2
July, 2026

A News 365Times Venture

2
Thursday
July, 2026

A News 365Times Venture

ഇസ്രഈലിന്റെ യുദ്ധങ്ങള്‍ അവസാനിക്കില്ല; സമ്പൂര്‍ണ വിജയമെന്നത് അവസാനിക്കാത്ത പോരാട്ടം- ബെഞ്ചമിന്‍ നെതന്യാഹു

Date:



World News


ഇസ്രഈലിന്റെ യുദ്ധങ്ങള്‍ അവസാനിക്കില്ല; സമ്പൂര്‍ണ വിജയമെന്നത് അവസാനിക്കാത്ത പോരാട്ടം: ബെഞ്ചമിന്‍ നെതന്യാഹു

 

ടെല്‍ അവീവ്: മിഡില്‍ ഈസ്റ്റിലെ ഇസ്രഈല്‍ സൈനിക നടപടികള്‍ ഒരിക്കലും അവസാനിക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഈ മേഖലയില്‍ നിലവിലെ യുദ്ധങ്ങള്‍ അവസാനിക്കുമെന്ന ചര്‍ച്ചകളെ തള്ളിക്കളഞ്ഞ അദ്ദേഹം, രാജ്യം ഒരു നീണ്ടുനില്‍ക്കുന്ന സൈനിക പോരാട്ടത്തിന് തയ്യാറാണെന്ന സൂചനയാണ് നല്‍കിയത്.

ചാനല്‍ 14ന് നല്‍കിയ അഭിമുഖത്തിലാണ്, ഹമാസ്, ഹിസ്ബുല്ല, ഇറാന്‍ എന്നിവര്‍ക്കെതിരെയുള്ള ഇസ്രഈലിന്റെ സമ്പൂര്‍ണ വിജയം എന്നത് ഒരു തുടര്‍ച്ചയായ പ്രക്രിയയാണെന്നും അത് ഒരിക്കലും അവസാനിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഹമാസ്, ഹിസ്ബുല്ല നേതാക്കളെ വധിച്ചതും ഗസ, ലെബനന്‍, സിറിയ എന്നിവിടങ്ങളിലെ ഭാഗിക അധിനിവേശവും വലിയ സൈനിക നേട്ടങ്ങളാണെന്ന് നെതന്യാഹു അവകാശപ്പെട്ടു. പ്രാദേശികമായ കരുത്ത് നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ അദ്ദേഹം, ഇസ്രഈല്‍ ഇപ്പോള്‍ എന്നത്തേക്കാളും ശക്തമാണെന്നും, ഇറാന്‍ ആണവായുധം കൈവശപ്പെടുത്തുന്നത് തടയാന്‍ ആവശ്യമെങ്കില്‍ വീണ്ടും ആക്രമണം നടത്തുമെന്നും ആവര്‍ത്തിച്ചു.

ചില രാജ്യങ്ങളുമായി സമാധാന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും അനുകൂല ഫലമുണ്ടാകുന്നതുവരെ പേരുകള്‍ വെളിപ്പെടുത്തില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഗസയിലെ ജനങ്ങളെ കുറിച്ചുള്ള ചോദ്യത്തിന്, സംസാരിക്കുന്നതിനേക്കാള്‍ പ്രവര്‍ത്തിക്കാനാണ് താന്‍ താത്പര്യപ്പെടുന്നതെന്നായിരുന്നു നെതന്യാഹുവിന്റെ മറുപടി. ഗസയിലെ ജൂത കുടിയേറ്റത്തെക്കുറിച്ചും സമാനമായ രീതിയിലാണ് അദ്ദേഹം പ്രതികരിച്ചത്.

അന്താരാഷ്ട്ര സമ്മര്‍ദം നിലനില്‍ക്കുന്നതിനാല്‍ വിവാദപരമായ എല്ലാ കാര്യങ്ങളും ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, തുടര്‍ച്ചയായ യുദ്ധം ഇസ്രഈലി സമൂഹത്തില്‍ വലിയ ആഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇസ്രഈലിലെ പുതിയ ബിരുദധാരികള്‍ മുന്‍ഗാമികളേക്കാള്‍ കൂടുതല്‍ വര്‍ഗീയ ചിന്താഗതിക്കാരാണെന്ന് പ്രമുഖ ഇസ്രഈല്‍ മാധ്യമമായ ഹാരെറ്റ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇവരിലെ വലിയൊരു വിഭാഗത്തിന് ജനാധിപത്യ സ്ഥാപനങ്ങളിലും സമാധാനപരമായ പരിഹാരങ്ങളിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ സര്‍വേ പ്രകാരം, ഫലസ്തീനികള്‍ ഉള്‍പ്പെടെയുള്ള ചില വിഭാഗങ്ങള്‍ സമൂഹത്തിന്റെ ഭാഗമാകാന്‍ അര്‍ഹരല്ലെന്ന് വിശ്വസിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. മതപാഠശാലകളിലെ 52% വിദ്യാര്‍ത്ഥികളും ഈ നിലപാടുള്ളവരാണ്.

തുടര്‍ച്ചയായ യുദ്ധം ഇസ്രഈലി കുട്ടികളിലും കുടുംബങ്ങളിലും ഗുരുതരമായ മാനസികാഘാതം ഉണ്ടാക്കുന്നുണ്ടെന്ന് റെയ്ച്ച്മാന്‍ യൂണിവേഴ്‌സിറ്റിയുടെ പഠനം വ്യക്തമാക്കുന്നു.

റിസര്‍വ് സൈനികരുടെ കുട്ടികളില്‍ 75 ശതമാനവും പി.ടി.എസ്.ഡി ലക്ഷണങ്ങള്‍ കാണിക്കുന്നു, കുട്ടികളില്‍ ഉറക്കമില്ലായ്മ, അക്രമാസക്തമായ പെരുമാറ്റം തുടങ്ങിയ പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നു, മാതാപിതാക്കളിലും (35% പിതാക്കന്മാര്‍, 42% മാതാക്കള്‍) ട്രോമയുടെ ലക്ഷണങ്ങള്‍ പ്രകടമാണ് തുടങ്ങിയവയാണ് പഠനത്തിലെ പ്രധാന കണ്ടെത്തലുകള്‍.

ഇസ്രഈല്‍ ഒരു ‘ട്രോമ ബാധിത രാഷ്ട്രമായി’ മാറിയിരിക്കുകയാണെന്നും വരും വര്‍ഷങ്ങളില്‍ ഇതിന്റെ വലിയ വില നല്‍കേണ്ടി വരുമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു. നീണ്ടുനില്‍ക്കുന്ന യുദ്ധം ഇസ്രഈലി സമൂഹത്തെ കൂടുതല്‍ കഠിനമാക്കുകയും പരക്കെ മാനസികാഘാതം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, ഇറാനും അമേരിക്കയും തമ്മിലുള്ള ധാരണകള്‍ അട്ടിമറിക്കാന്‍ ഇസ്രഈല്‍ ശ്രമിക്കുകയാണെന്ന് ഇറാന്റെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഘാലിബാഫ് ആരോപിച്ചു. ലെബനനിലെ ഇസ്രഈലിന്റെ സൈനിക നീക്കങ്ങള്‍ ഈ കരാറിനെ ഭയന്നുള്ള പരിഭ്രാന്തി മൂലമാണെന്നും അദ്ദേഹം പറഞ്ഞു.

 

Content Highlight: Benjamin Netanyahu says Israel’s wars will never end

 




ആദര്‍ശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related