20
June, 2026

A News 365Times Venture

20
Saturday
June, 2026

A News 365Times Venture

പി.എം ശ്രീ പദ്ധതി അറബിക്കടലില്‍ എറിയുമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ തലയിലേറ്റുന്നു; രൂക്ഷവിമര്‍ശനവുമായി എം. സ്വരാജ്

Date:



Kerala News


പി.എം ശ്രീ പദ്ധതി അറബിക്കടലില്‍ എറിയുമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ തലയിലേറ്റുന്നു; രൂക്ഷവിമര്‍ശനവുമായി എം. സ്വരാജ്

തിരുവനന്തപുരം: കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ കാവിവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പി.എം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനും യു.ഡി.എഫിനുമെതിരെ കടുത്ത വിമര്‍ശനവുമായി സി.പി.ഐ.എം നേതാവ് എം. സ്വരാജ്.

നേരത്തെ പദ്ധതിയെ നഖശിഖാന്തം എതിര്‍ത്തവര്‍ ഇപ്പോള്‍ നിലപാട് മാറ്റി അത് തലയിലേറ്റാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കോണ്‍ഗ്രസ് ജയിക്കുകയും ബി.ജെ.പി ഭരിക്കുകയും ചെയ്യുന്ന വിചിത്രമായ കാഴ്ചയ്ക്കാണ് കേരളം ഇപ്പോള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

തെരഞ്ഞെടുപ്പ് കാലത്തും അതിന് മുന്‍പും പി.എം ശ്രീ പദ്ധതിക്കെതിരെ വലിയ കോലാഹലങ്ങളാണ് യു.ഡി.എഫ് നേതാക്കള്‍ സംസ്ഥാനത്ത് സൃഷ്ടിച്ചതെന്ന് എം. സ്വരാജ് ചൂണ്ടിക്കാട്ടി.

അധികാരത്തില്‍ വന്നാല്‍ പി.എം ശ്രീ പദ്ധതി അറബിക്കടലില്‍ എറിയുമെന്നാണ് ഇപ്പോഴത്തെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി അന്ന് പ്രസ്താവിച്ചത്. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ പദ്ധതി നിര്‍ത്തലാക്കുമെന്ന് മുതിര്‍ന്ന യു.ഡി.എഫ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും അസന്നിഗ്ധമായി പ്രഖ്യാപിച്ചിരുന്നു.

വിദ്യാഭ്യാസ മന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ചുകള്‍ നടത്തുകയും നെടുങ്കന്‍ പ്രസ്താവനകള്‍ ഇറക്കുകയും ചെയ്ത യു.ഡി.എഫ് നേതാക്കളും സംഘടനകളും ഇപ്പോള്‍ തങ്ങള്‍ പറഞ്ഞതെല്ലാം വിഴുങ്ങി പദ്ധതിയെ സ്വാഗതം ചെയ്യുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.

‘മണ്ണിട്ടു മൂടിയ ഒരു പദ്ധതിയെ വലിച്ചെറിയുമെന്ന് പറഞ്ഞവര്‍, ഇപ്പോള്‍ കുഴിമാന്തിയെടുത്ത് തലയിലേറ്റിക്കൊണ്ട് നടക്കുകയാണ്. കേരള ജനതയോട് ഇന്നലെവരെ പറഞ്ഞ കാര്യങ്ങള്‍ വിഴുങ്ങിയതിന് കോണ്‍ഗ്രസ്-യു.ഡി.എഫ് നേതൃത്വവും സര്‍ക്കാരും ജനങ്ങളോട് മാപ്പ് പറയണം,’ എം. സ്വരാജ് പറഞ്ഞു.

പി.എം ശ്രീ പദ്ധതി കേരളത്തില്‍ നടപ്പാക്കില്ലെന്ന നിലപാടില്‍ ഇടതുപക്ഷം ഉറച്ചുനിന്നിരുന്നുവെന്ന് സ്വരാജ് വ്യക്തമാക്കി.

പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എം.ഒ.യു നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ട് നവംബര്‍ മാസം 12-ാം തീയതി കേരള സര്‍ക്കാര്‍ കേന്ദ്രത്തിന് ഔദ്യോഗികമായി രേഖാമൂലം കത്ത് നല്‍കിയിട്ടുള്ളതാണ്. മന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേന്ദ്രമന്ത്രിയെ നേരിട്ട് കണ്ട് ഈ നിലപാട് വ്യക്തമാക്കിയതുമാണ്. ഏത് സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കേണ്ടതെന്ന ആലോചന പോലും സംസ്ഥാനത്ത് നടന്നിട്ടില്ല.

കേരളം പി.എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട് കേന്ദ്രത്തില്‍ നിന്ന് പണം വാങ്ങി എന്ന രീതിയില്‍ ഉത്തരവാദപ്പെട്ടവര്‍ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്ന് സ്വരാജ് ആരോപിച്ചു. സമഗ്ര ശിക്ഷാ അഭിയാന്‍ (എസ്.എസ്.എ) ഫണ്ടും പി.എം ശ്രീ ഫണ്ടും തമ്മിലുള്ള വ്യത്യാസം പോലും മനസ്സിലാക്കാതെയാണ് ഈ പ്രചാരണം.

സ്‌കൂള്‍ യൂണിഫോം, പാഠപുസ്തക വിതരണം എന്നിവയ്ക്കായി വിദ്യാഭ്യാസ അവകാശ നിയമപ്രകാരം കേരളത്തിന് വ്യവസ്ഥാപിതമായി ലഭിക്കേണ്ട അര്‍ഹതപ്പെട്ട വിഹിതമാണ് സമഗ്ര ശിക്ഷാ ഫണ്ട്.

2023-24 മുതല്‍ കേരളം പി.എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടില്ലെന്ന കാരണം പറഞ്ഞ് കേന്ദ്രം സമഗ്ര ശിക്ഷാ ഫണ്ട് മനപൂര്‍വ്വം മരവിപ്പിച്ചു. പി.എം ശ്രീ ഫണ്ട് ഇനത്തില്‍ ഒരു നയാപൈസ പോലും കേരളം കൈപ്പറ്റിയിട്ടില്ല. സമഗ്ര ശിക്ഷയുടെ കുടിശ്ശികയായി ലഭിച്ച തുകയെയാണ് പി.എം ശ്രീ ഫണ്ടെന്ന് വ്യാജമായി ചിത്രീകരിക്കുന്നത്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെപ്പോലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മറവില്‍ കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തും കാവി ഉടുപ്പിക്കാനാണ് ഈ പദ്ധതിയിലൂടെ കേന്ദ്രം ശ്രമിക്കുന്നത്. ഇതിന് യു.ഡി.എഫ് ഭരണകൂടം കൂട്ടുനില്‍ക്കുകയാണ്.

കേരളത്തിന്റെ മതേതര മനസ്സ് ഇത്തരം നീക്കങ്ങളെ ചെറുത്തുതോല്‍പ്പിക്കുമെന്നും, കേന്ദ്രവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള ഈ പോരാട്ടത്തിന് സി.പി.ഐ.എമ്മും ഇടതുപക്ഷവും ശക്തമായ നേതൃത്വം നല്‍കുമെന്നും എം. സ്വരാജ് കൂട്ടിച്ചേര്‍ത്തു.

 

Content highlight: M Swaraj slams UDF on PM SHRI

 




ആദര്‍ശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related