Kerala
പ്രവാസികള്‍ക്കായുള്ള വാഗ്ദാനങ്ങള്‍ ബജറ്റില്‍ പാലിച്ചില്ല: അടിയന്തര പ്രശ്‌നങ്ങളൊന്നും പരിഗണിച്ചില്ല: പ്രവാസി ലീഗല്‍ സെല്‍
തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ പ്രവാസികളുടെയും മടങ്ങിയെത്തിയ പ്രവാസികളുടെയും ക്ഷേമ നടപടികളില്‍ ഭൂരിഭാഗവും അവഗണിച്ചിരിക്കുകയാണെന്ന് പ്രവാസി ലീഗല്‍ സെല്‍. ബജറ്റ് പ്രവാസി സമൂഹത്തെ നിരാശപ്പെടുത്തുന്നതാണെന്ന് ലീഗല്‍ സെല്‍ അഭിപ്രായപ്പെട്ടു.
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘പ്രവാസി ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട്’ സ്വാഗതാര്‍ഹമാണെങ്കിലും പ്രവാസികളുടെ അടിയന്തര പ്രശ്‌നങ്ങള്‍ക്ക് ആവശ്യമായ പ്രാധാന്യം ബജറ്റില്‍ ലഭിച്ചിട്ടില്ലെന്ന് സംഘടന വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കേരളത്തെ പണമയക്കല്‍ സമ്പദ് വ്യവസ്ഥയില്‍ നിന്ന് നിക്ഷേപ സമ്പദ് വ്യവസ്ഥയിലേക്ക് മാറ്റുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച പദ്ധതിയാണ് പ്രവാസി ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട്.
യു.ഡി.എഫ്. തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട് നല്‍കിയിരുന്ന പ്രധാന വാഗ്ദാനങ്ങളില്‍ ഭൂരിഭാഗത്തിനും ബജറ്റില്‍ ഇടം കിട്ടിയിട്ടില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
പ്രവാസി പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കല്‍, പ്രവാസി ക്ഷേമ ബോര്‍ഡിനുള്ള സര്‍ക്കാര്‍ വിഹിതം വര്‍ദ്ധിപ്പിക്കല്‍ തുടഘങ്ങിയ വാഗ്ദാനങ്ങളൊന്നും ബജറ്റില്‍ ഉള്‍പ്പെട്ടില്ല. 60 വയസ്സ് കഴിഞ്ഞ പ്രവാസികള്‍ക്കും അംഗത്വവും ആനുകൂല്യങ്ങളും നല്‍കുന്ന കാര്യവും പരിഗണിച്ചില്ല. മടങ്ങിയെത്തിയ പ്രവാസികള്‍ക്കായുള്ള നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതി, പുനരധിവാസ പദ്ധതികള്‍ തുടങ്ങിയ സുപ്രധാന വാഗ്ദാനങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ലീഗല്‍ സെല്‍ ചൂണ്ടിക്കാട്ടി.
പ്രവാസി പെന്‍ഷന്‍ വിതരണം ഏകദേശം ഒന്നര മാസമായി മുടങ്ങിക്കിടക്കുകയാണ്. പ്രവാസികളുടെ പെന്‍ഷന്‍ കുടിശ്ശിക തീര്‍ക്കുന്നതിനോ മുടക്കമില്ലാതെ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനോ ആവശ്യമായ പ്രത്യേക ബജറ്റ് വകയിരുത്തലോ സംവിധാനമോ പ്രഖ്യാപിച്ചിട്ടില്ല. പ്രവാസി പെന്‍ഷന്‍ വിതരണം മുടക്കമില്ലാതെ ഉറപ്പാക്കുന്നതിന് ആവശ്യമായ ഫണ്ട് ബജറ്റില്‍ വകയിരുത്തണമെന്ന ശക്തമായ ആവശ്യം ധനമന്ത്രി പരിഗണിച്ചില്ലെന്നത് അത്യന്തം നിരാശാജനകമാണെന്നും ലീഗല്‍ സെല്‍ അഭിപ്രായപ്പെട്ടു.
