16
July, 2026

A News 365Times Venture

16
Thursday
July, 2026

A News 365Times Venture

വഖഫ് ബോര്‍ഡ് പുനസംഘടനയില്‍ വഞ്ചന; ബി.ജെ.പിയുമായി നേരത്തെയുണ്ടാക്കിയ ഡീലിന്റെ ഭാഗമോ എന്ന് സി.പി.ഐ.എം

Date:



Kerala News


വഖഫ് ബോര്‍ഡ് പുനസംഘടനയില്‍ വഞ്ചന; ബി.ജെ.പിയുമായി നേരത്തെയുണ്ടാക്കിയ ഡീലിന്റെ ഭാഗമോ എന്ന് സി.പി.ഐ.എം

 

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് പുനസംഘടനയില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ.എം. ബി.ജെ.പിയുടെ വര്‍ഗീയ അജണ്ടയ്ക്കനുസരിച്ച് വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചുകൊള്ളാമെന്ന് ഹൈക്കോടതിയില്‍ നിലപാടെടുത്ത യു.ഡി.എഫ് സര്‍ക്കാര്‍, ന്യൂനപക്ഷങ്ങളോടും കേരളത്തിലെ മതനിരപേക്ഷ സമൂഹത്തോടും കടുത്ത വഞ്ചനയാണ് കാണിച്ചിരിക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ പറഞ്ഞു.

ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ് നല്‍കിയ ഹരജിയിലെ ആവശ്യം അനുസരിച്ച് വഖഫ് ബോര്‍ഡ് പുനസംഘടിപ്പിക്കാമെന്നാണ് യു.ഡി.എഫ് സര്‍ക്കാര്‍ കോടതിയില്‍ സമ്മതിച്ചിരിക്കുന്നത്. അധികാരത്തിലെത്തിയ ശേഷം സര്‍ക്കാര്‍ എടുക്കുന്ന നയപരമായ ഓരോ നിലപാടിലും സംഘപരിവാര്‍ അജണ്ട തെളിഞ്ഞുകാണുകയാണെന്നും സി.പി.ഐ.എം കുറ്റപ്പെടുത്തി.

കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന്റെ വഖഫ് നിയമഭേദഗതിക്കെതിരെ എല്‍.ഡി.എഫ് സര്‍ക്കാര്‍ നിയമസഭയില്‍ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍, അധികാരത്തില്‍ എത്തിയപ്പോള്‍ ബി.ജെ.പി അനുകൂല നിലപാടിലേക്ക് യു.ഡി.എഫ് എത്തിയത് എന്ത് ഡീലിന്റെ ഭാഗമായാണെന്ന് സി.പി.ഐ.എം ചോദിച്ചു.

മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള യു.ഡി.എഫ് ഘടകകക്ഷികള്‍ ഈ നിലപാട് അംഗീകരിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം. ഇത് സംബന്ധിച്ച് തങ്ങളുടെ നിലപാട് എന്താണെന്ന് ലീഗ് അടക്കമുള്ളവര്‍ ജനങ്ങളോട് തുറന്നുപറയാന്‍ തയ്യാറാകണം. ലീഗിനെ പിന്തുണയ്ക്കുന്ന സാമുദായിക സംഘടനകളും ഈ വിഷയത്തില്‍ അഭിപ്രായം പറയേണ്ടതുണ്ട്.

ബി.ജെ.പി നേതാവിന്റെ ഹരജിയോട് സര്‍ക്കാര്‍ യോജിക്കുന്നുണ്ടോ എന്ന ചീഫ് ജസ്റ്റിസിന്റെ ചോദ്യത്തിന്, യാതൊരു സംശയവുമില്ലാതെ സര്‍വ്വാത്മനാ പിന്തുണയ്ക്കുന്നു എന്നാണ് അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ മറുപടി നല്‍കിയത്. നേരത്തെ ബി.ജെ.പിയുമായി ഉണ്ടാക്കിയ ധാരണയുടെ തുടര്‍ച്ചയാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തിലും ഇപ്പോള്‍ പുറത്തുവരുന്നതെന്ന് വ്യക്തമാണെന്നും സി.പി.ഐ.എം ചൂണ്ടിക്കാട്ടി.

ആര്‍.എസ്.എസിന്റെ ദീര്‍ഘകാല അജണ്ടയുടെ ഭാഗമായി രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനും പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങളെ തള്ളിക്കൊണ്ടുമാണ് വഖഫ് നിയമഭേദഗതി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത്. അന്ന് അതിനെതിരെ പാര്‍ലമെന്റില്‍ ശക്തമായ നിലപാടെടുത്തത് സി.പി.ഐ.എമ്മും ഇടതുപക്ഷവുമാണ്.

എന്നാല്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അന്ന് കാഴ്ചക്കാരനായി നില്‍ക്കുകയാണ് ചെയ്തത്. പ്രിയങ്കാ ഗാന്ധിയാകട്ടെ സഭയില്‍ എത്തിയിട്ടുപോലുമില്ല. വഖഫ് ഭേദഗതി നിയമം ന്യൂനപക്ഷങ്ങളെ രണ്ടാംകിട പൗരന്മാരാക്കുമെന്ന് സി.പി.ഐ.എം എം.പിമാര്‍ പാര്‍ലമെന്റില്‍ ശക്തമായി വാദിച്ചു.

