10
July, 2026

A News 365Times Venture

10
Friday
July, 2026

A News 365Times Venture

ട്രംപിന്റെ പ്രസ്താവനക്ക് പിറകെ ഇറാനെ വീണ്ടും ആക്രമിച്ച് യു.എസ്; വീണ്ടും ചര്‍ച്ച നടത്തി ഇറാനും ഖത്തറും

Date:



World


ട്രംപിന്റെ പ്രസ്താവനക്ക് പിറകെ ഇറാനെ വീണ്ടും ആക്രമിച്ച് യു.എസ്; വീണ്ടും ചര്‍ച്ച നടത്തി ഇറാനും ഖത്തറും

ടെഹ്‌റാന്‍: ഇറാനില്‍ വീണ്ടും യു.എസ് ആക്രമണങ്ങള്‍. ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്നുള്ള ഇറാനിയന്‍ നഗരങ്ങളിലാണ് ആക്രമണങ്ങള്‍ നടന്നതെന്ന് പശ്ചിമേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ ആരംഭിച്ചതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ (സെന്റ് കോം) പ്രസ്താവനയും പുറത്തുവന്നിരുന്നു.

‘കമാന്‍ഡര്‍ ഇന്‍ ചീഫിന്റെ നിര്‍ദേശം പ്രകാരം യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ഇറാനെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്,’ എന്ന് സെന്റ് കോം ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിലെ യാത്രാ സ്വാതന്ത്ര്യത്തെ ഭീഷണിപ്പെടുത്താനുള്ള ഇറാന്റെ ശേഷി കൂടുതല്‍ ദുര്‍ബലമാക്കാനാണ് പുതിയ ആക്രമണങ്ങളെന്നും സെന്റ്‌കോം പ്രസ്താവനയില്‍ പറഞ്ഞു.

ഹോര്‍മുസിലെ അന്താരാഷ്ട്ര സമുദ്ര പാതയിലെ കപ്പലുകള്‍ക്കെതിരെ അടുത്തിടെയുണ്ടായ അതിക്രമങ്ങളുടെ ഉത്തരവാദി ഇറാനാണെന്ന നിലപാടാണ് യു.എസിനെന്നും സെന്റ്‌കോമിന്റെ കുറിപ്പില്‍ പറയുന്നു.

‘യുദ്ധം നിര്‍ത്തിവെക്കാനുള്ള ഇടക്കാല കരാര്‍ അവസാനിച്ചു,’ എന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് യു.എസിന്റെ പുതിയ ആക്രമണങ്ങള്‍. കരാര്‍ അവസാനിച്ചെന്നും ഇറാനുമായുള്ള ചര്‍ച്ചകള്‍ സമയം പാഴാക്കലാണെന്നുമായിരുന്നു ട്രംപ് ഇന്നലെ പറഞ്ഞത്. ഇറാനെതിരെ ശക്തമായ ആക്രമണങ്ങള്‍ നടത്തുമെന്ന് ഇതിന് ശേഷം ഇന്നലെ രാത്രി ട്രംപ് പറഞ്ഞിരുന്നു. തുര്‍ക്കിയിലെ അങ്കാറയില്‍ നാറ്റോ ഉച്ചകോടിക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു ട്രംപ് ഈ കാര്യം പറഞ്ഞത്.

ഇറാന്റെ ബന്ദര്‍ അബ്ബാസ്, സിരിക്, ബുഷെഹ്ര്‍, സിരിക്, ജാസ്‌ക് നഗരങ്ങളിലും അബു മൂസ ദ്വീപിലും യു.എസ് ബോംബാക്രമണങ്ങളുണ്ടായതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ഷഹ്ര്‍ നഗരത്തില്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചബാഹാര്‍ നഗരത്തില്‍ തുറമുഖത്തിനും ഇലക്ട്രിസിറ്റി ഗ്രിഡിനും ആശുപത്രിക്കും നേര്‍ക്ക് ആക്രമണമുണ്ടായതായി ഇറാന്റെ പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു. ചബാഹാറിലും സമീപ നഗരമായ കൊനാരകിലും നഗരങ്ങളിലും താമസിക്കുന്നവര്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടെന്ന് പറഞ്ഞതായി ഇറാന്റെ തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രണ്ട് നഗരങ്ങളിലുമായി 10 തവണ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായാണ് പ്രദേശവാസികള്‍ പറയുന്നത്.

