19
June, 2026

A News 365Times Venture

19
Friday
June, 2026

A News 365Times Venture

ലക്ഷ്യം പുതുയുഗ കേരളം; വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ്

Date:

ലക്ഷ്യം പുതുയുഗ കേരളം; വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ്

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ച് ധനവകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി സതീശന്‍. വ്യക്തമായ ജനവിധിയോടെ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ പുതുയുഗ കേരളം സൃഷ്ടിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത്.

സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം അതീവ മോശമാണെന്ന് വിലയിരുത്തി ധനവകുപ്പ് ധവളപത്രം പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് ബജറ്റ് വരുന്നത്. ധവളപത്രത്തിലെ കണക്കുകള്‍ ഉദ്ധരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.

സംസ്ഥാനത്തിന് ആകെ 5.07 ലക്ഷം കോടി രൂപയുടെ കടബാധ്യതയുണ്ടെന്നും കടം അനുവദനീയമായ പരിധിക്കപ്പുറത്തേക്ക് വര്‍ദ്ധിച്ചെന്നും മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

കേരളത്തിന്റെ തനത് വരുമാനവും നികുതി വരുമാനവും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് താഴെയാണ്. കേന്ദ്ര വിഹിതത്തില്‍ മുന്‍ ബജറ്റില്‍ കണക്കാക്കിയതിനേക്കാള്‍ 20,500 കോടി രൂപയുടെ കുറവുണ്ടായി. ശമ്പള പരിഷ്‌കരണം സംസ്ഥാനത്തിന്റെ കടബാധ്യത കൂട്ടുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പദ്ധതി അടങ്കലില്‍ ആനുപാതിക കുറവുണ്ടാകും. 35,000 കോടി രൂപയുടേതാണ് വാര്‍ഷിക പദ്ധതി അടങ്കല്‍.

കിഫ്ബിക്കെതിരെ കടുത്ത വിമര്‍ശനവും ബജറ്റില്‍ ഉന്നയിച്ചു. കിഫ്ബി സംസ്ഥാനത്ത് സാമ്പത്തിക അസന്തുലിതാവസ്ഥ ഉണ്ടാക്കിയെന്നും, കിഫ്ബിയിലെ നിലവിലെ പ്രവര്‍ത്തനരീതി പരിഷ്‌കരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഇതിനെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക വിദഗ്ദ്ധ സമിതിയെ രൂപീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തിന്റെ 600 കിലോമീറ്റര്‍ നീളുന്ന തീരദേശവും ജലസ്രോതസ്സുകളും സംയോജിപ്പിച്ച് കേരളത്തെ ഒരു ആഗോള സമുദ്ര ശക്തിയാക്കി മാറ്റാന്‍ ‘മിഷന്‍ സമുദ്ര’ പദ്ധതി പ്രഖ്യാപിച്ചു. റോഡ്, സമുദ്രം, ഉള്‍നാടന്‍ ജലപാതകള്‍ എന്നിവ സമന്വയിപ്പിച്ച് കേരളത്തെ ഒരു മാരിടൈം സമ്പദ്വ്യവസ്ഥയാക്കുകയാണ് ലക്ഷ്യം. പദ്ധതിക്കായി 400 കോടി രൂപ വകയിരുത്തി.

കേരളത്തെ ഒരു ‘പോര്‍ട്ട് സിറ്റി’യാക്കി മാറ്റും. പുതിയ കേരള മാരിടൈം പോളിസി രൂപീകരിക്കും. വിഴിഞ്ഞം, കൊല്ലം, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങള്‍ വികസിപ്പിക്കും.

വിഴിഞ്ഞത്തെ ഒരു ‘ഗ്രീന്‍ ബങ്കറിങ്’ തുറമുഖമാക്കി മാറ്റും. കൂടാതെ മദര്‍ഷിപ്പ് നിര്‍മ്മാണം ലക്ഷ്യമാക്കി ഇവിടെ കപ്പല്‍ നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കും. ഈ തൊഴില്‍ കേന്ദ്രങ്ങളില്‍ തീരദേശത്തുള്ളവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തും. സംസ്ഥാനത്ത് ഒരു മാരിടൈം മ്യൂസിയം സ്ഥാപിക്കുന്നതിനായി 50 കോടി രൂപ മാറ്റിവെച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജലഗതാഗത വികസനത്തിനും ബജറ്റില്‍ ഊന്നല്‍ നല്‍കുന്നുണ്ട്. വ്യോമയാന മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി കേരളത്തിലെ നാല് വിമാനത്താവളങ്ങളെയും പ്രധാന ലോജിസ്റ്റിക്‌സ് ഹബ്ബാക്കി മാറ്റാന്‍ അടിസ്ഥാന സൗകര്യ പദ്ധതികള്‍ നടപ്പാക്കും.