മധുരയില്‍ നടന്ന സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തുകൊണ്ടിരുന്ന പാര്‍ട്ടി എം.പിമാരെ അടിയന്തിരമായി പാര്‍ലമെന്റിലേക്ക് എത്തിച്ചാണ് അന്ന് നിയമഭേദഗതിക്കെതിരെ പ്രസംഗിപ്പിച്ചത്. അത്രമാത്രം ഗൗരവമുള്ള വിഷയമാണെന്ന് കണ്ടാണ് സി.പി.ഐ.എം പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തിയതും കേരള നിയമസഭയില്‍ പ്രമേയം കൊണ്ടുവന്നതുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന വഖഫ് ഭേദഗതി, ന്യൂനപക്ഷങ്ങളെ സഹായിക്കാനാണ് എന്ന പച്ചക്കള്ളമാണ് ബി.ജെ.പി പ്രചരിപ്പിച്ചത്. ന്യൂനപക്ഷങ്ങളെ സഹായിക്കലാണ് ലക്ഷ്യമെങ്കില്‍ ചുരുങ്ങിയത് നിര്‍ത്തലാക്കിയ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പെങ്കിലും പുനഃസ്ഥാപിക്കാനും രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ ബീഫിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ അവസാനിപ്പിക്കാനും ബി.ജെ.പി തയ്യാറുണ്ടോ എന്ന് സി.പി.ഐ.എം ചോദിച്ചു.

വഖഫ് നിയമഭേദഗതി എന്തിനായിരുന്നു എന്നത് മധ്യപ്രദേശില്‍ ബി.ജെ.പി നേതാവും മന്ത്രിയുമായ സന്‍വാര്‍ പട്ടേലിനെ ചെയര്‍മാനാക്കി വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചതോടെ വ്യക്തമായതാണ്. ഈ യാഥാര്‍ത്ഥ്യങ്ങള്‍ മുന്നിലുള്ളപ്പോഴാണ് യു.ഡി.എഫ് സര്‍ക്കാര്‍ യാതൊരു തത്വദീക്ഷയുമില്ലാതെ ബി.ജെ.പിക്ക് വഴങ്ങി ബോര്‍ഡ് പുനഃസംഘടിപ്പിക്കാമെന്ന് സമ്മതിച്ചിരിക്കുന്നത്. സംഘപരിവാര്‍ നിര്‍ദേശിക്കുന്ന ആളുകളെയാണോ ഇനി വഖഫ് ബോര്‍ഡില്‍ നിയമിക്കാന്‍ പോകുന്നത് എന്നാണ് അറിയേണ്ടതെന്നും സി.പി.ഐ.എം ആശങ്ക പ്രകടിപ്പിച്ചു.

വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ എല്ലാ മേഖലകളിലും ബി.ജെ.പിയെ പ്രീണിപ്പിക്കുകയാണ്. സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിക്കുന്നവരെ വൈസ് ചാന്‍സലര്‍മാരായും സിന്‍ഡിക്കേറ്റ് അംഗങ്ങളായും യു.ഡി.എഫ് സര്‍ക്കാര്‍ നിയമിക്കുന്നു.

കേന്ദ്ര പദ്ധതിയായ പി.എം ശ്രീ നടപ്പിലാക്കുന്നതിലും ബി.ജെ.പിക്ക് സര്‍ക്കാര്‍ പൂര്‍ണമായി വഴങ്ങി. ദേവസ്വം കേസുകള്‍ കൈകാര്യം ചെയ്യാനെന്ന പേരില്‍ ആര്‍.എസ്.എസ് പശ്ചാത്തലമുള്ളയാളെ പ്ലീഡറായി നിയമിച്ച സര്‍ക്കാര്‍, മറ്റ് നിയമകാര്യ തസ്തികകളിലും ബി.ജെ.പിക്കാര്‍ക്ക് യഥേഷ്ടം അവസരം നല്‍കുകയാണ്.

‘കേരളം ഭരിക്കുന്നത് ബി.ജെ.പിയാണോ’ എന്ന എ.ഐ.സി.സി നേതാവിന്റെ ചോദ്യം അനുദിനം അന്വര്‍ത്ഥമാക്കുകയാണ് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ചെയ്യുന്നത്.

വര്‍ഗീയതയ്ക്ക് സാഷ്ടാംഗം കീഴടങ്ങുന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ യഥാര്‍ത്ഥ മുഖം വഖഫ് ബോര്‍ഡ് വിഷയത്തിലെ പുതിയ നിലപാടിലൂടെ ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ തുറന്നുകാട്ടപ്പെട്ടിരിക്കുകയാണെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വിമര്‍ശിച്ചു.

 

Content Highlight: The CPIM has sharply criticized the government over the reorganization of the Waqf Board.

 




ആദർശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

പട്ടാഭിഷേകം കഴിഞ്ഞാല്‍ വാഗ്ദാനങ്ങള്‍ മറക്കുന്നത് രാജശീലം; രാജാവ് നഗ്‌നനെന്ന് പറയാന്‍ കുട്ടികള്‍ വേണം; മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍

  തിരുവനന്തപുരം: കെ.എസ്.യുവിനെ വിമര്‍ശിച്ച മുഖ്യമന്ത്രിയുടെ നിലപാടുകള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച്...