുള്ളില്‍ തന്നെ കരാര്‍ അന്തിമമായി ഡിജിറ്റലായി ഒപ്പുവയ്ക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷീക്കുന്നുവെന്നും ഷഹ്ബാസ് ഷെറീഫ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.
‘നമ്മള് കരാറിനോട് കൂടുതല്‍ അടുത്തിട്ടുണ്ട്. ഇത് അടുത്ത 24 മണിക്കൂറിനുള്ളില്‍ അന്തിമമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉടന്‍ തന്നെ കരാറില്‍ ഡിജിറ്റലായി ഒപ്പുവയ്ക്കാന്‍ പാകിസ്ഥാന് തയ്യാറെടുക്കുകയാണ്. അതിന് ശേഷം സാങ്കേതിക തലത്തിലുള്ള ചര്‍ച്ചയും അടുത്തവാരമുണ്ടാവും.’ ഷഹ്ബാസ് ഷെറീഫ് എക്സില്‍ കുറിച്ചു.
‘ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളോട് കാണിച്ച ആത്മാര്‍ത്ഥതയില്‍ യു.എസിനോടും ഇറാനോടും ഞങ്ങള്‍ നന്ദി പ്രകടിപ്പിക്കുന്നു. മേഖലയിലുള്ള ഞങ്ങളുടെ സഹോദരങ്ങളുടെ പിന്തുണയെ ഞങ്ങള്‍ അഭിനന്ദിക്കുന്നു,’ പാക് പ്രധാനമന്ത്രി പറഞ്ഞു.
ഈ ചരിത്ര പ്രാധാന്യമുള്ള കരാര്‍ ഇനിയുള്ള കാലം മുഴുവന്‍ നിലനില്‍ക്കുന്ന സമാധാനത്തിന് അടിത്തറ പാകുമെന്ന് തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, 24 മണിക്കൂറിനുള്ളില്‍ കരാരില്‍ ഒപ്പുവെക്കാന്‍ സാധ്യതയില്ലെന്നാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം വ്യക്തമാക്കുന്നത്. കരാറില്‍ ഞായറാഴ്ച ഒപ്പുവക്കെില്ലെന്ന് ഇറാന് വിദേശകാര്യമന്ത്രാലയം വക്താവ് ഇസ്മഈലി ബഘേലി പറഞ്ഞതായി ഇറാനിയന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
We are closer to a peace deal than ever before. With finalisation likely expected in the next 24 hours, Pakistan is preparing for the electronic signing of the peace deal immediately after, followed by technical level talks next week.
We would like to thank United States of…
— Shehbaz Sharif (@CMShehbaz) June 13, 2026
വരുന്ന ദിവസങ്ങളില്‍ കരാര്‍ അന്തിമമാവുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ബഘേലി വ്യക്തമാക്കി. എന്നാല്‍ കരാറില്‍ ഒപ്പുവയ്ക്കുന്ന ദിവസം സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം കരാറിലെ ഉള്ളടക്കം സംബന്ധിച്ച അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് യു.എസ്സും ഇറാനും പ്രതികരിച്ചിരുന്നു.
ഇസ്ലാമാബാദ് ധാരണാപത്രത്തിലെ ഉള്ളടക്കത്തെക്കുറിച്ച് വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ട്രംപ് സമൂഹ മാധ്യമമായ ട്രൂത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. ഇറാന് വ്യാജവാര്‍ത്തകള്‍ക്കായി ചോര്‍ത്തിയ വിവരങ്ങളാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ട്രംപ് ആരോപിക്കുകയം ചെയ്തിരുന്നു.
ട്രംപിന് പുറമെ ഇറാന് വിദേശകാര്യമന്ത്രി അബ്ബാസ് അറഘാച്ചിയും ധാരണാ പത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് പറഞ്ഞിരുന്നു. തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ വിട്ട് നില്‍ക്കണമെന്ന് അറഘാച്ചി എക്സ് പോസ്റ്റില്‍ കുറിച്ചിരുന്നു.
ഇസ്ലാമാബാദ് ധാരണാപത്രത്തിലേക്ക് കൂടുതല്‍ അടുത്തതായും അരഗാച്ചി വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ വിട്ട് നില്‍ക്കണം. ഇത് സംബന്ധിച്ച എല്ലാ വിവരങ്ങളും പൊതു ജനങ്ങള്‍ക്ക് മുമ്പാകെ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മില്‍ വലിയൊരു ഒത്തുതീര്‍പ്പില്‍ എത്തിയതായി ട്രംപ് നേരത്തെ പറഞ്ഞിരുന്നു. താത്കാലികമായി ഉണ്ടാക്കിയ ഈ ഒത്തുതീര്‍പ്പിന്റെ രേഖകള്‍ ഇപ്പോള്‍ അന്തിമഘട്ടത്തിലാണ്. ഈ വാരാന്ത്യത്തോടെ യൂറോപ്പില്‍ വെച്ച് കരാറില്‍ ഔദ്യോഗികമായി ഒപ്പുവെക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.
Content Highlight: Pakistan PM Says US-Iran peace deal signing expected within 24 hours, Iran denies




