ചന്ദ്രികയില്‍ ലേഖനമെഴുതിയാല്‍ പോരാ, മന്ത്രിമാരോട് രാജി ആവശ്യപ്പെടാനുള്ള ആര്‍ജവം കാണിക്കണം; സാദിഖലി തങ്ങളോട് ശിവന്‍കുട്ടി
തിരുവനന്തപുരം: കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാരിന്റെ സമീപകാല നടപടികള്‍ക്കെതിരെയും അതില്‍ മുസ്‌ലിം ലീഗ് പുലര്‍ത്തുന്ന മൗനത്തിനെതിരെയും രൂക്ഷവിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന സമിതി അംഗവും മുന്‍ മന്ത്രിയുമായ വി. ശിവന്‍കുട്ടി.
മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് അയച്ച കത്ത് എന്ന പേരില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് വി. ശിവന്‍കുട്ടി വിമര്‍ശനമുന്നയിക്കുന്നത്.
മതേതര കേരളം വലിയ ആശങ്കയോടെയാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ നോക്കിക്കാണുന്നതെന്നും, ഭരണമുന്നണിയിലെ പ്രധാന കക്ഷിയായ മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ അലംഭാവം ദുരൂഹമാണെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഭവന പദ്ധതിയിലെ പ്രധാനമന്ത്രിയുടെ ചിത്രം: കേന്ദ്ര സര്‍ക്കാരിന്റെ ഭവന പദ്ധതിയില്‍ പ്രധാനമന്ത്രിയുടെ ചിത്രമോ ലോഗോയോ പതിക്കണമെന്ന വ്യവസ്ഥ അംഗീകരിക്കാമെന്ന മന്ത്രി ഷാജിയുടെ പ്രസ്താവന മതേതര കേരളത്തിന് പ്രഹരമാണ്.
സര്‍ക്കാര്‍ പണം മുടക്കി നിര്‍മിച്ച 5 ലക്ഷം വീടുകളില്‍ ഒരു ഭരണകര്‍ത്താവിന്റെയും ചിത്രം പതിപ്പിക്കില്ലെന്ന് മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കര്‍ശന നിലപാടെടുത്തിരുന്നു. എന്നാല്‍ നിലവിലെ യു.ഡി.എഫ് സര്‍ക്കാര്‍ ആ പാരമ്പര്യം കാറ്റില്‍പ്പറത്തി സംഘപരിവാര്‍ അജണ്ടകള്‍ക്ക് കുടപിടിക്കുകയാണെന്ന് ശിവന്‍കുട്ടി കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ലീഗ് മന്ത്രിമാര്‍ പച്ചക്കൊടി കാണിച്ചു. കൂടാതെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി വെട്ടിക്കുറച്ച് മദ്യപാനം പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ തീരുമാനങ്ങള്‍ തിരുത്താന്‍ മുഖ്യമന്ത്രിയോട് കര്‍ശന നിലപാട് സ്വീകരിക്കാന്‍ സാദിഖലി തങ്ങള്‍ തയ്യാറാകണമായിരുന്നു. ചന്ദ്രിക പത്രത്തില്‍ ലേഖനമെഴുതി വിമര്‍ശിക്കുന്നതിന് പകരം മന്ത്രിമാരോട് രാജിവെക്കാന്‍ ആവശ്യപ്പെടാനുള്ള ആര്‍ജ്ജവമാണ് ലീഗ് നേതൃത്വം കാണിക്കേണ്ടതെന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍. ശേഷാദ്രിനാഥനെ നിയമിച്ചതിന് പിന്നില്‍ സംഘപരിവാര്‍ രാഷ്ട്രീയമുണ്ട്. അദ്ദേഹത്തിന്റെ മുന്‍കാല സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ മറച്ചുവെച്ചാണ് ഈ സുപ്രധാന പദവിയില്‍ നിയമിച്ചത്. ഇത് വോട്ടര്‍പട്ടികയിലും തെരഞ്ഞെടുപ്പ് പ്രക്രിയകളിലും ബി.ജെ.പിക്ക് അനായാസം ഇടപെടാന്‍ വഴിയൊരുക്കുമെന്നും ശിവന്‍കുട്ടി കുറ്റപ്പെടുത്തി.
‘മതേതരത്വവും കേരളത്തിന്റെ സാമൂഹിക സുസ്ഥിതിയും സംരക്ഷിക്കാന്‍ ഇനിയും സമയം അതിക്രമിച്ചിട്ടില്ല. യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഇത്തരം കാവി അജണ്ടകള്‍ക്കെതിരെ മതേതര ജനാധിപത്യ വിശ്വാസികളെ അണിനിരത്തി സി.പി.ഐ.എം ശക്തമായ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോസ്റ്റിന്റെ പൂര്‍ണരൂപം
ബഹുമാനപ്പെട്ട പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍,
അഭിവാദ്യങ്ങള്‍.
കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ മണ്ഡലത്തില്‍ അങ്ങേയറ്റം ഗൗരവതരമായ ചില വിഷയങ്ങള്‍ അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് ഈ കത്തെഴുതുന്നത്. മതേതര കേരളം വലിയ ആശങ്കയോടെയാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ സമീപകാല പ്രവര്‍ത്തനങ്ങളെ നോക്കിക്കാണുന്നത്. ഭരിക്കുന്ന കക്ഷികളിലെ പ്രധാന ഘടകകക്ഷിയായ മുസ്‌ലിം ലീഗ് നേതൃത്വം ഇക്കാര്യങ്ങളില്‍ പുലര്‍ത്തുന്ന മൗനവും അലംഭാവവും അങ്ങേയറ്റം ദുരൂഹമാണ്.
മതേതരത്വത്തിന്റെ പാരമ്പര്യം പേറുന്നവരാണ് മുസ്‌ലിം ലീഗ് എന്ന് അവകാശപ്പെടുമ്പോള്‍, ആ പാര്‍ട്ടിയുടെ നേതാക്കള്‍ ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ വിരോധാഭാസമായി മാറുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഭവന പദ്ധതിയില്‍ പ്രധാനമന്ത്രിയുടെ ചിത്രമോ ലോഗോയോ പതിക്കണമെന്ന വ്യവസ്ഥ അംഗീകരിക്കാമെന്നുള്ള മന്ത്രി ഷാജിയുടെ പ്രസ്താവന, മതേതര കേരളത്തിന്റെ ആത്മവീര്യത്തിന് മേല്‍ പതിച്ച പ്രഹരമാണ്.
സര്‍ക്കാര്‍ പണം മുടക്കി പണിത അഞ്ച് ലക്ഷം വീടുകളില്‍ ഒരു ഭരണകര്‍ത്താവിന്റെയും ചിത്രം പതിപ്പിക്കരുതെന്ന് നിര്‍ബന്ധബുദ്ധിയോടെ നിലപാടെടുത്തവരാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍. എന്നാല്‍, ഇന്ന് യു.ഡി.എഫ് സര്‍ക്കാര്‍ ആ പാരമ്പര്യത്തെ കാറ്റില്‍പ്പറത്തി സംഘപരിവാര്‍ അജണ്ടകള്‍ക്ക് കുടപിടിക്കുകയാണ്.
പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ പച്ചക്കൊടി കാണിക്കാന്‍ ലീഗ് മന്ത്രിമാര്‍ തയ്യാറായതും, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി വെട്ടിക്കുറച്ച് മദ്യപാനം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതും അങ്ങയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകുമല്ലോ.
ചന്ദ്രിക പത്രത്തില്‍ ലേഖനമെഴുതി ഇതിനെ വിമര്‍ശിക്കുന്നതിന് പകരം, ഈ തീരുമാനങ്ങള്‍ തിരുത്താന്‍ മുഖ്യമന്ത്രിയെ വിളിച്ച് കര്‍ശനമായ നിലപാട് സ്വീകരിക്കാനല്ലേ അങ്ങ് തയ്യാറാവേണ്ടിയിരുന്നത്? അത് ചെയ്യാന്‍ അങ്ങ് തയ്യാറല്ലെങ്കില്‍, മന്ത്രിമാരോട് രാജിവെക്കാന്‍ ആവശ്യപ്പെടാനുള്ള ആര്‍ജ്ജവമെങ്കിലും ലീഗ് നേതൃത്വം കാണിക്കണ്ടേ?
ഇതിനെല്ലാം പുറമെയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍. ശേഷാദ്രിനാഥനെ നിയമിച്ചതിലെ സംഘപരിവാര്‍ രാഷ്ട്രീയം. സംഘപരിവാര്‍ പശ്ചാത്തലമുള്ള ഒരാളെ ഇത്തരമൊരു സുപ്രധാന പദവിയില്‍ നിയമിക്കുമ്പോള്‍, അദ്ദേഹത്തിന്റെ മുന്‍കാല സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ പോലും മറച്ചുവെക്കപ്പെട്ടത് ആരുടെ താത്പര്യപ്രകാരമാണ്?
വോട്ടര്‍ പട്ടികയിലും തിരഞ്ഞെടുപ്പ് പ്രക്രിയകളിലും ബി.ജെ.പിക്ക് അനായാസം ഇടപെടാന്‍ വഴിയൊരുക്കുന്നതല്ലേ ഈ നിയമനം?
മതേതരത്വവും കേരളത്തിന്റെ സാമൂഹിക സുസ്ഥിതിയും സംരക്ഷിക്കാന്‍ ഇനിയും സമയം അതിക്രമിച്ചിട്ടില്ല.
യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഇത്തരം കാവി അജണ്ടകള്‍ക്കെതിരെ മതേതര ജനാധിപത്യ വിശ്വാസികളെ അണിനിരത്തി സി.പി.ഐ.എം പോരാട്ടം തുടരുക തന്നെ ചെയ്യും.
സ്‌നേഹത്തോടെ,
വി. ശിവന്‍കുട്ടി
സി.പി.ഐ.എം സംസ്ഥാന സമിതി അംഗം, മുന്‍ മന്ത്രി
Content Highlight: V. Sivankutty criticizes Sadiqali Thangal.