മടങ്ങിയെത്തിയ പ്രവാസികള്‍ക്കായുള്ള ‘നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി’ നടപ്പിലാക്കുമെന്ന യു.ഡി.എഫ്. തിരഞ്ഞെടുപ്പ് വാഗ്ദാനവും ബജറ്റില്‍ അവഗണിക്കപ്പെട്ടതായും ലീഗല്‍ സെല്‍ ചൂണ്ടിക്കാട്ടി. പദ്ധതി നടപ്പാക്കുന്ന ഏജന്‍സിയായ നോര്‍ക്ക റൂട്ട്‌സ് ഇതിനോടകം തന്നെ സര്‍ക്കാരിന് അനുകൂല ശുപാര്‍ശ സമര്‍പ്പിക്കുകയും പദ്ധതി നടപ്പാക്കാന്‍ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും അതിനാവശ്യമായ യാതൊരു പ്രഖ്യാപനമോ അനുമതിയോ ഉണ്ടായിട്ടില്ലെന്നും ലീഗല്‍ സെല്‍ ചൂണ്ടിക്കാട്ടി.
ഈ പദ്ധതി നടപ്പിലാക്കുന്നതിനായി സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യതയോ ബജറ്റ് വകയിരുത്തലോ ആവശ്യമില്ല. എന്നിട്ടു പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ഭരണാനുമതി പോലും നോര്‍ക്ക റൂട്ട്‌സിന് ഇതുവരെ നല്‍കാതിരുന്നത് ഖേദകരവും പ്രവാസി സമൂഹത്തോടുള്ള അവഗണനയുമാണെന്നും സംഘടന അഭിപ്രായപ്പെട്ടു.
‘പ്രവാസി ക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന അവ്യക്തമായ ഒരു പരാമര്‍ശം മാത്രമാണ് ബജറ്റ് പ്രസംഗത്തിലുള്ളത്. ഇത്തരം പൊതുപ്രസ്താവനകള്‍ മാത്രം മതിയാകില്ല. വെല്‍ഫെയര്‍ ബോര്‍ഡിനെ ശക്തിപ്പെടുത്തുന്നതിനും അംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായി വ്യക്തമായ നയപരമായ തീരുമാനങ്ങളും സാമ്പത്തിക വകയിരുത്തലുകളും സമയബന്ധിത നടപടികളുമാണ് പ്രവാസി സമൂഹം പ്രതീക്ഷിക്കുന്നത്.
60 വയസ്സ് കഴിഞ്ഞ പ്രവാസികള്‍ക്കും ക്ഷേമ പദ്ധതി അംഗത്വവും ആനുകൂല്യങ്ങളും അനുവദിക്കണമെന്ന ദീര്‍ഘകാല ആവശ്യം ബജറ്റില്‍ പരിഗണിക്കാതിരുന്നതും ഖേദകരമാണ്. യു.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഈ വിഷയത്തില്‍ വ്യക്തമായ ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും ബജറ്റില്‍ അതിനെക്കുറിച്ച് യാതൊരു പരാമര്‍ശവും ഉണ്ടായിട്ടില്ല.’ പ്രസ്താവനയില്‍ പറയുന്നു.
പ്രവാസി സമൂഹത്തിന് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ വന്ന ഈ ഗുരുതരമായ വീഴ്ചകള്‍ സര്‍ക്കാര്‍ തിരുത്തണമെന്ന് പ്രവാസി ലീഗല്‍ സെല്‍ ആവശ്യപ്പെട്ടു. അനുബന്ധ ബജറ്റ് വകയിരുത്തലുകളിലൂടെയോ പ്രത്യേക പ്രവാസി ക്ഷേമ പാക്കേജിലൂടെയോ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും പ്രവാസി ലീഗല്‍ സെല്‍ ജനറല്‍ സെക്രട്ടറി അഡ്വ. ആര്‍. മുരളീധരന്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
Content Highlight: Pravasi Legal Cell Response on Kerala State Budget