എവിയേഷന്‍ ലോജിസ്റ്റിക്സ് ഹബ്ബിനായി 200 കോടി രൂപ വകയിരുത്തി. വിമാന അറ്റകുറ്റപ്പണി, പൈലറ്റ് പരിശീലനം തുടങ്ങിയവ ഇതിന്റെ ഭാഗമാകും.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് അനുബന്ധമായി ഒരു ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കും. സ്‌പേസ് പാര്‍ക്കിനായി 5 കോടി രൂപ അനുവദിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളെ തന്ത്രപരമായ ദേശീയ പ്രാധാന്യമുള്ള ഏകീകൃത സാമ്പത്തിക മേഖലയായി യോജിപ്പിക്കും. ഇതിന്റെ ഭാഗമായി സതേണ്‍ കേരള ഇക്കണോമിക് കോറിഡോറിന് 50 കോടി രൂപ വകയിരുത്തി.

റെയര്‍ എര്‍ത്ത് ആന്‍ഡ് ക്രിട്ടിക്കല്‍ മിനറല്‍സ് കോറിഡോറിനായി 100 കോടി രൂപ പ്രഖ്യാപിച്ചു. ഭൂമി ഏറ്റെടുക്കലിനായി ഏകജാലക പദ്ധതി നടപ്പിലാക്കും.

കടുത്ത പ്രതിസന്ധികള്‍ക്കിടയിലും ജനക്ഷേമ പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് ബജറ്റില്‍ മുഖ്യമന്ത്രി പറഞ്ഞു. യു.ഡി.എഫിന്റെ പ്രഖ്യാപിത വാഗ്ദാനങ്ങളായ ഇന്ദിരാ ഗ്യാരണ്ടികള്‍ ഇതിനകം നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്.

മാരക രോഗങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കാനും ദുര്‍ബല വിഭാഗങ്ങള്‍ക്ക് സമയബന്ധിതമായി സാമ്പത്തിക സഹായം എത്തിക്കാനുമുള്ള പദ്ധതിയാണിത്. ഇതിനായി 1 കോടി രൂപ മാറ്റിവെച്ചു. കെ.എസ്.ആര്‍.ടി.സിയിലെ സൗജന്യ യാത്രയും പ്രിയദര്‍ശിനി പദ്ധതിയെക്കുറിച്ചും ബജറ്റില്‍ പരാമര്‍ശിച്ചു.

ആശാ വര്‍ക്കര്‍മാരുടെയും അങ്കണവാടി ജീവനക്കാരുടെയും ഓണറേറിയം വര്‍ദ്ധിപ്പിച്ചു. ആരോഗ്യമേഖല മെച്ചപ്പെടുത്തുന്നതിനൊപ്പം വയോജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള പദ്ധതികളും വിഭാവനം ചെയ്യുന്നു. സംസ്ഥാനത്തെ ജനസംഖ്യയിലെ ഘടനാപരമായ മാറ്റങ്ങളെക്കുറിച്ച് പഠനം നടത്തും.

വിദേശത്തേക്ക് തൊഴില്‍ തേടിപ്പോകുന്ന യുവാക്കളെ സംസ്ഥാനത്ത് തന്നെ നിലനിര്‍ത്താനും അവര്‍ക്ക് നാട്ടില്‍ തന്നെ അവസരങ്ങള്‍ ഒരുക്കാനുമായി ‘കേരള നോളഡ്ജ് വാലി’ പദ്ധതിക്കായി 100 കോടി രൂപ വകയിരുത്തി.

വയനാട് ട്രൈബല്‍ സര്‍വകലാശാലയ്ക്കായി 50 കോടി രൂപ അനുവദിച്ചു. കേരളത്തിലേക്ക് പുതിയ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി ഇന്‍വെസ്റ്റ് കേരള സെല്‍ രൂപീകരിക്കും.

ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി പ്രത്യേക പദ്ധതി നടപ്പിലാക്കും. സംരംഭകര്‍ക്ക് സാമ്പത്തിക-സാങ്കേതിക സഹായങ്ങള്‍ ലഭ്യമാക്കാന്‍ 100 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്.

വികസനത്തിന്റെയും ക്ഷേമപ്രവര്‍ത്തനങ്ങളുടെയും കൃത്യമായ സൂചികയാണ് ഈ ബജറ്റെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Kerala Budget Presentation 2026




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ധാരണാപത്രം പ്രകാരം ഹോര്‍മുസിലെ തടസ്സം നീങ്ങി; പക്ഷേ ലെബനനില്‍ ഇസ്രഈല്‍ ആക്രമണങ്ങള്‍ തുടരുന്നു

ബെയ്‌റൂട്ട്: യു.എസ്-ഇറാന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ധാരണാ പത്രത്തിലെ പ്രധാന വ്യവസ്ഥകളിലൊന്ന് ഹോര്‍മുസ് കടലിടുക്കിലെ...