India
പീഡനം: ഉദ്യോഗസ്ഥന് കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടും നടപടിയെടുക്കാതെ സുരേഷ് ഗോപി അധ്യക്ഷനായ എസ്.ആര്.എഫ്.ടി.ഐ
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ സത്യജിത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (എസ്.ആര്.എഫ്.ടി.ഐ) ലൈംഗിക പീഡന പരാതിയില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടും ഉദ്യോഗസ്ഥനെതിരെ സ്ഥാപന അധികൃതര്‍ നടപടി സ്വീകരിച്ചില്ല.
ഒരു മുന്‍ വിദ്യാര്‍ത്ഥിനിയും അധ്യാപക പാനലിലെ ഒരാളുമാണ് എസ്.ആര്.എഫ്.ടി.ഐ ഉന്നതോദ്യോഗസ്ഥനെതിരെ രണ്ട് വര്‍ഷം മുമ്പ് ലൈംഗിക പീഡന പരാതി നല്‍കിയത്. പരാതി അന്വേഷിച്ച ഇന്റേണല്‍ കമ്മിറ്റി (ഐ.സി) ഈ ഉദ്യോഗസ്ഥന് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
ഉന്നത ഉദ്യോഗസ്ഥന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടും അയാള്‍ക്കെതിരെ നടപടിയൊന്നുമെടുക്കാന്‍ എസ്.ആര്.എഫ്.ടി.ഐ തയ്യാറാകുന്നില്ലെന്ന് പരാതിക്കാരിലൊരാള്‍ പറഞ്ഞു. ദ ന്യൂസ് മിനുറ്റിനോട് (ടി.എന്‍.എം) സംസാരിക്കവേയാണ് അവര്‍ ഈ കാര്യം പറഞ്ഞത്.
2024 മെയിലാണ് പരാതിക്കാരി ഇന്റേണല്‍ കമ്മറ്റിയെ സമീപിച്ചിരുന്നത്. പരാതിയില്‍ ആദ്യ ഘട്ട അന്വേഷണം പൂര്‍ത്തിയായിതിന് ശേഷമായിരുന്നു ഇന്റേണല്‍ കമ്മറ്റിയെ സമീപിച്ചത്. പിന്നീട് രണ്ടം ഘട്ട അന്വേഷണം ഈ വര്‍ഷം മെയ് മാസത്തില്‍ പൂര്‍ത്തിയായതായാണ് വിവരം.
രണ്ടംഘട്ട അന്വേഷണത്തിന് ശേഷം ഇന്റേണല്‍ കമ്മിറ്റിയുടെ ഈ വിഷയത്തിലെ അന്തിമ റിപ്പോര്‍ട്ട് പുറത്ത് വന്നതായി മെയില്‍ ടി.എന്‍.എം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്റേണല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിക്കേണ്ടത് എസ്.ആര്.എഫ്.ടി.ഐ അധ്യക്ഷന്‍ സുരേഷ് ഗോപിയാണെന്നും ആ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉദ്യോഗസ്ഥന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടും അയാളെ മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സംഘാടക സമിതിയില്‍ ഉള്‍പ്പെടുത്തിയതായി ഏതാനും ദിവസം മുമ്പ് അറിയാന്‍ സാധിച്ചതായി പരാതിക്കാരി പറഞ്ഞതായി ടി.എന്‍.എം ഇന്നലെ പ്രസിദ്ധീകരിച്ച (ജൂലൈ എട്ട് – ബുധന്‍) റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉദ്യോഗസ്ഥന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടും സുരേഷ് ഗോപി എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും പരാതിക്കാരി ചോദിച്ചു. ഇന്റേണല്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ഇപ്പോള്‍ 60 ദിവസം പൂര്‍ത്തിയായതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
‘നിയമത്തില്‍ വിശ്വസിക്കുന്നതിനാലാണ് ലൈംഗിക പീഡനം ഞാന്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരു അതിജീവിതയെ സംരക്ഷിക്കാനായി നടപടിയെടുക്കുമെന്ന കാര്യത്തില്‍ എസ്.ആര്.എഫ്.ടി.ഐയിലെയും വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയത്തിലെയും അധികൃതരെ ഞാന്‍ വിശ്വസിച്ചു,’ എന്ന് അതിജീവിതയെ ഉദ്ധരിച്ച് ടി.എന്‍.എം റിപ്പോര്‍ട്ട് ചെയ്തു.
ഇന്റേണല്‍ കമ്മിറ്റി അയാളെ കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടും റിപ്പോര്‍ട്ടില്‍ അയാള്‍ക്കെതിരെ മറ്റ് ഗുരുതര പരാമര്‍ശങ്ങളുണ്ടായിട്ടും നിതി ഇപ്പോഴും തടയപ്പെട്ടിരിക്കുകയാണെന്നും അതിജീവിത പറഞ്ഞു.
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം (പി.ഒ.എസ്.എച്ച് ആക്ട്) പ്രകാരം ഇന്റേണല്‍ കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ച് 60 ദിവസത്തിനുള്ളില്‍ നടപടിയെടുക്കണം. എന്നാല്‍ ഈ സമയപരിധി കഴിഞ്ഞിട്ടും കേന്ദ്ര പെട്രോളിയം സഹമന്ത്രി കൂടിയായ സുരേഷ് ഗോപി അധ്യക്ഷനായ എസ്.ആര്.എഫ്.ടി.ഐ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
ബി.ജെ.പി നേതാവും നിലവില്‍ തൃശൂര്‍ എം.പിയുമായ നടന് സുരേഷ് ഗോപി 2023 മുതല്‍ എസ്.ആര്.എഫ്.ടി.ഐ അധ്യക്ഷനാണ്. ഉദ്യോഗസ്ഥനെതിരായ ലൈംഗിക പീഡന പരാതിയില്‍ അന്വേഷണം വൈകിപ്പിക്കാന്‍ സുരേഷ് ഗോപി ശ്രമിക്കുന്നതായി നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
Content Highlight: No action from SRFTI against top official who found guilty of sexual harassment: Survivor asks why Suresh Gopi hasn’t acted
റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.




