1
July, 2026

A News 365Times Venture

1
Wednesday
July, 2026

A News 365Times Venture

ഞങ്ങള്‍ പാകിസ്ഥാന്റെ ഭാഗമല്ല, പഴയ വ്യാപാര പാതകള്‍ തുറക്കും, ഇന്ത്യയുമായി കൈകോര്‍ക്കും; പാക് അധീന കശ്മീരില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം

Date:



World News


ഞങ്ങള്‍ പാകിസ്ഥാന്റെ ഭാഗമല്ല, പഴയ വ്യാപാര പാതകള്‍ തുറക്കും, ഇന്ത്യയുമായി കൈകോര്‍ക്കും; പാക് അധീന കശ്മീരില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം

റാവലകോട്ട്: പാക് അധീന കശ്മീരില്‍ പാക് ഭരണകൂടത്തിനെതിരെയുള്ള ജനകീയ പ്രക്ഷോഭം അതിശക്തമായി തുടരുന്നു. അവശ്യസാധനങ്ങളുടെ വിതരണം പുനസ്ഥാപിച്ചില്ലെങ്കില്‍ നിയന്ത്രണരേഖയിലെ പഴയ വ്യാപാര പാതകള്‍ തുറന്ന് ഇന്ത്യയുടെ സഹായം തേടുമെന്ന് സമരക്കാര്‍ ഇസ്‌ലാമാബാദിന് കടുത്ത മുന്നറിയിപ്പ് നല്‍കി.

‘ഞങ്ങള്‍ പാകിസ്ഥാന്റെ ഭാഗമല്ല’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് റാവലകോട്ടിലെ ഈദ്ഗാഹ് മൈതാനത്ത് തടിച്ചുകൂടിയ ആയിരക്കണക്കിന് ആളുകളാണ് പാക് സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കെതിരെ പരസ്യമായി രംഗത്തുവന്നത്.

ഭക്ഷ്യക്ഷാമവും വിലക്കയറ്റവും മേഖലയില്‍ നിയന്ത്രിക്കാനാകാത്ത വിധം തുടരുകയാണ്. ഗോതമ്പടക്കമുള്ള അവശ്യസാധനങ്ങളുടെ വിതരണം പാക് സര്‍ക്കാര്‍ മനപൂര്‍വം തടസപ്പെടുത്തുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. സമരത്തെ അടിച്ചമര്‍ത്താന്‍ ജനങ്ങളെ പട്ടിണിക്കിടുന്ന നയമാണ് രാജ്യം സ്വീകരിക്കുന്നതെന്നും ഇവര്‍ പറയുന്നു.

പാക് അധീന കശ്മീരില്‍ വന്‍തോതില്‍ ജലവൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും അത് പാതിസ്ഥാനിലെ മറ്റ് പ്രവിശ്യകളിലേക്ക് കടത്തുകയാണ്. അതേസമയം പ്രാദേശിക ജനങ്ങള്‍ക്ക് വന്‍ തുകയാണ് വൈദ്യുതി ബില്ലായി നല്‍കേണ്ടി വരുന്നത്.

സമാധാനപരമായി സമരം ചെയ്യുന്ന ജനങ്ങള്‍ക്കെതിരെ പോലും കടുത്ത ഭീകരവിരുദ്ധ നിയമങ്ങള്‍ ചുമത്താനും ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കാനും സര്‍ക്കാര്‍ മുതിരുന്നതായി സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി നേതാവ് സര്‍ദാര്‍ അമന്‍ ഖാന്‍ പാക് ഭരണകൂടത്തിന് ശക്തമായ താക്കീതാണ് നല്‍കിയിരിക്കുന്നത്.

‘ഞങ്ങള്‍ക്ക് പാകിസ്ഥാനെ ആവശ്യമില്ല, മറിച്ച് പാകിസ്ഥാനാണ് ഞങ്ങളെ ആവശ്യം. പാകിസ്ഥാന്‍ റേഷന്‍ വിതരണം തടയുകയാണെങ്കില്‍ നിയന്ത്രണരേഖയിലെ പഴയ വ്യാപാര പാതകള്‍ തുറന്ന് ഇന്ത്യയുമായി സഹകരിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകും,’ സര്‍ദാര്‍ അമന്‍ ഖാന്‍ പറഞ്ഞു.

പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജമ്മു കശ്മീര്‍ അവാമി ആക്ഷന്‍ കമ്മിറ്റിയെ പാക് സര്‍ക്കാര്‍ ഭീകരവിരുദ്ധ നിയമപ്രകാരം നിരോധിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന കടുത്ത സംഘര്‍ഷങ്ങളില്‍ ഇതുവരെ 22 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

മിര്‍പൂരിലെയും റാവലകോട്ടിലെയും താമസക്കാര്‍ ‘യഥാര്‍ത്ഥ കശ്മീരികളല്ല’ എന്ന് പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് നടത്തിയ പരാമര്‍ശം ജനങ്ങളുടെ രോഷം ഇരട്ടിയാക്കിയിട്ടുണ്ട്.

പ്രതിഷേധത്തിന്റെ ദൃശ്യങ്ങളും വിവരങ്ങളും പുറംലോകം അറിയാതിരിക്കാന്‍ ജൂണ്‍ അഞ്ച് മുതല്‍ മേഖലയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പൂര്‍ണമായി വിച്ഛേദിച്ചിരിക്കുകയാണ്. ഇന്റര്‍നെറ്റ് റദ്ദാക്കിയതു മൂലം മേഖലയിലെ സത്യാവസ്ഥകള്‍ കൃത്യമായി മനസിലാക്കാനുള്ള സ്വതന്ത്ര വിവരശേഖരണ മാര്‍ഗങ്ങള്‍ നിലവില്‍ പരിമിതമാണ്.

 

Content Highlight: Anti-government protests in Pakistan-occupied Kashmir

 




ആദര്‍ശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related