ചബാഹാറിലെ ബൈഹെഷ്തി തുറമുഖം, കലാന്‍താരി തുറമുഖം എന്നിവിടങ്ങളിലും വൈസല്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറിലും ആക്രമുണ്ടായതിയാ ഇറാന്റ് ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ ഐ.ആര്‍.ഐ.ബി റിപ്പോര്‍ട്ട് ചെയ്തു. ചബാഹാര്‍ തുറമുഖത്തെ വൈദ്യുതി ബന്ധം പകുതിയോളം നഷ്ടപ്പെട്ടതായും ഐ.ആര്‍.ഐ.ബി റിപ്പോര്‍ട്ട് ചെയ്തു.

ഇറാനിലെ അഖ് ഖലയില്‍ അഖ് തഖ ഖാന്‍ പാലത്തിന് നേര്‍ക്ക് യു.എസ് ക്രൂയിസ് മിസൈല്‍ ആക്രമണമുണ്ടായതായും ഈ ആക്രമണത്തിനെതിരെ തിരിച്ചടിയുണ്ടാകുമെന്നും ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ.ആര്‍.ജി.സി) പ്രതികരിച്ചതായി ഇറാന്റെ ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പാലത്തിന് നേര്‍ക്കുള്ള ആക്രമണത്തില്‍ ആളപായമൊന്നുമില്ല. ശക്തമായ തിരിച്ചടി യു.എസിന് നേര്‍ക്കുണ്ടാവുമെന്നും ഐ.ആര്‍.ജി.സി വ്യക്തമാക്കി.

അതേസമയം ഇറാന്‍ ആക്രമണങ്ങള്‍ നടത്തിയാല്‍ അതിനെതിരെ 20 മടങ്ങ് കടുത്ത തിരിച്ചടി നല്‍കുമെന്ന് ട്രംപ് പറഞ്ഞു. അങ്കാറയില്‍ നിന്ന് എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ കയറിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.എസിന്റ പുതിയ ആക്രമണങ്ങള്‍ക്കെതിരെ ഇറാന്‍ യു.എന്നില്‍ പ്രതിഷേധം അറിയിച്ചു. ഇറാന്റെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതക്കും നേര്‍ക്ക് യു.എസ് വീണ്ടും ആക്രമണം നടത്തുകയാണെന്ന് യു.എന്നിലെ ഇറാന്‍ പ്രതിനിധി അമീര്‍ സഈദ് ഇരാവാനി പറഞ്ഞു. യു.എന്‍ ചട്ടങ്ങളുടെ ലംഘനമാണ് ഈ ആക്രമണങ്ങളെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടെ ബഹ്‌റൈനില്‍ വ്യോമാക്രമണത്തിന്റെ സൈറണ്‍ മുഴങ്ങിയതായാണ് ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനങ്ങള്‍ സുരക്ഷിത ഇടങ്ങളിലേക്ക് മാറണമെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

ഇതിനിടെ, ഇറാന്‍ വിദേശ കാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബില്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍ താനിയും ഹോര്‍മുസ് അടക്കമുള്ള വിഷയങ്ങളില്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തി. ഇറാന്‍ സര്‍ക്കാര്‍ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ പങ്കുവച്ച കുറിപ്പിലാണ് ഈ കാര്യം അറിയിച്ചത്. യു.എസ് – ഇറാന്‍ സമാധാന ചര്‍ച്ചകളിലെ മധ്യസ്ഥരായിരുന്നു ഖത്തര്‍. പശ്ചിമേഷ്യന്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ നയതന്ത്രത്തിന്റെ വഴിയില്‍ നേരിടുന്നതിനന്റെ പ്രാധാന്യം ഇരു പക്ഷവും ചര്‍ച്ചയില്‍ ഉന്നയിച്ചതായും കുറിപ്പില്‍ പറയുന്നു.

Content Highlight: US Attacks on Iran; attack sirens in Bahrain




റെന്വര്‍ പി



കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related